അമ്പമ്പോ ഇത് നാണക്കേട്; ഇത് മാനക്കേട് : ബില്ല് നല്‍കാന്‍ കാശില്ല മൂന്നാറില്‍ വിദേശ ടൂറിസ്റ്റ് ഹോട്ടലില്‍ നിന്ന് ഇറങ്ങിയോടി

നോട്ട് ക്ഷാമം മൂലം ഇന്ത്യയിലെത്തിയ വിനോദസഞ്ചാരികള്‍ ദുരിതത്തില്‍. ബാങ്കിലും കാര്‍ഡിലും കാശുണ്ടെങ്കിലും ഇത് മാറിയെടുക്കാന്‍ ഇവര്‍ക്ക് കഴിയുന്നില്ല. ഇതേ തുടര്‍ന്നാണ് ഭക്ഷണവും താമസവും കണ്ടെത്താന്‍ കഴിയാതെ വിനോദസഞ്ചാരികള്‍ ദുരിതത്തിലായത്. കഴിഞ്ഞ ദിവസം ഭക്ഷണം കഴിച്ച ശേഷം ഒരു വിദേശി ഹോട്ടലില്‍ നിന്നും ഇറങ്ങിയോടിയിരുന്നു. മൂന്നാറിലാണ് ഭക്ഷണം കഴിച്ചശേഷം യുഎസ് പൗരന്‍ ഹോട്ടലില്‍നിന്ന് ഇറങ്ങിയോടിയത്. ഭക്ഷണത്തിന്‍റെ വില നല്‍കാന്‍ കൈയില്‍ നോട്ടില്ലാത്തതിനെ തുടര്‍ന്നാണ് ഈ സാഹസം.

ഹോട്ടലുടമകള്‍ പിന്തുടര്‍ന്ന് പിടികൂടിയെങ്കിലും അക്കൗണ്ടുകളില്‍ പണം ഉണ്ടായിട്ടും അത് കൈയില്‍വെച്ച് പട്ടിണി കിടക്കേണ്ടി വന്ന നിസഹായവസ്ഥ വിവരിച്ചതോടെ സഞ്ചാരിയെ വിട്ടയച്ചു. അമേരിക്കയില്‍ നിന്നും നാട് ചുറ്റാനിറങ്ങുമ്പോള്‍ ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തില്‍ തനിക്ക് ഇങ്ങനെയൊരു ദുരിതം നേരിടേണ്ടി വരുമെന്ന് ആ 38കാരന്‍ ഒരിക്കലും കരുതിയിരുന്നില്ല. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് കൊച്ചിയിലാണ് ഇദ്ദേഹം ആദ്യം എത്തിയത്. രാജ്യാന്തര എടിഎം കാര്‍ഡ് കൈയിലുണ്ടെങ്കിലും പണമെടുക്കാന്‍ പോയ എടിഎം കൗണ്ടറുകളെല്ലാം കാലിയായിരുന്നു.

വിദേശ കറന്‍സി മാറാന്‍ സ്വകാര്യ ഏജന്‍സികളെ സമീപിച്ചെങ്കിലും അതും നടന്നില്ല. നോട്ട് പിന്‍വലിച്ചതിനെ തുടര്‍ന്നുണ്ടായ മഹത്തായ നേട്ടങ്ങള്‍ കാണിച്ച് മോദി സര്‍ക്കാര്‍ പത്രങ്ങളില്‍ ഫുള്‍പേജ് പരസ്യം നല്‍കുന്നതിനിടയിലാണ് ആഗോളതലത്തില്‍ ഇന്ത്യയെ നാണംകെടുത്തുന്ന ഈ സംഭവം. വരും ദിവസങ്ങളില്‍ പല വിനോദസഞ്ചാരികളും ഇന്ത്യയിലേക്കുളള സന്ദര്‍ശനം ഒഴിവാക്കുകയാണ്. ഇതോടെ വരും ടൂറിസം സീസണുകളെ ഇത് സാരമായി ബധിക്കുമെന്നുറപ്പ്.