സംസ്ഥാനത്ത് പൂട്ടിയ ബാറുകള്‍ തുറക്കേണ്ടിവരും; നോട്ട് പ്രതിസന്ധിയില്‍ നടുവൊടിഞ്ഞ സര്‍ക്കാര്‍ മദ്യനയം പൊളിച്ചെഴുതിയേക്കും

സാമ്പത്തിക വളര്‍ച്ചാ നിരക്ക് ഒറ്റ അക്കത്തിലേക്ക് അടുക്കുന്നു

-പി.എ.സക്കീര്‍ഹുസൈന്‍-

തിരുവനന്തപുരം: നികുതി വരുമാനം കുറഞ്ഞ് സാമ്പത്തിക പ്രതിസന്ധിയിലേക്ക് പോകുന്നതിനിടെ കേന്ദ്ര സര്‍ക്കാരിന്റെ നോട്ട് റദ്ദാക്കാല്‍ തീരുമാനം സംസ്ഥാനത്തെ ധനസ്ഥിതിയുടെ നടുവൊടിക്കുന്നു. നോട്ട് ക്ഷാമത്തെ തുടര്‍ന്ന് ഇക്കഴിഞ്ഞ മാസം മുന്‍മാസത്തേക്കാള്‍ 838.9 കോടി രൂപയുടെ നഷ്ടമാണ് റവന്യൂ വരുമാനത്തില്‍ സംസ്ഥാന സര്‍ക്കാരിനുണ്ടായത്. നിലവിലെ സ്ഥിതി തുടര്‍ന്നാണ് ഈ മാസം അവസാനത്തോടെ സര്‍ക്കാരിന്റെ ദൈനംദിനകാര്യങ്ങള്‍ പോലും അവതാളത്തിലാകും. ഈ അടിയന്തിരസാഹചര്യത്തില്‍ ബാറുകള്‍ തുറക്കുകയെന്ന പോംവഴി മാത്രമെ സര്‍ക്കാരിന് മുന്നിലുള്ളൂ.

നോട്ട് പ്രതിസന്ധിയെത്തുടര്‍ന്ന് ബിവറേജസ് ഔട്ട്ലെറ്റുകള്‍ വഴിയുള്ള വരുമാനത്തിലും വന്‍കുറവാണുണ്ടായത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 11,150 കോടി വരുമാനം നല്‍കിയ ബിവറേജസ് കഴിഞ്ഞമാസം 800 കോടിയുടെ വരുമാനനഷ്ടമുണ്ടാക്കി. നിലവിലെ നഷ്ടം പ്രതിദിനം അഞ്ച് കോടിയോളമാണെന്നാണ് വിലയിരുത്തല്‍ ഇങ്ങനെ പോയാല്‍ ഈ മാസം ആവസാനമുകുമ്പോഴേക്കും 1000 കോടി രൂപയുടെ നഷ്ടമുണ്ടാകുമെന്നാണ് വിലയിരുത്തല്‍. എ.ടി.എമ്മുകളില്‍ പണമില്ലാതായതോടെയാണ് ബിവറേജസിന് മുന്നില്‍ ക്യൂ നില്‍ക്കുന്നവരുടെ എണ്ണം കുത്തനെ കുറഞ്ഞതും വരുമാനനഷ്ടമുണ്ടാക്കിയതും. പ്ലാസ്റ്റിക് മണി സ്വീകരിക്കാനുള്ള സംവിധാനമില്ലാത്തതും അവ നടപ്പാക്കുന്നതിലെ പ്രായോഗക ബുദ്ധിമൂട്ടുകളുമാണ് ബിവറേജസിനെ ദിനംപ്രതി നഷ്ടത്തിലേക്ക് തള്ളി വിടുന്നത്. നവംബര്‍ എട്ടിന് 270 ബിവറേജസ് ഷോപ്പുകളില്‍ നിന്നുള്ള വിറ്റുവരവ് 28 കോടിയായിരുന്നു, എന്നാല്‍ പിറ്റേദിവസം ഇത് 18 കോടിയായെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

നോട്ട് ക്ഷാമം രൂക്ഷമായി തുടരുന്നതിനാല്‍ വ്യാപാര സ്ഥാപനങ്ങളിലെ വിറ്റുവരവ് കുത്തനെ ഇടിഞ്ഞു. ഇത് അടുത്തമാസത്തെ വാണിജ്യനികുതി പിരിവില്‍ വന്‍ കുറവുണ്ടാക്കുമെന്നാണു കണക്കാക്കുന്നത്. വളര്‍ച്ചനിരക്ക് എട്ടോ ഒന്‍പതോ ശതമാനത്തിലേക്കു താഴാന്‍ സാധ്യതയുണ്ടെന്നും വാണിജ്യ നികുതി വകുപ്പ് പറയുന്നു. വളര്‍ച്ചനിരക്ക് ഒറ്റയക്കത്തിലേക്ക് താഴ്ന്നാല്‍ അത് സംസ്ഥാനത്തിന്റെ സാമ്പത്തികസ്ഥിതി താറുമാറാക്കും. കഴിഞ്ഞ മാസം കറന്‍സി ഇല്ലാതിരുന്നതാണ് പ്രശ്നമെങ്കില്‍ ഇക്കുറി സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ പണമില്ലാത്തെ അവസ്ഥയടുണ്ടാകും. ക്രിസ്മസ് ആയതിനാല്‍ ഫെസ്റ്റിവല്‍ അലവന്‍സ് നല്‍കുന്ന പതിവും ഉപേക്ഷിക്കേണ്ട അവസ്ഥയിലാണ് സര്‍ക്കാര്‍.

ലോട്ടറി വരുമാനം ഒക്ടോബറില്‍ 735.33 കോടിയായിരുന്നത് നവംബറില്‍ 372.01 കോടി രൂപയായി ഇടിഞ്ഞു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 30 ശതമാനത്തിലേറെ നഷ്ടമാണുണ്ടായത്. മോട്ടോര്‍ വാഹന നികുതിലും 94.45 കോടി രൂപയുടെ കുറവുണ്ടായി. ഒക്ടോബറില്‍277.53 കോടി രൂപ ലഭിച്ചതു നവംബറില്‍ 183.08 കോടിയായി കുറഞ്ഞു. രജിസ്ട്രേഷന്‍, സ്റ്റാംപ് ഡ്യൂട്ടി ഇനങ്ങളില്‍ ലഭിച്ച വരുമാനവും നവംബറില്‍ ഗണ്യമായി കുറഞ്ഞു. 250.23 കോടിയില്‍നിന്ന് 151.08 കോടിയായാണ് ഇത് കുറഞ്ഞത്. 99.15 കോടിയുടെ നഷ്ടമാണ് ഒരു മാസത്തിനിടെ ഉണ്ടായത്. സംസ്ഥാനത്തിന് കോടികളുടെ നേട്ടമുണ്ടാക്കിത്തരുന്ന വിനോദസഞ്ചാരമേഖലയും പൂര്‍ണമായി സ്തംഭിച്ചു. മദ്യനിരോധനത്തിന് പിന്നാലെ കറന്‍സി ക്ഷാമം കൂടി വന്നതോടെ വിദേശ സഞ്ചാരികള്‍ ശ്രീലങ്ക, മാലി തുടങ്ങിയ ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് ചേക്കേറിയതാണ് സംസ്ഥാനത്തിന് തിരിച്ചടിയായത്.

ഈ സാഹചര്യത്തിലാണ് സംസ്ഥാനത്തിന്റെ റവന്യൂ വരുമാനം കൂട്ടാനുള്ള ഏക സാധ്യതയായി ബാറുകള്‍ മാറുന്നത്. യു.ഡി.എഫ് സര്‍ക്കാര്‍ ബാറുകള്‍ നിരോധിച്ചു കൊണ്ട് പുറത്തിറക്കിയ മദ്യനയം തുടര്‍ന്ന് അധികാരത്തിലെത്തിയ ഇടത് സര്‍ക്കാര്‍ ഇതുവരെ തിരുത്താന്‍ തയാറായിട്ടില്ല. എന്നാല്‍ ബാര്‍ തുറക്കുന്നതിന് സര്‍ക്കാര്‍ എതിരല്ലെന്ന തരത്തിലുള്ള പ്രസ്താവന വകുപ്പ് മന്ത്രിയും മുന്നണി പ്രതിനിധികളും പ്രകടിപ്പിച്ചിട്ടുണ്ട്. ഇടത് സര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷം അവരുടെ മദ്യനയം പ്രഖ്യാപിച്ചിട്ടില്ലെന്നതും നിലവിലെ സാമ്പത്തിക പ്രതിസന്ധി മുതലാക്കി ബാറുകള്‍ തുറക്കാനുള്ള സാധ്യതയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ആദ്യഘട്ടമെന്ന നിലയില്‍ ഫോര്‍ സ്റ്റാര്‍ ബാറുകള്‍ തുറന്നാല്‍ പോലും നികുതി വരുമാനത്തില്‍ കുതിച്ചുചാട്ടമുണ്ടാകുമെന്നാണ് വിലയിരുത്തല്‍. നൂറ്റി അന്‍പതോളം ഫോര്‍ സ്റ്റാര്‍ ബാറുകളാണ് സംസ്ഥാനത്ത് നിലവിലുള്ളത്. ഇവ തുറക്കുന്നതോടെ അനുബന്ധമേഖലകളില്‍ നിന്നുള്ള വരുമാനത്തിലും വര്‍ധനയുണ്ടാകും.

സംസ്ഥാന സര്‍ക്കാരിന് ഏറ്റവുമധികം ലാഭവിഹിതം കൈമാറിയിരുന്ന കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്‍ എന്ന കെ.എഫ്.സിയും ബാര്‍ പൂട്ടലിനെ തുടര്‍ന്ന് കടുത്ത പ്രതിസന്ധിയിലായിരിക്കുകയാണ്. ഇവിടെ നിന്ന് വായ്പയെടുത്ത ബാര്‍ ഉടമകള്‍ പണമടയ്ക്കാത്തതാണ് പ്രതിസന്ധിക്ക് കാരണം. ബാറുകള്‍ പൂട്ടിയതിനെ തുടര്‍ന്ന് ബാറുടമകള്‍ 800 കോടിയോളം രൂപയുടെ കുടിശികയാണ് വരുത്തിയിരിക്കുന്നത്. കെ.എഫ്.സിയുടെ തളര്‍ച്ചയും സര്‍ക്കാരിനെ സാമ്പത്തികമായി തകര്‍ത്തിട്ടുണ്ട്.