മലപ്പുറത്ത് യുവാവ് ആത്മഹത്യ ചെയ്ത സംഭവം: മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

മലപ്പുറം: മലപ്പുറത്ത് ഗുണ്ടകള്‍ തടഞ്ഞുവെച്ച യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. ഉടന്‍ റിപ്പോര്‍ട്ട് നല്‍കാന്‍ മലപ്പുറം എസ്പിക്ക് മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദേശം നല്‍കി. ഈ മാസം 18ന് നടക്കുന്ന സിറ്റിങ്ങില്‍ കേസ് പരിഗണിക്കും.

മലപ്പുറം കുറ്റിപ്പാല സ്വദേശി മുഹമ്മദ് സാജിദാണ് മരിച്ചത്. യുവാവിനെ ആള്‍ക്കൂട്ടം കെട്ടിയിട്ട് ആക്രമിച്ചിരുന്നു. കെട്ടിയിട്ട് മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ വാട്‌സ്ആപ്പില്‍ പ്രചരിപ്പിച്ചു. രാത്രി സംശയകരമായ സാഹചര്യത്തില്‍ കണ്ടെന്ന് ആരോപിച്ചായിരുന്നു അക്രമം.

കഴിഞ്ഞ 27നാണ് യുവാവിനെ ആള്‍ക്കൂട്ടം അക്രമിച്ചത്. ബലപ്രയോഗത്തിലുടെ സാജിദിനെ കെട്ടിയിട്ട ശേഷം ആക്രമിക്കുകയായിരുന്നു. ആക്രമണത്തിന് ശേഷം ദൃശ്യങ്ങള്‍ വാത്സാപ്പില്‍ പ്രചരിപ്പിച്ചു. ഇതില്‍ മനം നൊന്താണ് യുവാവ് ആത്മഹത്യചെയ്തതെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. പണിക്കര്‍ പടി സ്വദേശിയാണ് സാജിത്.

വെള്ളിയാഴ്ച രാത്രിയാണ് ഇയാളെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. വീടിനുള്ളില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയ ഉടനെ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മമ്മാലിപ്പടിയെന്ന സ്ഥലത്ത് രാത്രി സാജിദിനെ ദുരൂഹ സാഹചര്യത്തില്‍ കണ്ടെന്നാരോപിച്ചായിരുന്നു മര്‍ദ്ദനം.

ഇയാളുടെ കയ്യും കാലും കെട്ടിയിട്ട നിലയിലുള്ള ചിത്രങ്ങള്‍ വാട്‌സാപ് വഴി പ്രചരിച്ചിരുന്നു. യുവാവ് ലഹരിക്കടിമയാണെന്നും പ്രചരണം നടത്തിയിരുന്നു. ഇതില്‍ മനം നൊന്താണ് ആത്മഹത്യ. നാട്ടുകാരുടെ മര്‍ദ്ദനത്തിരയായ യുവാവിനെ പൊലീസെത്തിയാണ് മോചിപ്പിച്ചത്.

അതേസമയം പൊലീസ് യുവാവിനെ മര്‍ദ്ദിച്ചവവര്‍ക്കെതിരെ നടപടിയെടുത്തിട്ടില്ലെന്ന് ബന്ധുക്കള്‍ ആരോപിച്ചു. സാജിദിന് പരിചയമുള്ളവരാണ് ആക്രമിച്ചതെന്ന് സഹോദരന്‍ പറഞ്ഞു. സാജിദിന്റെ ആത്മഹത്യാ കുറിപ്പ് ബന്ധുക്കള്‍ പൊലീസിന് കൈമാറി. അക്രമികളുടെ പേര് വിവരങ്ങള്‍ ഇതിലുണ്ടെന്ന് ബന്ധുക്കള്‍ വെളിപ്പെടുത്തി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ