കാലാവധി പൂര്‍ത്തിയാകുന്നതിന് മുന്‍പ് നിയമസഭ പിരിച്ചുവിടാന്‍ നീക്കം

ഹൈദരബാദ്: കാലാവധി പൂര്‍ത്തിയാക്കാന്‍ കാക്കാതെ തെലങ്കാന നിയമസഭ പിരിച്ചുവിടാന്‍ നീക്കം. മധ്യപ്രദേശ്, രാജസ്ഥാന്‍, ചത്തീസ്ഗഢ്, മിസോറാം നിയമസഭാ തിരഞ്ഞെടുപ്പിനൊപ്പം തെലങ്കാനയിലും നിയമസഭാ തിരഞ്ഞെടുപ്പിന് കളമൊരുക്കാനായി കാലാവധി തികയ്ക്കാതെ നിയമസഭ പിരിച്ചുവിടാന്‍ മുഖ്യമന്ത്രി തീരുമാനിച്ചതായാണ് റിപ്പോര്‍ട്ട്. ഞായറാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് മന്ത്രിസഭാ യോഗം ചേരും. അതിന് ശേഷം ഉച്ചതിരിഞ്ഞ് വന്‍ജനാവലിയെ പങ്കെടുപ്പിച്ച് സംഘടിപ്പിച്ചിരിക്കുന്ന പൊതുയോഗത്തില്‍ തീരുമാനം മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവു പ്രഖ്യാപിച്ചേക്കും.

രംഗറെഡ്ഡി ജില്ലയില്‍ 2000 ഏക്കര്‍ സ്ഥലത്താണ് യോഗം സംഘടിപ്പിച്ചിരിക്കുന്നത്. പാര്‍ട്ടി നേതാവില്‍ നിന്ന് സുപ്രധാന രാഷ് ട്രീയ പ്രഖ്യാപനം പ്രതീക്ഷിക്കാമെന്ന് മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിന്റെ മകനും ഐടി മന്ത്രിയുമായ കെ.ടി രാമറാവു എന്‍ഡിടിവിയെ അറിയിച്ചു.

2019 മെയ് വരെ ടിആര്‍എസ് സര്‍ക്കാരിന് കാലാവധിയുണ്ട്. കഴിഞ്ഞ തവണ പൊതുതിരഞ്ഞെടുപ്പിനൊപ്പമാണ് തെലങ്കാനയിലും നിയമസഭാ തിരഞ്ഞെടുപ്പ് നടന്നത്. സപ്തംബര്‍ രണ്ട് തെലങ്കാന തെലങ്കാന സംസ്ഥാനം രൂപവത്കരിച്ചതിന്റെ നാലാം വാര്‍ഷികമാണ്. നാല് വര്‍ഷത്തെ ഭരണനേട്ടങ്ങള്‍ വച്ച് വീണ്ടും ജയിച്ചുവരാമെന്നാണ് പാര്‍ട്ടി കണക്കുകൂട്ടുന്നത്.

ടിആര്‍എസിന്റെ നീക്കം തിരിച്ചറിഞ്ഞ് ബിജെപി അധ്യക്ഷന്‍ അമിത് ഷായും സംസ്ഥാന പാര്‍ട്ടി നേതാക്കളുടെ യോഗം വിളിച്ചു. നിയമസഭ പിരിച്ചുവിട്ടേക്കുമെന്ന ഊഹാപോഹങ്ങള്‍ക്കിടെ കഴിഞ്ഞ ആഴ്ച ഡല്‍ഹിയിലെത്തി ചന്ദ്രശേഖര റാവു പ്രധാനമന്ത്രിയുമായും ആഭ്യന്തരമന്ത്രിയുമായും കൂടിക്കാഴ്ച നടത്തിയിരുന്നു.