രാഷ്ട്രീയത്തില്‍ പ്രവേശിച്ച സമയം സിനിമയില്‍ അവസരങ്ങള്‍ ലഭിച്ചു;സല്‍മാനൊപ്പമുള്ള ചിത്രം വേണ്ടെന്ന് വെച്ചു: ശശി തരൂര്‍

സൂപ്പര്‍സ്റ്റാര്‍ സല്‍മാന്‍ ഖാനോടൊപ്പം അഭിനയിക്കാനുള്ള അവസരം വേണ്ടെന്ന് വെച്ച് ശശി തരൂര്‍. വിദേശകാര്യ മന്ത്രിയുടെ വേഷത്തിലേക്കായിരുന്നു തനിക്ക് ക്ഷണം ലഭിച്ചതെന്നും ശശി തരൂര്‍ പറഞ്ഞു. ആമിര്‍ ഖാനും സല്‍മാന്‍ ഖാനും അഭിനയിച്ച ‘അന്ദാസ് അപ്നാ അപ്നാ’ എന്ന ചിത്രത്തിലേക്ക് വന്ന ഓഫറിനെക്കുറിച്ച് ജാനീസ് സെക്ക്യുറയുടെ അഭിമുഖത്തില്‍ വന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

ആ സിനിമയില്‍ അഭിനയിച്ചത് താനല്ലെന്നും, ചിത്രം പ്രദര്‍ശനത്തിനെത്തിയപ്പോഴേക്കും താന്‍ യുണൈറ്റഡ് നേഷന്‍സില്‍ ജോലി ചെയ്തു തുടങ്ങിയിരുന്നെന്നും അദ്ദേഹം പറഞ്ഞു.’സല്‍മാന്‍ ഖാന്‍ നായകനായ ഒരു പ്രശസ്ത സംവിധായകന്റെ ചിത്രത്തിലേയ്ക്കായിരുന്നു അവസരം ലഭിച്ചത്. വിദേശകാര്യ മന്ത്രിയായി അഭിനയിക്കാനായിരുന്നു അവര്‍ എന്നെ വിളിച്ചത്. എന്നാല്‍ എന്റെ നല്ലവരായ സുഹൃത്തുക്കള്‍ പറഞ്ഞു നിങ്ങള്‍ക്ക് വിദേശകാര്യമന്ത്രിയാകണം എന്നുണ്ടെങ്കില്‍, വിദേശകാര്യമന്ത്രിയായി അഭിനയിക്കാതിരിക്കുക എന്ന്. അതില്‍ കാര്യമുണ്ടെന്ന് എനിക്കും തോന്നി, അതുകൊണ്ട് ഞാന്‍ ആ ക്ഷണം വേണ്ടെന്നു വച്ചു’. ശശി തരൂര്‍ പറഞ്ഞു.

Image result for shashi tharoor salman

മാത്രമല്ല, ആ ചിത്രത്തില്‍ അഭിനയിച്ച ആളാരാണെന്ന് താന്‍ കണ്ടെത്തിയെന്നും ശശി തരൂര്‍ വ്യക്തമാക്കി. ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ് മരിച്ചു പോയ ഒരു ഗുജറാത്തി നടനായിരുന്നു അദ്ദേഹം. താന്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വന്ന കാലം മുതല്‍ സിനിമയില്‍ നിന്നും അവസരങ്ങള്‍ ലഭിക്കാന്‍ തുടങ്ങിയെന്നും, എന്നാല്‍ താന്‍ യുവാവും സുന്ദരനുമായിരുന്ന കാലത്ത് എന്തുകൊണ്ടാണ് ആരും സിനിമയിലേക്ക് ക്ഷണിക്കാതിരുന്നതെന്നും അദ്ദേഹം ആശ്ചര്യപ്പെട്ടു.