ധനകാര്യവകുപ്പ് പ്രതികാരത്തോടെ പെരുമാറുന്നു – ജേക്കബ് തോമസ്

തനിക്കെതിരെ ധനകാര്യവകുപ്പ് സെക്രട്ടറി ഡോ. കെ.എം. ഏബ്രഹാം പ്രതികാര മനോഭാവത്തോടെ പെരുമാറുന്നു എന്നു കാണിച്ച് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും കത്തയച്ചു. ഈ മാസം എട്ടാം തീയതിയാണ് അദ്ദേഹം കത്തയച്ചത്.

letter-to-cm

താന്‍ മുമ്പ് ജോലി ചെയ്ത വകുപ്പുകളില്‍ ധനകാര്യ പരിശോധനാ വിഭാഗം തന്നെ അഴിമതിക്കാരനായി ചിത്രീകരിക്കാന്‍ വളരെ ബോധപൂര്‍വ്വം അന്വേഷണം നടത്തുകയാണെന്ന് ആരോപിക്കുന്നു. പോര്‍ട്ട് ഡയറക്ടര്‍ എന്ന നിലയില്‍ ജേക്കബ് തോമസ് കൈകാര്യം ചെയ്ത ഫയലുകളാണ് ധനകാര്യ ഇന്‍സ്സെക്ഷന്‍ വിംഗ് പരിശോധിക്കുന്നത്. ധനകാര്യ സെക്രട്ടറി ഡോ. കെ.എം. എബ്രഹാം അനധികൃത സ്വത്ത് സമ്പാദിച്ചു എന്ന പരാതിയില്‍ വിജിലന്‍സ് അന്വേഷണം നടത്തിയിരുന്നു. ഇതിന്റെ ഭാഗമായി വിജിലന്‍സ് എബ്രഹാമിന്റെ ഫ്ളാറ്റില്‍ റെയ്ഡും നടത്തിയിരുന്നു.
എബ്രഹാം ഇതിനെതിരെ മുഖ്യമന്ത്രിയ്ക്ക് പരാതിയും നല്‍കിയിരുന്നു.
പോര്‍ട്ട് വകുപ്പില്‍ ധനകാര്യ വകുപ്പ് നടത്തുന്ന പരിശോധന മറ്റ് വകുപ്പുകളിലേക്ക് എന്തു കൊണ്ട് നടത്തുന്നില്ലായെന്നും ജേക്കബ് തോമസ് തന്റെ കത്തില്‍ ചോദിക്കുന്നു.

പ്രതികാര ബുദ്ധിയോടും സ്ഥാപിത താല്‍പര്യത്തോടും ധനകാര്യ പരിശോധന വിഭാഗം നടത്തുന്ന അന്വേഷണത്തെക്കുറിച്ച് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുന്നു എന്ന കുറിപ്പോടെയാണ് ജേക്കബ് തോമസ് കത്തവസാനിപ്പിക്കുന്നത്.