ടെലിഫോണ്‍ എക്സ്ചേഞ്ച്കേസ് മാരന്‍ സഹോദരങ്ങള്‍ക്കെതിരെ കുറ്റപത്രം.

സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് സജ്ജീകരിച്ച് സര്‍ക്കാരിന് സാമ്പത്തിക നഷ്ടമുണ്ടാക്കിയ കേസില്‍ മുന്‍ കേന്ദ്ര ടെലികോം മന്ത്രി ദയാനിധി മാരനും സഹോദരന്‍ കലാനിധി മാരനും എതിരേ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. സിബിഐ കേസുകള്‍ പരിഗണിക്കുന്ന ചെന്നൈയിലെ പ്രത്യേക കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്.

ദയാനിധി മാരന്റെ മുന്‍ പേഴ്‌സണല്‍ സെക്രട്ടറി, ബിഎസ്എന്‍എല്‍ കമ്പനിയിലെ രണ്ട് ചീഫ് ജനറല്‍ മാനേജര്‍മാര്‍, സണ്‍ ടിവി ഉന്നതര്‍ തുടങ്ങിയവരും കേസില്‍ പ്രതികളാണ്. സര്‍ക്കാരിന് 1.78 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് കേസ്. 2004-2006 കാലഘട്ടത്തില്‍ ദയാനിധി മാരന്റെ ചെന്നൈ ഗോപാലപുരത്തെ വസതിയില്‍ 364 ടെലിഫോണ്‍ ലൈനുകള്‍ സ്ഥാപിച്ചതായി സിബിഐ കണ്ടെത്തിയിരുന്നു. സഹോദരന്റെ സണ്‍ ടിവിയുടെ ഉപയോഗത്തിനായിട്ടായിരുന്നു ഇവ സ്ഥാപിച്ചത്.

2006 ഡിസംബര്‍ മുതല്‍ 2007 സെപ്തംബര്‍ വരെ അവന്യൂ ബോട്ട് ക്ലബ്ബ് റോഡിലെ ദയാനിധി മാരന്റെ പുതിയ വസതിയിലും മുന്നൂറിലധികം ടെലിഫോണ്‍ കണക്ഷനുകള്‍ സ്ഥാപിച്ചിരുന്നു. ഇവിടെ പല നമ്പരുകളില്‍ ഉണ്ടായിരുന്ന പത്ത് പോസ്റ്റ് പെയ്ഡ് മൊബൈല്‍ കണക്ഷനുകളില്‍ ഒന്‍പതും സണ്‍ ടിവിയുടെ ഓഫീസിലേക്ക് നല്‍കിയിരുന്നതായും മന്ത്രിയുടെ വാക്കാലുളള ഉത്തരവിന്റെ അടിസ്ഥാനത്തിലായിരുന്നു ഇതെന്നും സിബിഐ കണ്ടെത്തിയിരുന്നു.

സേവനരീതിയില്‍ നല്‍കിയിരുന്ന കണക്ഷനില്‍ നിന്നും ഒരിക്കലും ബില്ല് ഈടാക്കിയിരുന്നില്ല. സണ്‍ടിവിക്ക് ആവശ്യമായ വീഡിയോ, ഓഡിയോ ഫയലുകള്‍ ഉള്‍പ്പെടെ കൈമാറിയിരുന്നത് ഈ കണക്ഷനുകള്‍ ഉപയോഗിച്ചായിരുന്നുവെന്നും സിബിഐ കണ്ടെത്തിയിരുന്നു. 2013 ലാണ് സിബിഐ ഇത് സംബന്ധിച്ച കേസ് രജിസ്റ്റര്‍ ചെയ്തത്. അഴിമതി നിരോധന നിയമത്തിലെയും ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെയും വകുപ്പുകളാണ് പ്രതികള്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്.