രാജ്യാന്തര ക്രിമിനല്‍ കോടതിക്കെതിരെ യുഎസ്; പൗരന്മാര്‍ക്കെതിരെയുള്ള അന്വേഷണം തടയും

വാഷിങ്ടണ്‍: രാജ്യാന്തര ക്രിമിനല്‍ കോടതിക്കെതിരെ യുഎസ്. അഫ്ഗാനിസ്ഥാനില്‍ യുഎസ് സൈനികരും രഹസ്യാന്വേഷണ വിഭാഗത്തിലുള്ളവരും നടത്തിയ യുദ്ധക്കുറ്റങ്ങള്‍ സംബന്ധിച്ച് അന്വേഷണം നടത്താന്‍ ഹേഗ് ആസ്ഥാനമായ രാജ്യാന്തര ക്രിമിനല്‍ കോടതി ആലോചിക്കുന്നുവെന്ന വിവരമാണു ഡോണള്‍ഡ് ട്രംപ് ഭരണകൂടത്തെ ചൊടിപ്പിച്ചത്. ദേശീയ സുരക്ഷ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ടണ്‍ വാഷിങ്ടണില്‍ ഇതു സംബന്ധിച്ച് പ്രഖ്യാപനം നടത്തുമെന്നാണു സൂചന.

കോടതിവിചാരണയില്‍ നിന്നു യുഎസ് പൗരന്മാരെയും സഖ്യകക്ഷികളുടെ പൗരന്മാരെയും സംരക്ഷിക്കുമെന്ന നിലപാട് ട്രംപ് ഭരണകൂടം സ്വീകരിക്കുമെന്നു വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ടു ചെയ്തു. അന്വേഷണത്തിനുള്ള തീരുമാനവുമായി മുന്നോട്ടു പോയാല്‍ രാജ്യാന്തര ക്രിമിനല്‍ കോടതിയിലെ ന്യായാധിപന്മാരും അഭിഭാഷകരും യുഎസില്‍ പ്രവേശിക്കുന്നതിനു വിലക്കേര്‍പ്പെടുത്തുമെന്നും യുഎസില്‍ അവര്‍ക്കുള്ള നിക്ഷേപങ്ങള്‍ക്ക് ഉപരോധമേര്‍പ്പെടുത്തുമെന്നും യുഎസ് കോടതിയില്‍ വിചാരണ നേരിടേണ്ടി വരുമെന്നുമാണു ഭീഷണി.

വിചാരണ നേരിടുന്നതിനു യുഎസ് പൗരന്മാരെ രാജ്യാന്തര കോടതിക്കു കൈമാറില്ലെന്ന് ഉറപ്പു വരുത്താന്‍ ഉഭയകക്ഷി കരാറുകള്‍ക്കും യുഎസ് ആലോചിക്കുന്നുണ്ട്.
രാജ്യാന്തര കോടതിയുമായി സഹകരിക്കില്ലെന്നും സഹായം നല്‍കില്ലെന്നുമുള്ള നിസപാട് യുഎസ് സ്വീകരിക്കുമെന്നും സൂചനയുണ്ട്. ഇസ്രയേല്‍ നടത്തുന്ന അതിക്രമങ്ങളെക്കുറിച്ചു പൂര്‍ണ അന്വേഷണം വേണമെന്നാവശ്യപ്പെട്ടു പലസ്തീന്‍ രാജ്യാന്തര ക്രിമിനല്‍ കോടതിയെ സമീപിച്ച സാഹചര്യത്തില്‍ പലസ്തീന്‍ വിമോചന സംഘടനയുടെ (പിഎല്‍ഒ) വാഷിങ്ടണിലെ ഓഫീസ് അടച്ചുപൂട്ടുന്ന കാര്യത്തിലും ജോണ്‍ ബോള്‍ടണ്‍ പ്രഖ്യാപനം നടത്തിയേക്കും.