പ്രളയക്കെടുതിയില്‍ ഉണ്ടായത് 40,000 കോടിയുടെ നാശനഷ്ടം; കേന്ദ്രം 1000 കോടി നല്‍കി

തിരുവനന്തപുരം: പ്രളയദുരിതാശ്വാസത്തിനുള്ള നിവേദനം ഉടന്‍ കേന്ദ്രത്തിന് നല്‍കുമെന്ന് മന്ത്രി ഇ.പി ജയരാജന്‍. കേന്ദ്രത്തിന് നല്‍കേണ്ട നിവേദനം തയ്യാറാക്കി കഴിഞ്ഞു. അതില്‍ കാലതാമസം ഉണ്ടായിട്ടില്ല. നഷ്ടം കണക്കാക്കുന്ന റിപ്പോര്‍ട്ട് ഇന്ന് വൈകീട്ടോടെ തയ്യാറാക്കുമെന്നും മന്ത്രി പറഞ്ഞു.

പ്രളയംമൂലം 40,000 കോടിയുടെ നഷ്ടം ഉണ്ടായിട്ടുണ്ട്. ഇതുവരെയുള്ള ഏകദേശ കണക്കാണിത്. ഇനിയും കൂടാന്‍ സാധ്യതയുണ്ടെന്നും ഇ.പി ജയരാജന്‍ പറഞ്ഞു. വെള്ളം കയറി വീട് നശിച്ചവര്‍ക്ക് ഈ മാസം 25 മുതല്‍ വായ്പ നല്‍കിത്തുടങ്ങും. കുടുംബശ്രീ വഴി ഒരു ലക്ഷം രൂപയാണ് നല്‍കുകയെന്നും ഇ.പി ജയരാജന്‍ പറഞ്ഞു. പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ആസൂത്രണ ബോര്‍ഡ് വെബ് പോര്‍ട്ടല്‍ തയാറാക്കുമെന്നും മന്ത്രി അറിയിച്ചു.