ജലന്ധര്‍ ബിഷപ്പിന് നോട്ടീസ് അയച്ചു; സെപ്റ്റംബര്‍ 19ന് അന്വേഷണ സംഘത്തിന് മുമ്പില്‍ ഹാജരാകണമെന്ന് വിജയ് സാക്കറെ

കൊച്ചി: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് നോട്ടീസ് അയച്ചതായി ഐജി വിജയ് സാക്കറെ. സെപ്റ്റംബര്‍ 19ന് ബിഷപ്പ് ഹാജരാകണമെന്നാണ് നോട്ടീസില്‍ വ്യക്തമാക്കുന്നത്. വൈക്കം ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് ബിഷപ്പിനെ ചോദ്യം ചെയ്യുക.

മൊഴികളില്‍ വ്യക്തത വന്നാല്‍ മാത്രമെ ശക്തമായ കുറ്റപത്രം നല്‍കാന്‍ സാധിക്കുകയുള്ളുവെന്ന് വിജയ് സാക്കറെ പറഞ്ഞു. കന്യാസ്ത്രീയുടേയും ബിഷപ്പിന്റെയും മൊഴികളിലെ വൈരുദ്ധ്യമാണ് അന്വേഷണം നീണ്ടുപോകാന്‍ കാരണമായത്. പരാതിക്കാരിക്ക് ആവശ്യമായ സുരക്ഷ ഉറപ്പാക്കുമെന്നും ഐജി വിജയ് സാക്കറെ പറഞ്ഞു.

തെളിവുകള്‍ എല്ലാം ശേഖരിച്ച ശേഷമെ കേസില്‍ തുടര്‍നടപടികള്‍ ഉണ്ടാവുകയുള്ളൂവെന്നും ഐജി പറഞ്ഞു. വൈരുദ്ധ്യമുള്ള കാര്യങ്ങള്‍ പരിശോധിച്ച് വരുന്നതേയുള്ളൂ. വൈരുദ്ധ്യങ്ങള്‍ പരിഹരിക്കാതെ അറസ്റ്റിന് ശ്രമിച്ചാല്‍ അത് ബിഷപ്പിന് അനുകൂലമായി മാറും. അന്വേഷണം ശരിയായ രീതിയില്‍ തന്നെയാണ് നടക്കുന്നത്. ഒരു തരത്തിലും വൈകിയിട്ടില്ല. ഒരുപാട് കാലങ്ങള്‍ക്ക് മുമ്പ് നടന്ന കേസായതിനാല്‍ തന്നെ തെളിവുകള്‍ കൃത്യമായി ശേഖരിക്കേണ്ടതുണ്ടെന്നും ഐ.ജി പറഞ്ഞു.