കുട്ടികളെ തട്ടിക്കൊണ്ടുപോകല്‍ വാര്‍ത്ത; ഏറെയും വാസ്തവവിരുദ്ധമെന്ന് ഡി.ജി.പി

കുട്ടികളെ തട്ടികൊണ്ടു പോകുന്നുവെന്ന വാര്‍ത്തകളില്‍ ഏറെയും അതിശയോക്തി കലര്‍ന്നതും വസ്തുതാവിരുദ്ധവുമെന്ന് ഡിജിപി ലോകനാഥ് ബെഹറ. ഇത്തരം വാര്‍ത്തകളില്‍ അമ്മമാര്‍ ആശങ്കാകുലരാകേണ്ട കാര്യമില്ല. ഇത്തരത്തിലുളള സംഭവങ്ങള്‍ ശ്രദ്ധയില്‍പെട്ടപ്പോള്‍ തന്നെ പോലീസിനോട് വിശദമായ അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും സ്റ്റേറ്റ് പോലീസ് ചീഫ് കേരള എന്ന ഫെയ്സ് ബുക്ക് പേജില്‍ ഡിജിപി എഴുതി. നിജസ്ഥിതി മനസിലാക്കാതെ ഈ വാര്‍ത്തകള്‍ ഷെയര്‍ ചെയ്യരുത്. സ്ത്രീകളുടേയും കുട്ടികളുടേയും സുരക്ഷയ്ക്ക് മുന്തിയ പരിഗണനയാണ് സര്‍ക്കാരും പോലീസും നല്‍കിവരുന്നത്. നഗരങ്ങളില്‍ പിങ്ക് പട്രോള്‍ സംവിധാനം തിരുവനന്തപുരത്തും കൊച്ചിയിലും ആരംഭിച്ചത് കോഴിക്കോട്ടും കണ്ണൂരും കൂടി ഉടന്‍തന്നെ നടപ്പില്‍വരും. ബസ് സ്റ്റോപ്പുകളിലും പൊതു സ്ഥലങ്ങളിലും വനിതാ പോലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ ബീറ്റ് സംവിധാനം, ഷാഡോ പോലീസ് നിരീക്ഷണം എന്നിവ നിലവിലുണ്ട്. ഇവ കൂടുതല്‍ ശക്തമാക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും ഡിജിപി പറയുന്നു. കുട്ടികളെ തട്ടികൊണ്ട് പോകുന്നത് സംബന്ധിച്ച് നിജസ്ഥിതി അറിയിക്കണമെന്നുളള കണ്ണൂരില്‍ നിന്നുള്ള നിഷാനയുടെ സന്ദേശത്തിന് മറുപടിയായാണ് ഡിജിപിയുടെ ഫെയ്സ് ബുക്ക് പോസ്റ്റ്.

ഡി.ജി.പിയുടെ പോസ്റ്റിന്‍റെ പൂര്‍ണ്ണ രൂപം വായിക്കാം –

പ്രിയ സഹോദരി ശ്രീമതി നിഷാനയ്ക്ക്,

കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നതായ സംഘങ്ങളെപ്പറ്റിയുള്ള നിരവധി വാര്‍ത്തകള്‍ ഈയിടെയായി വരുന്നുണ്ടെന്നും അതില്‍ ഭയചകിതരും ഏറെ ആശങ്കാകുലരുമാണ് അമ്മമാരെന്നും ഇതിന്റെ നിജസ്ഥിതി അറിയിക്കണമെന്നുള്ള കണ്ണൂരില്‍ നിന്നുള്ള ശ്രീമതി നിഷാനയുടെ സന്ദേശം സോഷ്യല്‍ മീഡിയയില്‍ കണ്ടു. കുഞ്ഞു സഹോദരി നിഷാനയോടും മറ്റ് അമ്മമാരോടും ആദ്യമേ തന്നെ പറയട്ടെ – ഇക്കാര്യത്തില്‍ അമ്മമാര്‍ ഒട്ടും ഭയപ്പെടേണ്ട സാഹചര്യം നിലവിലില്ല. ഇത്തരം സംഭവങ്ങള്‍ സംബന്ധിച്ച വാര്‍ത്തകള്‍ വന്നപ്പോള്‍ തന്നെ ഇതേക്കുറിച്ച് മലപ്പുറത്തും കണ്ണൂരിലും മറ്റു ജില്ലകളിലുമെല്ലാം എന്റെ നിര്‍ദ്ദേശ പ്രകാരം പോലീസ് വിശദമായി അന്വേഷണം നടത്തിയിരുന്നു. ഇത്തരത്തില്‍ വരുന്ന പല വാര്‍ത്തകളും വസ്തുതാ വിരുദ്ധമോ അതിശയോക്തി കലര്‍ന്നതോ ആണെന്നാണ് അന്വേഷണത്തില്‍ വ്യക്തമായത്. ഇത്തരം വാര്‍ത്തകളില്‍ ആശങ്കപ്പെടേണ്ടതില്ലെന്നും നിജസ്ഥിതി മനസിലാക്കാതെ ഈ വാര്‍ത്തകള്‍ ഷെയര്‍ ചെയ്യരുതെന്നും നവംബര്‍ 19 നും തുടര്‍ന്നും വാര്‍ത്താക്കുറിപ്പിലൂടെ അറിയിക്കുകയും അക്കാര്യം മിക്കവാറും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തിരുന്നു. തുടര്‍ന്നും ഇത്തരത്തില്‍ വന്ന ചില വാര്‍ത്തകളില്‍മേല്‍ പോലീസ് അന്വേഷണം നടത്തുകയും അടിസ്ഥാനരഹിതമാണെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു.
സ്ത്രീകളുടേയും കുട്ടികളുടേയും സുരക്ഷയ്ക്ക് മുന്തിയ പരിഗണനയാണ് സര്‍ക്കാരും പോലീസും നല്‍കിവരുന്നത്. ബഹു. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം ഇക്കാര്യത്തില്‍ കൂടുതല്‍ ശക്തമായ നടപടികള്‍ പോലീസ് ആവിഷ്‌കരിച്ച് നടപ്പാക്കിവരികയാണ്. നഗരങ്ങളില്‍ പിങ്ക് പട്രോള്‍ സംവിധാനം തിരുവനന്തപുരത്തും കൊച്ചിയിലും ആരംഭിച്ചത് കോഴിക്കോട്ടും കണ്ണൂരും കൂടി ഉടന്‍തന്നെ നടപ്പില്‍വരും. ബസ് സ്റ്റോപ്പുകളിലും പൊതു സ്ഥലങ്ങളിലും വനിതാ പോലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ ബീറ്റ് സംവിധാനം, ഷാഡോ പോലീസ് നിരീക്ഷണം എന്നിവ നിലവിലുണ്ട്. ഇവ കൂടുതല്‍ ശക്തമാക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
കുട്ടികളെ കാണാതാകുന്ന സംഭവങ്ങള്‍ അന്വേഷിക്കുവാന്‍ സംസ്ഥാനതലത്തില്‍ തൃശൂര്‍ റൂറല്‍ എസ്.പി. ആര്‍. നിശാന്തിനിയുടെ നേതൃത്വത്തിലുള്ള സംഘത്തെയും നിയോഗിച്ചിട്ടുണ്ട്. ഇത്തരം സംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ അടിയന്തര നടപടികള്‍ കൈക്കൊള്ളാന്‍ ജില്ലാ പോലീസ് തലത്തിലും സംവിധാനം ഒരുക്കിയിട്ടുണ്ട്. ആയതിനാല്‍ അടിസ്ഥാന രഹിതമായ വാര്‍ത്തകളില്‍ ഒട്ടും ആശങ്കയോ ഭയമോ വേണ്ടെന്ന് അറിയിക്കട്ടെ.നിങ്ങള്‍ക്കൊപ്പം ജാഗ്രതയോടെ പോലീസുണ്ട്. ഏതെങ്കിലും സഹായത്തിനോ സംശയനിവാരണത്തിനോ 1091 (വനിതാ ഹെല്‍പ്പ് ലൈന്‍)/1090 ( ക്രൈം സ്റ്റോപ്പര്‍)/1098 (ചൈല്‍ഡ് ഹെല്‍പ്പ് ലൈന്‍) എന്നീ നമ്പരുകളില്‍ ബന്ധപ്പെടണമെന്നഭ്യര്‍ത്ഥിക്കുന്നു.
ഇത്തരം വാര്‍ത്തകള്‍ നിജസ്ഥിതി അറിയാതെ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ച് ജനങ്ങളില്‍ ആശങ്ക പടര്‍ത്തരുതെന്ന് എല്ലാവരോടും ഒരിക്കല്‍ക്കൂടി അഭ്യര്‍ത്ഥിക്കുന്നു. അടിസ്ഥാന രഹിതമായ ഇത്തരം വാര്‍ത്തകളുടെ ഉറവിടം സംബന്ധിച്ച് അന്വേഷിക്കുവാന്‍ ഹൈടെക് സെല്ലിനും സൈബര്‍ സെല്ലിനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.