ഐഎസ്ആര്‍ഒ ചാരക്കേസ്: നമ്പി നാരായണന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീംകോടതി; അറസ്റ്റ് അനാവശ്യം; നഷ്ടപരിഹാരം നല്‍കേണ്ടത് സര്‍ക്കാര്‍; കേരളാ പൊലീസിന് രൂക്ഷ വിമര്‍ശനം

ന്യൂഡല്‍ഹി: കേരളത്തില്‍ രാഷ്ട്രീയ കോളിളക്കമുണ്ടാക്കിയ 1994 ലെ ഐഎസ്ആര്‍ഒ ചാരക്കേസില്‍ 24 വര്‍ഷത്തിന് ശേഷം വിധിയെത്തി. കേസില്‍ അകപ്പെട്ട നിരപരാധിയായ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീം കോടതി വിധിച്ചു. സംസ്ഥാന സര്‍ക്കാര്‍ രണ്ട് മാസത്തിനകം നഷ്ടപരിഹാര തുക നല്‍കണമെന്ന് കോടതി പറഞ്ഞു. 8 ആഴ്ചയ്ക്കകം തുക നല്‍കണം. കൂടുതല്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ടുള്ള സിവില്‍ സ്യൂട്ടുമായി നമ്പി നാരായണന് മുന്നോട്ട് പോകാമെന്ന് കോടതി ചൂണ്ടിക്കാട്ടി.

നമ്പി നാരായണന്റെ തെറ്റായ തടവിനും ദുരുദ്ദേശപരമായ പ്രോസിക്യൂഷന്‍ നടപടികള്‍ക്കും അപമാനത്തിനും അപകീര്‍ത്തിക്കും നേരെ കോടതിക്ക് കണ്ണടക്കാന്‍ ആകില്ല. അതുകൊണ്ട് സംസ്ഥാന സര്‍ക്കാര്‍ 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി പറഞ്ഞു.

തന്നെ കേസില്‍ കുരുക്കിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയാവശ്യപ്പെട്ടു നമ്പി നാരായണന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് വിധി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിച്ചത്. മുന്‍ ഡിജിപി സിബി മാത്യൂസ്, പൊലീസ് ഉദ്യോഗസ്ഥരായിരുന്ന കെ.കെ. ജോഷ്വ, എസ്. വിജയന്‍ ഉള്‍പ്പെടെയുളളവര്‍ക്കെതിരെ നടപടി വേണമെന്നായിരുന്നു ആവശ്യം.

കേസില്‍ നമ്പി നാരായണന്റെ അറസ്റ്റ് അനാവശ്യമായിരുന്നുവെന്നു കോടതി നിരീക്ഷിച്ചു. ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണോയെന്ന് അന്വേഷിക്കാന്‍ സുപ്രീം കോടതി റിട്ടയേര്‍ഡ് ജസ്റ്റിസിന്റെ നേതൃത്വത്തില്‍ കമ്മിറ്റി അന്വേഷിക്കും. റിട്ട. ജസ്റ്റിസ് ഡി.കെ. ജെയിനായിരിക്കും കമ്മിറ്റിയുടെ നേതൃത്വം. കേന്ദ്ര-സംസ്ഥാന പ്രതിനിധികളും ഇതില്‍ അംഗങ്ങളായിരിക്കും. കമ്മിറ്റിയുടെ ചെലവ് കേന്ദ്രസര്‍ക്കാര്‍ വഹിക്കും.

നഷ്ടപരിഹാരത്തിനല്ല ആദ്യപരിഗണനയെന്നു നമ്പിനാരായണന്‍ കോടതിയോടു വ്യക്തമാക്കിയിരുന്നു. ചാരക്കേസില്‍ കുടുക്കിയ ഉദ്യോഗസ്ഥരെ വെറുതെവിടരുത്. കുറ്റക്കാരെ കണ്ടെത്തി നടപടിയെടുക്കണമെന്നും നമ്പി നാരായണന്‍ കോടതിയോടു പലതവണ ആവശ്യപ്പെട്ടിരുന്നു. മുന്‍പ് നഷ്ടപരിഹാരമായി 11 ലക്ഷം രൂപ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയിരുന്നു.

നമ്പിനാരായണനെ മനഃപൂര്‍വം കേസില്‍പ്പെടുത്തിയെന്നും കസ്റ്റഡിയില്‍ മര്‍ദിച്ചുവെന്നും തങ്ങളുടെ അന്വേഷണത്തില്‍ ബോധ്യപ്പെട്ടതായി സിബിഐ സുപ്രീംകോടതിയെ നേരത്തേ അറിയിച്ചിരുന്നു. കുറ്റക്കാരായ ഉദ്യോഗസ്ഥരെ കണ്ടെത്താന്‍ സിബിഐ അന്വേഷണത്തിനു തയാറാണെന്നും പറഞ്ഞു.

എന്നാല്‍, സിബിഐ അന്വേഷണം വേണ്ടെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര നിലപാടു വ്യക്തമാക്കിയിട്ടുണ്ട്.സംസ്ഥാന സര്‍ക്കാരിന്റെ അന്വേഷണം പോരേയെന്നും ആരാഞ്ഞു. ഉദ്യോഗസ്ഥര്‍ക്കെതിരെ ക്രിമിനല്‍ പ്രോസിക്യൂഷന്റെ ആവശ്യമില്ലെന്നാണു കോടതി ഇതുവരെ സ്വീകരിച്ച നിലപാട്. നഷ്ടപരിഹാരം ആദ്യം സംസ്ഥാന സര്‍ക്കാര്‍ നമ്പി നാരായണനു നല്‍കണമെന്നും കുറ്റക്കാരെന്നു കണ്ടെത്തുന്ന ഉദ്യോഗസ്ഥരില്‍നിന്നു പിന്നീടു തുക ഈടാക്കാവുന്നതാണെന്നും നിരീക്ഷിച്ചിരുന്നു. എന്നാല്‍, അന്വേഷണം അപമാനിക്കലാണെന്നാണു സിബി മാത്യൂസ് അടക്കം ആരോപണവിധേയരായ ഉദ്യോഗസ്ഥരുടെ നിലപാട്.

32 പേജുകളുള്ള വിധി ന്യായത്തില്‍ കോടതിയുടെ നിരീക്ഷണങ്ങള്‍ ഇങ്ങനെ:

കേരളാ പൊലീസിന് രൂക്ഷ വിമര്‍ശനം

ദേശീയ തലത്തില്‍ പ്രശസ്തനായ ശാസ്ത്രജ്ഞന് കടുത്ത അപമാനത്തിലൂടെ കടന്നു പോവേണ്ടി വന്നു എന്ന കാര്യത്തില്‍ ഒരു സംശയവുമില്ല. കേസിലെ കേരള പോലീസ് നടപടികള്‍ ദുരുദ്ദേശപരമാണ്.ആരെയും അറസ്റ്റ് ചെയ്ത് തടവില്‍ വയ്ക്കാമെന്ന പോലീസിന്റെ നിരുത്തരവാദപരമായ നിലപാട് കാരണം നമ്പി നാരായണന്‍ വലിയ അപമാനവും മാനസിക പീഡനവും സഹിക്കേണ്ടി വന്നു. മനുഷ്യാവകാശത്തിന്റെ അടിസ്ഥാനമായ അന്തസ്സും സ്വാതന്ത്ര്യവും തകിടം മറിച്ചു. തെറ്റായ തടവിനും നേരിടേണ്ടി വന്ന അപകീര്‍ത്തിക്കും അപമാനത്തിനും നേരെ കോടതിക്ക് കണ്ണടക്കാനാവില്ല. അറസ്റ്റിലാവുകയും പിന്നീട് വിചാരണയില്‍ കുറ്റവിമുക്തനാക്കപ്പെടുകയും ചെയ്ത സാഹചര്യമല്ല ഈ കേസിലുള്ളത്. അത്യന്തം ഗൗരവമേറിയ കേസ് കൈകാര്യം ചെയ്ത കേരള പോലീസ് നമ്പി നാരായണന്‍ ഉള്‍പ്പെടെ കുറച്ചു പേരെ അറസ്റ്റ് ചെയ്യുകയും പിന്നീട് അന്വേഷണം ഇആക ക്ക് വിടുകയും ചെയ്തു. കേസ് സിബിഐക്ക് കൈമാറിയതിനാല്‍ നഷ്ടപരിഹാരം നല്‍കേണ്ടത് സിബിഐ ആണെന്ന സംസ്ഥാന സര്‍ക്കാര്‍ വാദം അംഗീകരിക്കാനാവില്ല

ഒരാള്‍ മാനസിക പീഡനത്തിന് വിധേയനാവുമ്പോള്‍ അയാളുടെ അന്തസ്സിനാണ് ആഘാതമേല്‍ക്കുന്നത്.വകതിരിവില്ലാത്ത നടപടിയിലൂടെ തന്റെ ആത്മാഭിമാനം കുരിശിലേറ്റിയെന്നു ഒരാള്‍ക്ക് തോന്നുമ്പോള്‍ ഒരു മനുഷ്യന്‍ നീതിക്കായി കരയുകയാണ്. പൊതു നിയമ വകുപ്പുകള്‍ പ്രകാരം അപ്പോള്‍ നഷ്ടപരിഹാരം അനുവദിക്കാം. നഷ്ടപരിഹാരത്തിനായി സിവില്‍ കേസുണ്ടെങ്കിലും കോടതിക്ക് പൊതു നിയമ പ്രകാരം നഷ്ടപരിഹാരം വിധിക്കുന്നതിന് തടസ്സമില്ല. ഹൈക്കോടതി വേണ്ടത്ര ഗൗരവത്തോടെ കേസിനെ സമീപിച്ചില്ല.

സിബി ഐ റിപ്പോര്‍ട്ടില്‍ അറസ്റ്റിനെ രൂക്ഷമായി വിമര്‍ശിച്ചിച്ച കാര്യവും കോടതി എടുത്തു പറഞ്ഞു. കസ്റ്റഡയിലായതോടെ ഭൂതകാലത്തെ മുഴുവന്‍ മഹത്വങ്ങളും ഇല്ലാതായി അറപ്പുളവാക്കുന്ന പെരുമാറ്റങ്ങള്‍ അദ്ദേഹത്തിന് നേരിടേണ്ടി വന്നു. ജീവിതമെന്നാല്‍ ആതാമാഭിമാനവും അന്തസ്സുമാണ്.വലിയ മാനസിക പീഡനമാണ് പോലീസ് കസ്റ്റഡിയില്‍ നമ്പി നാരായണന്‍ നേരിട്ടതെന്നും കോടതി വ്യക്തമാക്കി.

 നേരിട്ടത് സൈക്കോ പാത്തോളജിക്കല്‍ ട്രീറ്റമെന്റ്

നമ്പി നാരായണന്‍ നേരിട്ട പീഡനത്തെ സൈക്കോ പാത്തോളജിക്കല്‍ ട്രീറ്റമെന്റ് എന്നാണ് കോടതി വിശേഷിപ്പിച്ചത്.കസ്റ്റഡി പീഡനത്തിന് വിധിയില്‍ കോടതി നിര്‍വചനം നല്കുന്നുണ്ട്.ശാരീരിക പീഡനം മാത്രമല്ല മാനസിക പീഡനവും കസ്റ്റഡി പീഡനത്തിന്റെ പരിധിയില്‍ വരുമെന്ന് വിധി പ്രസ്താവത്തില്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര പറഞ്ഞു.പോലീസ് സ്റ്റേഷന്റെയോ ലോക്കപ്പിന്റെയോ നാല് ചുവരുകള്‍ക്കുളളില്‍ നേരിടേണ്ടി വരുന്ന പീഡനം പരിഗണിക്കപ്പെടണം. കൂടുതല്‍ നഷ്ടപരിഹാരം ആവശ്യപെട്ടുള്ള സിവില്‍ കേസുമായി നമ്പി നാരായണന് മുന്നോട്ടു പോകാമെന്നും ചീഫ് ജസ്റ്റിസ് വിധി ന്യായത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ