ഉദ്യോഗസ്ഥരില്‍ നിന്ന് ശമ്പളം നിര്‍ബന്ധിതമായി പിടിക്കുന്നത് കൊള്ള;സാലറി ചലഞ്ചിനെ വിമര്‍ശിച്ച് ഹൈക്കോടതി

കൊച്ചി: ഉദ്യോഗസ്ഥരില്‍ നിന്ന് ശമ്പളം നിര്‍ബന്ധിതമായി പിടിക്കുന്നത് കൊള്ളയെന്ന് ഹൈക്കോടതി. ശമ്പളം നല്‍കണമെന്ന് മാത്രമാണ് മുഖ്യമന്ത്രി സാലറി ചലഞ്ചില്‍ ആവശ്യപ്പെട്ടത്. ഇത് നിര്‍ബന്ധമായി പിടിക്കാന്‍ ഉത്തരവിറക്കുന്നത് തെറ്റെന്നും ഹോക്കോടതി ചൂണ്ടിക്കാട്ടി. ശമ്പളം പിടിക്കാന്‍ ഇറക്കിയ ഉത്തരവ് നാളെ തിരുത്തുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അറിയിച്ചു. മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ സമാനമായ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി.

മുഖ്യമന്ത്രിയുടെ സാലറി ചലഞ്ചിന് പിന്നാലെ ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം 10 ഗഡുക്കളായി പിടിക്കാനുള്ള തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഉത്തരവിനെതിരെ നൽകിയ ഹർജിയിലാണ് കോടതി പരാമർശം. ഇത് നിര്‍ബന്ധപൂര്‍വമായ പിരിവാണെന്ന് കാണിച്ചാണ് ഹൈക്കോടതിയില്‍ ഹര്‍ജിയെത്തിയത്.

ശമ്പളം നല്‍കണമെന്ന് മാത്രമാണ് മുഖ്യമന്ത്രി സാലറി ചലഞ്ചില്‍ ആവശ്യപ്പെട്ടത്. ഇത് നിര്‍ബന്ധമായി പിടിക്കാന്‍ ഉത്തരവിറക്കുന്നത് തെറ്റാണ്. ശമ്പളം നിര്‍ബന്ധിതമായി പിടിക്കാനുള്ള ശ്രമം പിടിച്ചുപറിയാണെന്നും സ്വകാര്യ ബാങ്കുകളെപ്പോലെ പിടിച്ചുപറിക്കുന്നത് ദേവസ്വം ബോര്‍ഡിന് യോജിച്ച നടപടിയല്ലെന്നും  കോടതി ചൂണ്ടിക്കാട്ടി.

കോടതി പരാമര്‍ശത്തെ തുടര്‍ന്ന് ശമ്പളം പിടിക്കുമെന്ന കാണിച്ചിറക്കിയ ഉത്തരവ് നാളെ തിരുത്തുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കോടതിയെ അറിയിച്ചു. മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ സമാനമായ ഉത്തരവും ഹൈക്കോടതി റദ്ദാക്കി. ഇതേതുടര്‍ന്നാണ് ഉത്തരവ് പിന്‍വലിക്കാന്‍ തയ്യാറാണെന്ന് ദേവസ്വംബോര്‍ഡ് കോടതിയെ അറിയിച്ചു. ഹര്‍ജി നാളത്തേക്ക് മാറ്റിവെച്ചിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ സാലറി ചലഞ്ചിന് പിന്നാലെ നിര്‍ബന്ധമായി ശമ്പളം പിടിക്കുന്നുവെന്ന ജീവനക്കാരുടെ  ആക്ഷേപം ഉയരുന്നതിനിടെയാണ് ഹൈക്കോടതിയുടെ പരാമര്‍ശം.

ഒരുമാസത്തെ ശമ്പളം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കണമെന്ന് ആഗസ്റ്റ് 26നാണ് മുഖ്യമന്ത്രി നിര്‍ദേശിച്ചത്. ഒരുമാസം മൂന്നുദിവസത്തെ ശമ്പളം എന്ന നിലയില്‍ പത്തുമാസം കൊണ്ട് ഒരുമാസത്തെ ശമ്പളം നല്‍കാമെന്ന നിര്‍ദേശവും മുഖ്യമന്ത്രി മുന്നോട്ടുവെച്ചിരുന്നു. എന്നാല്‍ ഇത് നിര്‍ബന്ധമാക്കിക്കൊണ്ട് പിന്നീട് ഉത്തരവ് പുറത്തിറക്കുകയായിരുന്നു. ഇതിനെതിരെ പ്രതിപക്ഷ സംഘടനകള്‍ രംഗത്തുവന്നിരുന്നു. തീരുമാനം അംഗീകരിക്കില്ലെന്നും സംഭാവന നിര്‍ബന്ധിച്ച് വാങ്ങുന്ന രീതി ശരിയല്ലെന്നുമാണ് ഇവര്‍ അഭിപ്രായപ്പെട്ടത്.