സ്‌കൂള്‍ കലോത്സവം ഡിസംബറില്‍ ആലപ്പുഴയില്‍; ഉദ്ഘാടന-സമാപന ചടങ്ങുകള്‍ ഉണ്ടാകില്ലെന്ന് വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: സ്‌കൂള്‍ കലോത്സവം ഡിസംബറില്‍ ആലപ്പുഴയില്‍ സംഘടിപ്പിക്കും. എല്‍പി-യുപി കലോത്സവങ്ങള്‍ സ്‌കൂള്‍ തലത്തില്‍ അവസാനിക്കും. ഉദ്ഘാടന-സമാപന ചടങ്ങുകള്‍ ഉണ്ടാകില്ലെന്നും വിദ്യാഭ്യാസ മന്ത്രി  സി. രവീന്ദ്രനാഥ് അറിയിച്ചു.

കുടുംബശ്രീക്കാണ് ഭക്ഷണത്തിന്റെ ചുമതല. കായികമേള അടുത്ത മാസം തിരുവനന്തപുരത്ത് നടക്കും. ശാസ്ത്രമേള നവംബറില്‍ കണ്ണൂരില്‍ നടക്കും. സ്‌പെഷ്യല്‍ സ്‌കൂള്‍ കലോത്സവം ഒക്ടോബറില്‍ കൊല്ലത്ത് സംഘടിപ്പിക്കും.

ആര്‍ഭാടങ്ങള്‍ ഒഴിവാക്കിയെന്നു കരുതി മത്സരാർഥികൾക്കു പ്രയാസമുണ്ടാകില്ല. വിദ്യാർഥികൾക്കു സര്‍ഗാത്മക കഴിവുകള്‍ പ്രകടിപ്പിക്കാനുള്ള എല്ലാ അവസരവുമുണ്ടാകും. മേളകളിൽ ഭക്ഷണം കുടുംബശ്രീ വഴി നൽകും‌. ഗ്രേസ് മാർക്കിനു നിലവിലെ മാനദണ്ഡം ഉപയോഗിക്കും. മത്സരം രാത്രിയി‌ലേക്കു നീളുന്നത് ഒഴിവാക്കും. എൽപി, യുപി വിഭാഗത്തിൽ സ്കൂൾ തലത്തിൽ വരെ മത്സരങ്ങൾ നടത്തും. ഓണറേറിയം ഒഴിവാക്കണമെന്നു കായിക അധ്യാപകർ സർക്കാരിനോട് ആവശ്യപ്പെട്ടതു പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു.

പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ മേളകള്‍ ഒഴിവാക്കാന്‍ സർക്കാർ നിശ്ചയിച്ചിരുന്നെങ്കിലും മന്ത്രിമാരുടെ ഉൾപ്പെടെ എതിർപ്പുയർന്നതോടെ തീരുമാനം മാറ്റുകയായിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ