സര്‍ക്കാര്‍ നിര്‍ബന്ധിച്ച് ശമ്പളം പിടിക്കുന്നില്ലെന്ന് തോമസ് ഐസക്; ശമ്പളം നല്‍കാന്‍ താല്‍പര്യമില്ലാത്തവര്‍ എഴുതിനല്‍കിയാല്‍ മതി

തിരുവനന്തപുരം: സര്‍ക്കാര്‍ നിര്‍ബന്ധിച്ച് ശമ്പളം പിടിക്കുന്നില്ലെന്ന് ധനമന്ത്രി തോമസ് ഐസക്. ദുരിതാശ്വാസനിധിയിലേക്ക് ദേവസ്വം ബോര്‍ഡ് ജീവനക്കാരുടെ ശമ്പളം ഈടാക്കുന്നത് സംബന്ധിച്ച ഹൈക്കോടതി പരാമര്‍ശം ശരിയാണ്. നിര്‍ബന്ധിത പിരിവ് സര്‍ക്കാര്‍ നയമല്ല. ശമ്പളം നല്‍കാന്‍ താല്‍പര്യമില്ലാത്തവര്‍ എഴുതിനല്‍കിയാല്‍ മതി. അക്കാര്യം ബോര്‍ഡിന്റെ ഉത്തരവില്‍ ഉള്‍പ്പെടുത്താത്തത് തെറ്റാണെന്നും ഐസക് പറഞ്ഞു. വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ഉദ്യോഗസ്ഥരില്‍ നിന്ന് നിര്‍ബന്ധമായി ശമ്പളം ഈടാക്കുന്നത് പിടിച്ചുപറിയെന്ന് ഹൈക്കോടതി പറഞ്ഞിരുന്നു.

പെന്‍ഷന്‍ പിരിവില്‍ തുറന്നമനസാണ്. പിരിക്കുന്നതെങ്ങനെയെന്ന് സംഘടനകളോട് ചോദിച്ചേ തീരുമാനിക്കൂ. പെന്‍ഷന്‍ സംഘടനകളോട് ഒരുമാസത്തെ പെന്‍ഷന്‍ അഭ്യര്‍ഥിക്കും. സര്‍ക്കാര്‍ തുറന്നമനസോടെയാണ് ചര്‍ച്ചയ്ക്ക് വരുന്നത്. പല ഗഡുക്കളായിട്ടേ പെന്‍ഷന്‍ വാങ്ങൂ. പണമായി കിട്ടുന്ന കുടിശിക വേണമെങ്കില്‍ സംഭാവന തരാമെന്നും ധനമന്ത്രി പറഞ്ഞു.