അറസ്റ്റ് ചെയ്തില്ലെങ്കില്‍ ഫ്രാങ്കോ തെളിവുകള്‍ നശിപ്പിക്കുമെന്ന് കന്യാസ്ത്രീകള്‍; തെറ്റുകാരനെ പൊലീസ് സംരക്ഷിക്കുന്നത് എന്തിനെന്ന് അറിയില്ല

കൊച്ചി: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായുള്ള പീഡന കേസില്‍ ഫ്രാങ്കോയെ അറസ്റ്റ് ചെയ്തില്ലെങ്കില്‍ തെളിവുകള്‍ നശിപ്പിക്കുമെന്ന് കന്യാസ്ത്രീകള്‍. തെറ്റ് ചെയ്ത ഫ്രാങ്കോയെ പൊലീസ് സംരക്ഷിക്കുന്നത് എന്തിനാണെന്ന് അറിയില്ലെന്നും കന്യാസ്ത്രീകള്‍ പറഞ്ഞു.

അതേസമയം,  കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ഉടന്‍ അറസ്റ്റ് ചെയ്യില്ലെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. കോടതി തീരുമാനം അറിഞ്ഞ ശേഷം അറസ്റ്റ് മതിയെന്നാണ് പൊലീസ് തീരുമാനം.

ഫ്രാങ്കോ മുളയ്ക്കല്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി ഈ മാസം 25 ലേക്ക് മാറ്റിവച്ചു. ജസ്റ്റിസ് രാജാ വിജയരാഘവന്റെ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. അടിയന്തരമായി ഹര്‍ജി പരിഗണിക്കണം എന്ന് ജാമ്യാപേക്ഷയില്‍ മുളയ്ക്കല്‍ ആവശ്യപ്പെട്ടിരുന്നു.

നാളെ പൊലീസ് ചോദ്യം ചെയ്യാനിരിക്കെയാണ് ഫ്രാങ്കോ മുളയ്ക്കല്‍ ഇന്ന് കോടതിക്ക് മുമ്പാകെ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. എന്നാല്‍ ചോദ്യം ചെയ്യലിനുശേഷം പൊലീസിന് തെളിവുകള്‍ ഉണ്ടെങ്കില്‍ ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യുന്നതില്‍ തടസമില്ല എന്നും കോടതി വ്യക്തമാക്കി.

കന്യാസ്ത്രീക്ക് തന്നോട് വ്യക്തിവൈരാഗ്യം ഉണ്ടെന്നും അതിനാലാണ് ഇത്തരത്തില്‍ ഒരു പരാതി നല്‍കിയത് എന്നുമാണ് ജാമ്യാപേക്ഷയില്‍ ഫ്രാങ്കോ മുളയ്ക്കല്‍ ഉന്നയിച്ചിരിക്കുന്നത്. കന്യാസ്ത്രീ മഠത്തിലെ സ്ഥിരം ശല്യക്കാരിയായിരുന്നു. അവര്‍ക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉയരുകയും ഇതിന്റെ തെളിവുകള്‍ സഭയ്ക്ക് ലഭിക്കുകയും ചെയ്തു. ആരോപണങ്ങള്‍ക്കെതിരെ താന്‍ ഉള്‍പ്പടെയുള്ള സംഘം അന്വേഷണത്തിന് ഉത്തരവിട്ടു. കന്യാസ്ത്രീയെ ചുമതലകളില്‍ നിന്നും നീക്കി. ഇതിനു പിന്നില്‍ താനാണ് എന്ന തെറ്റിദ്ധാരണയാണ് വ്യക്തിവൈരാഗ്യം ഉണ്ടാകാന്‍ കാരണം എന്നും മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പറയുന്നു.