ലീഗല്‍ ഇമിഗ്രന്റ്‌സിനു ഗ്രീന്‍കാര്‍ഡും വിസയും നിഷേധിക്കും

വാഷിംഗ്ടണ്‍: നിയമപരമായി അമേരിക്കയില്‍ കുടിയേറിയവരോ, അവരുടെ കുടുംബാംഗങ്ങളോ ഫെഡറല്‍ ഗവണ്‍മെന്റ് ആനുകൂല്യങ്ങളായ ഫുഡ് സ്റ്റാമ്പ്, മെഡിക്കെയ്ഡ്, സെക്ഷന്‍ 80 ഹൗസിംഗ് വൗച്ചേഴ്‌സ് എന്നിവ സ്വീകരിക്കുന്നെങ്കില്‍ അവര്‍ക്ക് ഗ്രീന്‍കാര്‍ഡും, വിസയും നിഷേധിക്കുന്ന പ്രപ്പോസ്ഡ് റൂള്‍ ഇന്ന് സെപ്റ്റംബര്‍ 22-നു ശനിയാഴ്ച ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹോംലാന്റ് സെക്യൂരിറ്റി പ്രഖ്യാപിച്ചു.

1800 -ല്‍ “പബ്ലിക് ചാര്‍ജ്’ എന്ന പേരില്‍ നിലവില്‍വന്ന നിയമമനുസരിച്ച് യുഎസ് ഗവണ്‍മെന്റിനു തങ്ങളുടെ സ്വത്ത് ചോര്‍ത്തിയെടുക്കുന്നു എന്നു തോന്നിയാല്‍ നിയമപരമായി ഇവിടെ കഴിയുന്നവരുടെ വിസ നിഷേധിക്കുന്നതിനും, പുതിയ കുടിയേറ്റക്കാര്‍ക്ക് പ്രവേശനം നിഷേധിക്കുന്നതിനും അനുമതി ലഭിച്ചിരുന്നു.

അമേരിക്കന്‍ നികുതിദായകരുടെ ഭാരം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ നിയമം കൊണ്ടുവരുന്നതിനു ട്രംപ് ഭരണകൂടം തയാറെടുക്കുന്നത്.

പുതിയ നിര്‍ദേശം പൊതുജനങ്ങളുടെ ചര്‍ച്ചയ്ക്കായി സമര്‍പ്പിക്കുമെന്നും, നിയമപരമായി ഇവിടെ കുടിയേറി ഗവണ്‍മെന്റ് ആനുകൂല്യം പറ്റുന്നവര്‍ നികുതിദായകര്‍ക്ക് ഒരു ഭാരമായി അനുഭവപ്പെടുന്നെന്നും ഹോംലാന്റ് സെക്യൂരിറ്റി ക്രിസ്റ്റീന്‍ നെല്‍സണ്‍ പറഞ്ഞു.

അമേരിക്കയില്‍ കുടിയേറുന്നവര്‍ക്ക് സാമ്പത്തിക പിന്തുണ നല്‍കുന്നതിനു അവരെ സ്‌പോണ്‍സര്‍ ചെയ്യുന്നവര്‍ക്ക് ഉത്തരവാദിത്വമുണ്ടെന്നും സെക്രട്ടറി പറഞ്ഞു.

Picture2