കാത്തിരിപ്പിന് വിരാമം; പ്രണവും കല്യാണിയും ഒന്നിക്കുന്നു

മലയാളികള്‍ എന്നെന്നും ഓര്‍ത്തിരിക്കുന്ന തരത്തില്‍ ഒട്ടേറെ സിനിമകള്‍ സമ്മാനിച്ച കൂട്ടുകെട്ടാണ് മോഹന്‍ലാല്‍-പ്രിയദര്‍ശന്‍. ഇരുവരും ഒരുമിച്ചെത്തിയ സിനിമകളെയെല്ലാം പ്രേക്ഷകര്‍ നെഞ്ചേറ്റിയിട്ടുണ്ട്. സിനിമയില്‍ മാത്രമല്ല ജീവിതത്തിലും ഉറ്റ സുഹൃത്തുക്കളാണ് മോഹന്‍ലാലും പ്രിയദര്‍ശനും. ഇരുവരുടെയും കുടുംബങ്ങളും അങ്ങനെ തന്നെയാണ്. അതുകൊണ്ടു തന്നെ പ്രണവ് മോഹന്‍ലാലും കല്യാണി പ്രിയദര്‍ശനും വിവാഹം കഴിക്കണമെന്ന് ആഗ്രഹിക്കുന്ന ആരാധകരും ഏറെയാണ്. ഇപ്പോഴിതാ ആരാധകര്‍ക്ക് പ്രതീക്ഷ നല്‍കി ഇരുവരും ഒന്നിക്കുകയാണ്. എന്നാല്‍ അത് ജീവിതത്തിലല്ല സിനിമയിലാണെന്ന് മാത്രം.

‘മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം’ എന്ന മെഗാബഡ്ജറ്റ് ചിത്രത്തില്‍ പ്രണവിന്റെ നായികയായാണ് കല്യാണി എത്തുന്നത്. നേരത്തെ അപ്പുവിനൊപ്പം (പ്രണവ് മോഹന്‍ലാല്‍) അഭിനയിക്കാന്‍ ആഗ്രമുണ്ടെന്ന് കല്യാണി വെളിപ്പെടുത്തിയിരുന്നു. നിലവില്‍ അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ചിത്രീകരണത്തിരക്കിലാണ് പ്രണവ്. 2017ല്‍ ഹലോ എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് കല്യാണി അഭിനയ രംഗത്തേക്ക് കടന്നുവന്നത്.

നവംബറില്‍ ചിത്രീകരണം ആരംഭിക്കുന്ന മരയ്ക്കാറില്‍ മോഹന്‍ലാലിന്റെ നായികയാകുന്നത് ലേഡീ സൂപ്പര്‍ സ്റ്റാര്‍ മഞ്ജുവാര്യരാണ്. തമിഴ് സൂപ്പര്‍ താരം അര്‍ജുന്‍, ബോളിവുഡ് നടന്‍ സുനില്‍ ഷെട്ടി, കീര്‍ത്തി സുരേഷ് എന്നിവരും പ്രധാന കഥപാത്രങ്ങളായി എത്തും. ഒന്നാം മരയ്ക്കാറായി മലയാളസിനിമയുടെ കാരണവര്‍ മധുവും അഭിനയിക്കുന്നു. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍, ഡോ.സി.ജെ. റോയി, സന്തോഷ്.ടി.കുരവിള എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

കുഞ്ഞാലി മരക്കാര്‍ നാലാമന്റെ ജീവിതത്തെ അടിസ്ഥാനമാക്കി സിനിമയൊരുക്കുന്നുണ്ടെന്നും പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ തുടങ്ങിയെന്നുമായിരുന്നു അന്നദ്ദേഹം പറഞ്ഞത്. ഇതിന് പിന്നാലെയായാണ് മമ്മൂട്ടിയെ നായകനാക്കിയൊരുക്കുന്ന കുഞ്ഞാലി മരക്കാറിനെക്കുറിച്ച് സന്തോഷ് ശിവനും ഷാജി നടേശനും വ്യക്തമാക്കിയത്. നിശ്ചിത സമയത്തിനുള്ളില്‍ സിനിമയുടെ ജോലി ആരംഭിച്ചില്ലെങ്കില്‍ തന്റെ സിനിമയുമായി മുന്നോട്ട് പോവുമെന്ന് അന്നേ പ്രിയദര്‍ശന്‍ വ്യക്തമാക്കിയിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ