ഒസിരിസിലൂടെ അഭിലാഷിന് പുനര്‍ജന്മം; തൂരിയ വെറും ഒരു പായ്ക്കപ്പലല്ല

ന്യൂഡല്‍ഹി: മലയാളി നാവികന്‍ അഭിലാഷ് ടോമിയെ രക്ഷപെടുത്തിയത് ഫ്രഞ്ച് കപ്പലായി ഒസിരിസ് ആണ്. ഈജിപ്ഷ്യന്‍ ഐതിഹ്യപ്രകാരം ഒസിരിസ് എന്നാല്‍ പുനര്‍ജന്മം, മരണാനന്തര ജീവിതം, ജീവന്റെ ദൈവം എന്നൊക്കെയാണ് അര്‍ത്ഥം. ഇത് സാധൂകരിക്കുന്ന കൃത്യമാണ് ഒസിരിസ് നിര്‍വഹിച്ചിരിക്കുന്നതെന്ന് ഇപ്പോള്‍ സര്‍വരും വാഴ്ത്തുന്നു.

ആഴക്കടലിലാണ് അഭിലാഷിന്റെ പായ്‌വഞ്ചി തൂരിയ അപകടത്തില്‍പ്പെടുന്നത്. മണിക്കൂറില്‍ 30 നോട്ടിക്കല്‍ മൈല്‍ വേഗത്തില്‍ കാറ്റു വിശുകയും കനത്ത മഴ പെയ്യുകയും ചെയ്യുന്ന ഉള്‍ക്കടല്‍. നിയന്ത്രണം വിട്ട് ബോട്ടിനകത്ത് വീണ് നടുവിന് പരുക്കേറ്റ് അഭിലാഷും. അപകടത്തില്‍ നിന്ന് അഭിലാഷ് രക്ഷ നേടിയെങ്കില്‍ അത് യഥാര്‍ത്ഥത്തില്‍ പുനര്‍ജന്മം തന്നെയാണ്.

‘ഒസിരിസ്’ ആഫ്രിക്കയുടെ പടിഞ്ഞാറ് ഭാഗത്തായി സ്ഥിതി ചെയ്യുന്ന സെയ്ഷല്‍സ് എന്ന ദ്വിപിലെ മല്‍സ്യബന്ധന ബോട്ടായിരുന്നു. 2003ല്‍ ഫ്രഞ്ച് നാവികസേന ഈ കപ്പല്‍ പിടിച്ചെടുക്കുകയും ഫ്രാന്‍സിന്റെ മല്‍സ്യബന്ധന നിരീക്ഷണ യാനമാക്കുകയുമായിരുന്നു.

അഭിലാഷ് ടോമി യാത്ര തിരിച്ച ‘തൂരിയ’ എന്ന പായ്ക്കപ്പലിനും സവിശേഷതകള്‍ ഏറെയാണ്. കേരളത്തില്‍ നിന്നുള്ള മരവും വിദേശത്തേു നിന്നുള്ള പായകളും ഉപയോഗിച്ചാണ് കപ്പല്‍ നിര്‍മിച്ചിരിക്കുന്നത്. 32 അടി നീളവും 11.5 അടി വീതിയും, 8,500 കിലോഗ്രാം ഭാരവുമാണ് കപ്പലിനുള്ളത്. രണ്ട് മുറികളാണ് കപ്പലിലുള്ളത്. ശുചിമുറിയും 231 ലിറ്റര്‍ ശുദ്ധജല ടാങ്ക് എന്നിവയും ഉണ്ട്. ഭൂപടവും, വടക്കുനോക്കിയന്ത്രവും നക്ഷത്രങ്ങളും നോക്കിയാണ് സഞ്ചാര പാത തീരുമാനിക്കുന്നത്. അല്ലാതെ മറ്റ് ആധുനിക സൗകര്യങ്ങള്‍ ഒന്നുമില്ല. പായ്!വഞ്ചിയില്‍ കടല്‍ വഴിയുള്ള സഞ്ചാര ദൂരം 26,069 നോട്ടിക്കല്‍ മൈലാണ്. കന്യാകുമാരിയില്‍ നിന്ന് ഏകദേശം 5,020 കിലോമീറ്റര്‍ അകലെയായാണ് അഭിലാഷ് ടോമി അപകടത്തില്‍പ്പെടുന്നത്. 151 ദിവസംകൊണ്ട് ലോകം മുഴുവന്‍ സഞ്ചരിച്ച ആദ്യ ഇന്ത്യക്കാരനാണ് അഭിലാഷ് ടോമി.