ബാലഭാസ്‌കറിന്റെ ആരോഗ്യനില ഗുരുതരമെന്ന് അടുത്തവൃത്തങ്ങള്‍; അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കും

തിരുവനന്തപുരം: വാഹനാപകടത്തില്‍ പരിക്കേറ്റ വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ ആരോഗ്യനില ഗുരുതരമെന്ന് റിപ്പോര്‍ട്ട്. നട്ടെല്ലിനാണ് ബാലഭാസ്‌കറിന് ഗുരുതര പരിക്കേറ്റിട്ടുള്ളത്. അപകടത്തില്‍ ബാലഭാസ്‌കറിന്റെ എല്ലുകള്‍ക്കു തകരാറു സംഭവിച്ചു.അടിയന്തര ശസ്ത്രക്രിയയ്ക്ക് ബാലഭാസ്‌കറിനെ വിധേയമാക്കും. എന്നാല്‍ അദ്ദേഹത്തിന്റെ രക്തസമ്മര്‍ദ്ദം കുറയുന്നതു മൂലം ശസ്ത്രക്രിയ വൈകുകയാണെന്നാണ് അടുത്തവൃത്തങ്ങള്‍ നല്‍കുന്ന വിവരം.

ശസ്ത്രക്രിയ നടത്തിയതിനു ശേഷം രണ്ടോ മൂന്നോ ദിവസം കഴിഞ്ഞേ അദ്ദേഹത്തിന്റെ ആരോഗ്യനിലയെപ്പറ്റി കൃത്യമായി പറയാനാവൂ എന്നാണ് ആശുപത്രി വൃത്തങ്ങള്‍ നല്‍കുന്ന വിവരം.

ഇന്ന് പുലര്‍ച്ചെയാണ് ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ടത്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണു അപകട കാരണമെന്ന് പൊലീസ് പറഞ്ഞു. ദേശീയപാതയില്‍ തിരുവനന്തപുരം പള്ളിപ്പുറത്തായിരുന്നു അപകടം. നിയന്ത്രണം വിട്ട വാഹനം മരത്തില്‍ ഇടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തില്‍ ബാലഭാസ്‌കറിന്റെ മകള്‍ രണ്ടുവയസ്സുകാരി തേജസ്വിനി ബാല മരിച്ചു. കാറില്‍നിന്നു പുറത്തെടുക്കുമ്പോള്‍ കുട്ടി അബോധാവസ്ഥയിലായിരുന്നു. ആശുപത്രിയിലെത്തും മുന്‍പുതന്നെ മരണം സംഭവിച്ചു. അപകടത്തില്‍ പരുക്കേറ്റ ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മിയും ഡ്രൈവര്‍ അര്‍ജുനും ആശുപത്രിയില്‍ ചികിത്സയിലാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ