വയലിനിസ്റ്റ് ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച കാര്‍ അപകടത്തില്‍പെട്ടു; മകള്‍ തേജസ്വിനി ബാല മരിച്ചു

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പെട്ടു. അപകടത്തില്‍ മകള്‍ തേജസ്വിനി ബാല (2) മരിച്ചു. ബാലഭാസ്‌കറും ഭാര്യ ലക്ഷ്മിയും ഡ്രൈവര്‍ അര്‍ജുനും ആശുപത്രിയിലാണ്. ബാലഭാസ്‌കറിനെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.

തിരുവനന്തപുരം പള്ളിപ്പുറത്ത് പുലര്‍ച്ചെ 4.30 ഓടെയായിരുന്നു അപകടം. നിയന്ത്രണം വിട്ട കാര്‍ സമീപത്തെ മരത്തിലിടിച്ചാണ് അപകടം. തൃശൂര്‍ വടക്കുംനാഥക്ഷേത്ര ദര്‍ശനം കഴിഞ്ഞ് മടങ്ങുകയായിരുന്നു ബാലഭാസ്‌കറും കുടുംബവും. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് കരുതുന്നു.