തേജസ്വിനിയ്ക്ക് വേണ്ടി ബാലഭാസ്‌കറും ലക്ഷ്മിയും കാത്തിരുന്നത് പതിനാറ് വര്‍ഷം

പതിനാറ് വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് ബാലഭാസ്‌കറിനും ലക്ഷ്മിക്കും തേജസ്വിനി പിറന്നത്. എന്നാല്‍ വെറും രണ്ട് വര്‍ഷത്തെ ആയുസ് മാത്രം നല്‍കി വിധി ആ കുഞ്ഞിനെ അവരുടെ കൈയില്‍ നിന്നും തട്ടിയെടുത്തു.

2001 ലായിരുന്നു ബാലഭാസ്‌കറിന്റെയും ലക്ഷ്മിയുടെയും വിവാഹം. ഇരുവരും തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളെജില്‍ സഹപാഠികളായിരുന്നു. പതിനാറ് വര്‍ഷം കാത്തിരുന്നാണ് ഇവര്‍ക്ക് തേജസ്വിനി പിറന്നത്.

തിരുവനന്തപുരം പള്ളിപ്പുറം താമരക്കുളത്തിന് സമീപം ഇന്ന് പുലര്‍ച്ചെ നാലരയോടെയാണ് വയലിനിസ്റ്റും സംഗീത സംവിധായകനുമായ ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച കാര്‍ മരത്തിലിടിച്ചത്. തേജസ്വിനി ബാല ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു. ബാലഭാസ്‌കറിന്റെയും ഭാര്യ ലക്ഷ്മിയുടെയും ഡ്രൈവര്‍ അര്‍ജ്ജുനിന്റെയും നില ഗുരുതരമായി തുടരുകയാണ്.

തൃശൂര്‍ വടക്കുംനാഥ ക്ഷേത്രത്തില്‍ ദര്‍ശനം കഴിഞ്ഞ് മടങ്ങുന്നതിനിടെയായിരുന്നു അപകടം നടന്നത്. കുഞ്ഞിന്റെ നേര്‍ച്ചയുമായി ബന്ധപ്പെട്ടാണ് ഇവര്‍ ക്ഷേത്രത്തില്‍ പോയതെന്നാണ് അടുത്ത ബന്ധുക്കള്‍ പറയുന്നത്. ഒട്ടേറെ നേര്‍ച്ചകളും വഴിപാടുകളും പ്രാര്‍ഥനകളും നടത്തി കിട്ടിയ കുഞ്ഞായിരുന്നു തേജസ്വനി. ഡ്രൈവര്‍ക്കൊപ്പം കാറിന്റെ മുന്‍സീറ്റിലിരുന്ന ബാലഭാസ്‌കറിന്റെ മടിയിലായിരുന്നു മകള്‍ തേജസ്വിനി.

Image may contain: 3 people, people sitting and outdoor

ഹൈവേ പൊലീസാണ് ആദ്യം സംഭവ സ്ഥലത്തെത്തിയത്. നാട്ടുകാര്‍ എത്തുന്നതിന് മുമ്പ് തന്നെ ഇവര്‍ കാറിന്റെ ചില്ല് പൊട്ടിച്ച് കുഞ്ഞിനെ പുറത്തെടുത്തിരുന്നു. ആ സമയത്ത് കുഞ്ഞ് അബോധാവസ്ഥയിലായിരുന്നു എന്ന് പൊലീസ് വ്യക്തമാക്കുന്നു. പൊലീസ് വാഹനത്തില്‍ തന്നെ ഹോസ്പിറ്റലിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. ആശുപത്രിയിലെത്തിയ ഉടന്‍ തന്നെ മരണം സ്ഥിരീകരിക്കുകയായിരുന്നു. ആംബുലന്‍സിലാണ് മറ്റ് മൂന്നുപേരെയും തിരുവനന്തപുരത്തെ സ്വകാര്യ ഹോസ്പിറ്റലിലെത്തിച്ചത്. ‘കാറിന്റെ മുന്‍വശം പൂര്‍ണ്ണമായും തകര്‍ന്നിരുന്നു. കാര്‍ പൊളിച്ചപ്പോള്‍ ആദ്യം കണ്ടത് കുഞ്ഞിനെയാണ്. അപ്പോള്‍ത്തന്നെ ഹൈവേ പൊലീസ് അവരുടെ വാഹനത്തില്‍ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി. പുറത്തെടുക്കുമ്പോള്‍ തന്നെ കുഞ്ഞിന് ബോധമുണ്ടായിരുന്നില്ല. ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകടത്തിന് കാരണം.’പൊലീസ് പറഞ്ഞു.

Image may contain: 2 people, people smiling, people standing, tree, outdoor and closeup