ആധാര്‍ കേസില്‍ സുപ്രീംകോടതി വിധി മോദി സര്‍ക്കാരിന്റെ വിജയമെന്ന് ബിജെപി; കേന്ദ്രസര്‍ക്കാരിനേറ്റ തിരിച്ചടിയാണെന്ന് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: ലോക്‌സഭാ തെരെഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിനില്‍ക്കെ ആധാര്‍ കേസില്‍ സുപ്രീംകോടതിയുടെ വിധി മോദി സര്‍ക്കാരിന് ആശ്വാസമേകി. കോടതി കേസ് തള്ളിയെങ്കില്‍ കേന്ദ്ര സര്‍ക്കാരിന് ഏല്‍ക്കുന്ന ഏറ്റവും വലിയ തിരിച്ചടിയാകുമായിരുന്നു അത്. കോടതിയുടെ വിധി പാവങ്ങളുടെ മോദി സര്‍ക്കാരിന്റെ വിജയമാണെന്ന്  ബിജെപി വക്താവ് സംബിത് പത്ര പറഞ്ഞു.

തെരെഞ്ഞടുപ്പില്‍ ജയിക്കാന്‍ മോദി സര്‍ക്കാരിന് ഇതൊരു പിടിവള്ളിയാണ്. സുപ്രീംകോടതി വിധി മോദി സര്‍ക്കാരിനേറ്റ തിരിച്ചടിയാണെന്നാണ് കോണ്‍ഗ്രസ് വക്താക്കളുടെ അഭിപ്രായം. സമൂഹത്തിലെ ജനങ്ങളുടെ വിവരങ്ങള്‍ കൈമാറാനുള്ള സാഹചര്യം ഇല്ലാതാക്കി ജനാധിപത്യ ഇന്ത്യയ്ക്ക് വലിയ ആശ്വാസമാണ് കോടതിവിധിയിലൂടെ സുപ്രീംകോടതി നല്‍കിയിരിക്കുന്നതെന്ന് കോണ്‍ഗ്രസ് വക്താവ് സഞ്ജയ് ഝാ പറഞ്ഞു.

അതേസമയം, കോടതി വിധി അനുകൂലമാണോ തിരിച്ചടിയാണോ എന്നത് ചര്‍ച്ചകള്‍ക്ക് വഴിവെച്ചിട്ടുണ്ട്. ആനുകൂല്യങ്ങള്‍ക്ക് ആധാര്‍ നിര്‍ബ്ബന്ധമാണെന്ന് വ്യക്തമാക്കിയതിലൂടെ യുപിഎ സര്‍ക്കാര്‍ മുന്നോട്ടുവെച്ച ആശയത്തിനാണ് സാധുത കിട്ടിയിരിക്കുന്നതെന്ന നിരീക്ഷണം ശക്തമാണ്. സ്വകാര്യമേഖലയ്ക്ക് ആധാര്‍ നമ്പറുകള്‍ ശേഖരിക്കാന്‍ അനുവാദം നല്‍കുന്ന 57ാം വകുപ്പ് സുപ്രീംകോടതി റദ്ദാക്കിയതാണ് കോണ്‍ഗ്രസ് ഉയര്‍ത്തിപ്പിടിക്കുന്നത്.

ആധാര്‍ കേസില്‍ ഭരണഘടനാസാധുത കോടതി അംഗീകരിച്ചത് മോദി സര്‍ക്കാരിന് ആശ്വാസം നല്‍കുന്നു. എന്നാല്‍, ഇതുവരെ സ്വകാര്യ കമ്പനികള്‍ ശേഖരിച്ച ആധാര്‍ വിവരങ്ങള്‍ നശിപ്പിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ എന്ത് നിലപാട് എടുക്കുമെന്നത് പുതിയ ചര്‍ച്ചയിലേക്ക് വഴി തുറക്കുന്നു. മണിബില്‍ ആയാണ് മോദി സര്‍ക്കാര്‍ ആധാര്‍ കൊണ്ടുവന്നത്. രാജ്യസഭയെ മറികടന്ന് നിയമമാക്കുന്നതിനുള്ള എളുപ്പവഴിയായിരുന്നു ഇത്. ഈ നീക്കം സുപ്രീംകോടതി അംഗീകരിച്ചത് രാജ്യസഭയുടെ പ്രസക്തി തന്നെ ചോദ്യം ചെയ്യുന്നുണ്ടെന്ന നിരീക്ഷണം കാണാതിരിക്കാനാവില്ല.

രാജ്യസഭയില്‍ ബിജെപിക്ക് വേണ്ട ഭൂരിപക്ഷം ഇല്ലാത്തതാണ് ആധാര്‍ മണിബില്ലായി അവതരിപ്പിക്കാന്‍ കാരണം. പരാതിക്കാര്‍ ഇക്കാര്യം ചോദ്യം ചെയ്തതോടെ ആധാര്‍ മണിബില്ലായി അവതരിപ്പിച്ചതില്‍ പ്രശ്‌നമില്ലെന്നാണ് സുപ്രീംകോടതി വ്യക്തമാക്കിയത്. എന്നാല്‍, ഇതിനോട് വിയോജിപ്പ് പ്രകടിപ്പിച്ചിരിക്കുകയാണ് ജസ്റ്റിസ് ചന്ദ്രചൂഡ്. ഭരണഘടനയിലുള്ള ഏറ്റവും വലിയ തട്ടിപ്പാണ് മണിബില്ലായി ആധാര്‍ കൊണ്ടുവന്നതിന് പിന്നിലുള്ളതെന്ന് ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ