പ്രളയകാലത്ത് നൂറിലധികം കുടുംബങ്ങള്‍ക്ക് രക്ഷകനായ മത്സ്യത്തൊഴിലാളി വാഹനാപകടത്തില്‍ മരിച്ചു

ആലപ്പുഴ: പ്രളയകാലത്ത് രക്ഷാപ്രവര്‍ത്തനത്തിന് മുന്‍പന്തിയിലുണ്ടായിരുന്ന മത്സ്യത്തൊഴിലാളി വാഹനാപകടത്തില്‍ മരിച്ചു. പുന്നപ്ര വടക്ക് പഞ്ചായത്ത് വാടക്കല്‍ നടുവിലെ തയ്യില്‍ വീട്ടില്‍ റൊണാള്‍ഡിന്റെ മകന്‍ സെബാസ്റ്റ്യന്‍ (40) ആണ് മരിച്ചത്. പുന്നപ്രയില്‍ കഴിഞ്ഞ രാത്രിയിലുണ്ടായ അപകടത്തിലാണ് സെബാസ്റ്റ്യന്‍ മരിച്ചത്. പുന്നപ്ര മാര്‍ക്കറ്റ് ജംഗ്ഷന് സമീപം സെബാസ്റ്റ്യന്‍ സഞ്ചരിച്ച ബൈക്കിനു പിന്നില്‍ ഓട്ടോറിക്ഷയിടിച്ചാണ് അപകടമുണ്ടായത്. മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

പ്രളയകാലത്ത് വാടക്കല്‍ അറപ്പപ്പൊഴിക്ക് സമീപം ജോസഫ് കുടിയാംശേരിയുടെ ഉടമസ്ഥതയിലുള്ള പുഞ്ചിരി എന്ന വള്ളത്തിലാണ് സഹപ്രവര്‍ത്തകരായ നെല്‍സന്‍ തുരുത്തേല്‍, ജയിംസ് വഴുതനപ്പറമ്പ് ,ജോസ് പാല്യത്തയ്യില്‍, ഷൈലേഷ് പാനേഴത്ത് എന്നിവര്‍ക്കൊപ്പം സെബാസ്റ്റ്യന്‍ കൈനകരിയില്‍ രക്ഷാപ്രവര്‍ത്തനത്തിനെത്തിയത്.

മൂന്ന് ദിവസത്തോളം പുറംലോകം കാണാനാകാതെ കുടുങ്ങിക്കിടന്ന നൂറിലധികം കുടുംബങ്ങളെയാണ് സെബാസ്റ്റിയനും സുഹൃത്തുക്കളും പ്രളയത്തില്‍ നിന്ന് രക്ഷിച്ചത്. വിവിധ സംഘടനകളുടെ ആദരവും ഇദ്ദേഹത്തിനു ലഭിച്ചിരുന്നു.