അയോധ്യ ഭൂമിക്കേസ് വിശാലബെഞ്ചിന് വിടില്ല; ക്ഷേത്രത്തിനും മസ്ജിദിനും പള്ളിക്കും തുല്യ പ്രാധാന്യമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: അയോധ്യ തര്‍ക്കഭൂമിയുമായി ബന്ധപ്പെട്ട  ഇസ്മായില്‍ ഫാറൂഖി കേസ് വിശാല ബെഞ്ചിന് വിടേണ്ടതില്ലെന്ന് സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റെ ഭൂരിപക്ഷ വിധിയുടെ പശ്ചാത്തലത്തിലാണ് തീരുമാനം. മുസ്ലിങ്ങള്‍ക്ക് ആരാധനക്ക് പള്ളി വേണ്ടെന്ന ഉത്തരവ് വിശാല ബെഞ്ചിന് വിടണമെന്നാവശ്യപ്പെട്ട് മുസ്ലിം മത വിശ്വാസികളാണ് ഹര്‍ജി നല്‍കിയത്. മൂന്നംഗ ബെഞ്ചില്‍ രണ്ടു വ്യത്യസ്ത വിധികളുണ്ടായി. വിഷയം വിശാല ബെഞ്ചിന് വിടണമെന്ന് ജസ്റ്റിസ് അബ്ദുള്‍ നസീര്‍ വിധിയെഴുതിയപ്പോള്‍ ചീഫ് ജസ്റ്റിസും ജസ്റ്റിസ് അശോക് ഭൂഷണും വിപരീത വിധിയാണ് എഴുതിയത്. ചീഫ് ജസ്റ്റിസിന് വേണ്ടി ജസ്റ്റിസ് അശോക് ഭൂഷണാണ് വിധി പ്രസ്താവിച്ചത്.

ഇസ്മായില്‍ ഫാറൂഖി കേസില്‍ പള്ളികളെ സംബന്ധിച്ച് 52-ാം  പാരഗ്രാഫില്‍ പറഞ്ഞ പരാമര്‍ശം ആ കേസിന്റെ വസ്തുതകളുടെ അടിസ്ഥാനത്തില്‍ ആണ്. ഇസ്മായില്‍ ഫാറൂഖി കേസില്‍ മുസ്ലിം പള്ളികള്‍ മാത്രം അല്ല, അമ്പലങ്ങള്‍, ക്രൈസ്‌സ്തവ ആരാധനലായങ്ങള്‍ എന്നിവയും സര്‍ക്കാരിന് ഏറ്റെടുക്കാം എന്ന് പറഞ്ഞിട്ടുണ്ടെന്നും ജസ്റ്റിസ് അശോക്  ഭൂഷണ്‍ വിധിന്യായത്തില്‍ പറഞ്ഞു.

വിധി പുനഃപരിശോധിക്കേണ്ടതില്ലെന്നും മുസ്ലിംങ്ങള്‍ക്ക് ആരാധന നടത്താന്‍ പള്ളി അനിവാര്യം അല്ലെന്ന ഭരണഘടനാ ബെഞ്ചിന്റെ വിധി ഫാറൂഖി കേസിന്റെ പശ്ചാത്തലത്തില്‍ ആണ് കാണേണ്ടതെന്നും ചീഫ് ജസ്റ്റിസും ജസ്റ്റിസ് അശോക് ഭൂഷണവും വ്യക്തമാക്കി.

എന്നാല്‍, ഭൂരിപക്ഷ വിധിയോട് ജസ്റ്റിസ് അബ്ദുള്‍ നസീര്‍ വിയോജിച്ചു. പുനഃപരിശോധന ആവശ്യമെന്ന്  ജസ്റ്റിസ് നസീര്‍ പറഞ്ഞു. ആദ്യവിധി സമഗ്രപരിശോധനയില്ലാതെയാണ്. കേസ് ഭരണഘടനാ ബെഞ്ചിന് വിടണമെന്ന് ജസ്റ്റിസ് നസീര്‍ ആവശ്യപ്പെട്ടു.

അയോധ്യയിലെ 2.27 ഏക്കർ തർക്കഭൂമി ഹിന്ദുക്കൾക്കും മുസ്‌ലിംകൾക്കും നിർമോഹി അഖാഡയ്ക്കുമായി മൂന്നായി വിഭജിക്കണമെന്ന് അലഹബാദ് ഹൈക്കോടതിയുടെ ലക്നൗ ബെഞ്ച് 2010 സെപ്റ്റംബർ 30നു വിധിച്ചു. അതിനെതിരെ നിർമോഹി അഖാഡ, ഹിന്ദു മഹാസഭ, ജംയത്തുൽ ഉലമ ഹിന്ദ്, സുന്നി സെൻട്രൽ വഖഫ് ബോർഡ് തുടങ്ങിവയുടേതും വ്യക്തികളുടേതുമായ ഹർജികളാണു സുപ്രീം കോടതിയുടെ പരിഗണനയിലുള്ളത്.

1994 ഒക്ടോബർ 24ലെ വിധിയിൽ സുപ്രീം കോടതിയുടെ മൂന്നംഗ ബെഞ്ചാണു മോസ്ക് ഇസ്‌ലാമിന്റെ അവിഭാജ്യഘടകമല്ലെന്ന പരാമർശം നടത്തിയത്. അതു വളരെ പൊതുസ്വഭാവമുള്ള പരാമർശമായിപ്പോയെന്നും നിലവിലെ കേസിനെ ബാധിക്കുന്നുവെന്നുമാണു ഹർജിക്കാരിൽ ചിലരുടെ നിലപാട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ