എല്‍ഡിഎഫ് കണ്‍വീനറിന്റെ വാദം പൊളിയുന്നു; ബ്രൂവറി അനുവദിച്ചത് നായനാര്‍ സര്‍ക്കാരിന്റെ കാലത്ത്; ലൈസന്‍സ് നല്‍കിയത് ആന്റണി സര്‍ക്കാര്‍

തിരുവനന്തപുരം: മലബാര്‍ ബ്രൂവറിക്ക് എന്‍ഒസി നല്‍കിയത് നായനാര്‍ സര്‍ക്കാരിന്റെ കാലത്തെന്ന് രേഖകള്‍. 1998 സെപ്തംബര്‍ ലൈസന്‍സ് നല്‍കാന്‍ എക്‌സൈസ് കമ്മീഷണര്‍ക്ക് അനുമതി നല്‍കി. എന്നാല്‍ ബ്രൂവറി നിര്‍മാണം പൂര്‍ത്തിയായി ലൈസന്‍സ് നല്‍കിയത് ആന്റണി സര്‍ക്കാരിന്റെ കാലത്താണ്.

ബ്രൂവറിക്ക് ആന്റണി സര്‍ക്കാരാണ് അനുമതി നല്‍കിയതെന്നായിരുന്നു എല്‍ഡിഎഫ് കണ്‍വീനര്‍ എ. വിജയരാഘവന്റെ ആരോപണം. പിന്നാലെ എക്സൈസ് മന്ത്രിയും ഈ ആരോപണം ആവര്‍ത്തിച്ചു. എന്നാല്‍ ബ്രൂവറിക്ക് 2003ല്‍ ആന്റണി നല്‍കിയത് അന്തിമ ലൈസന്‍സാണ്.

ഇതിനിടെ, സംസ്ഥാനത്ത് ബ്രൂവറിയും ഡിസ്റ്റിലറിയും അനുവദിച്ചതില്‍ അഴിമതിയുണ്ടെന്ന് ആവര്‍ത്തിച്ച് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തിയിരുന്നു എക്സൈസ് മന്ത്രിയോട് പത്ത് ചോദ്യങ്ങള്‍ക്ക് മറുപടി ആവശ്യപ്പെട്ടു. ബ്രൂവറി അനുവദിച്ചത് അബ്കാരി നയത്തിന് വിരുദ്ധമാണ്. ഏത് മന്ത്രിസഭാ യോഗമാണ് തീരുമാനമെടുത്തതെന്ന് വ്യക്തമാക്കണം. തൃശൂരിലെ കമ്പനിയുടെ അപേക്ഷയില്‍ എക്സൈസ് ഡെപ്യൂട്ടി കമ്മിഷണറുടെ ശുപാര്‍ശയുണ്ടായിരുന്നോ എന്നതാണ് മറ്റൊരു ചോദ്യം. ആരോപണമുന്നയിച്ചാല്‍ അഴിമതിയാകില്ലെന്നും ചോദ്യങ്ങള്‍ പരിശോധിച്ച് മറുപടി നല്‍കുമെന്നും എക്സൈസ് മന്ത്രി മറുപടി നല്‍കിയിരുന്നു.

1999 മുതല്‍ നിര്‍ത്തിവച്ചിരുന്ന ഡിസ്റ്റിലറി ബ്രൂവറി ലൈസന്‍സ് നല്‍കാന്‍ ഉത്തരവിട്ടത് ആര് ? ഉത്തരവിന്റെ പകര്‍പ്പെവിടെ? ഏത് അബ്കാരി നയമനുസരിച്ചാണ് നടപടി. അബ്കാരി നയത്തിന്റെ പകര്‍പ്പ് പരസ്യപ്പെടുത്താമോ? സര്‍ക്കാരിന്റെ നയപരമായ കാര്യമെന്നിരിക്കെ ഏത് മന്ത്രിസഭായഗോത്തിലാണ് തീരുമാനം മാറ്റിയത്. ജലചൂഷണത്തില്‍ പഠനം നടത്തിയിട്ടുണ്ടോ? തൃശൂരിലെ കമ്പനി ഡിസ്റ്റിലറി തുടങ്ങാന്‍ അപേക്ഷ നല്‍കിയതില്‍ എക്സൈസ് ഡെപ്യുട്ടി കമ്മിഷണര്‍ എക്സൈസ് കമ്മിഷണര്‍ക്ക് ശുപാര്‍ശ നല്‍കിയിരുന്നോ തുടങ്ങിയ പത്ത് ചോദ്യങ്ങളാണ് എക്സൈസ് മന്ത്രിക്ക് പ്രതിപക്ഷനേതാവ് കൈമാറിയത്.

ആരോപണങ്ങളുന്നയിച്ചാല്‍ അത് അഴിമതിയാകില്ലെന്നും പ്രതിപക്ഷനേതാവിന്റെ ചോദ്യങ്ങള്‍ പരിശോധിക്കുമെന്നും എക്സൈസ് മന്ത്രി പറഞ്ഞു. കോടികളുടെ അഴിമതി ഇടപാട് മറയ്ക്കാനുള്ള ശ്രമങ്ങള്‍ അനുവദിക്കില്ലെന്നും നിയമനടപടിക്കൊപ്പം സംസ്ഥാന വ്യാപകമായി പ്രക്ഷോഭത്തിന് തുടക്കമിടുമെന്നും യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബെഹന്നാന്‍ പറഞ്ഞു.