കേരളത്തിന്റെ പുനര്‍നിര്‍മാണത്തിന് നെതര്‍ലന്‍ഡ്സിനോട് കേന്ദ്രം തന്നെ സഹായമഭ്യര്‍ത്ഥിച്ചു

ന്യൂഡല്‍ഹി: കേരളത്തിന്റെ പുനര്‍നിര്‍മാണത്തിന് നെതര്‍ലന്‍ഡ്സിനോട് സാങ്കേതിക സഹായം അഭ്യര്‍ത്ഥിച്ച് കേന്ദ്രസര്‍ക്കാര്‍. ഇന്ത്യന്‍ അംബാസിഡര്‍ വേണു രാജാമണി ഡച്ച് സര്‍ക്കാരിന് കത്ത് നല്‍കി.  തുടര്‍നടപടിക്ക് സമയം വേണമെന്ന് നെതര്‍ലന്‍ഡ് അറിയിച്ചു.

നെതര്‍ലന്‍ഡ്സിനോട് സഹായം തേടാന്‍ വിദേശകാര്യമന്ത്രാലയം അനുമതി നല്‍കിയിരുന്നു.  നെതര്‍ലന്‍ഡ്സ് സാങ്കേതികസംഘത്തിന് ഇന്ത്യ സന്ദര്‍ശിക്കാനാണ് അനുമതി നല്‍കിയത്.  പുനര്‍നിര്‍മ്മാണത്തിന് മുന്നോടിയായി വിദഗ്ധ സംഘത്തെ കേരളത്തിലേക്ക് അയച്ച് പഠനം നടത്തി സംസ്ഥാന സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കും. ലോകത്ത് എവിടെ പ്രകൃതി ദുരന്തം ഉണ്ടായാലും നെതര്‍ലന്‍ഡ്സ് ഇത്തരത്തില്‍ സഹായവാഗ്ദാനങ്ങള്‍ നല്‍കാറുണ്ട്.

കേരളത്തിന് അന്താരാഷ്ട്ര സമൂഹത്തിന്‍റെ ഉള്‍പ്പെടെ സാങ്കേതിക സഹായം ആവശ്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ പറഞ്ഞിരുന്നു. സഹായം എവിടെനിന്ന് കിട്ടിയാലും സ്വീകരിക്കുമെന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാരിന്റേത്. എന്നാല്‍, നെതര്‍ലന്‍ഡ്സ് സഹായം സ്വീകരിക്കുന്നതില്‍ അന്തിമ തീരുമാനം കൈക്കൊള്ളേണ്ടത് കേന്ദ്രസര്‍ക്കാരായിരുന്നു.

നെതര്‍ലന്‍ഡ്സ് അടിസ്ഥാനസൗകര്യ ജലസേചന മന്ത്രി സാങ്കേതിക സഹായം നല്‍കാനുള്ള സന്നദ്ധത അറിയിച്ച് ഇന്ത്യയ്ക്ക് കത്തെഴുതിയിരുന്നു.