ബ്രൂവറിക്കായി കിന്‍ഫ്രയുടെ ഭൂമി നല്‍കിയിട്ടില്ലെന്ന് മന്ത്രി ഇ.പി.ജയരാജന്‍

തിരുവനന്തപുരം: ബ്രൂവറിക്കായി കിന്‍ഫ്രയുടെ ഭൂമി നല്‍കിയിട്ടില്ലെന്ന് മന്ത്രി ഇ.പി.ജയരാജന്‍. കൊടുക്കാത്ത ഭൂമി കൊടുത്തു എന്ന് പറഞ്ഞാണ് ഇപ്പോള്‍ വിവാദം ഉയര്‍ന്നിരിക്കുന്നത്. പ്രതിപക്ഷത്തിന്റെ ആരോപണം കാര്യങ്ങള്‍ അറിയാതെയാണ്. വ്യവസായത്തിനായി ആര് ഭൂമി ചോദിച്ചാലും നല്‍കും. ഇതുവരെ ഭൂമി അനുവദിച്ച് നല്‍കിയിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. ബ്രൂവറി അനുവദിച്ചത് പുനഃപരിശോധിക്കേണ്ട കാര്യമില്ല. എല്ലാ കാര്യങ്ങളും എല്‍ഡിഎഫില്‍ ചര്‍ച്ച ചെയ്യേണ്ടതില്ല. കിന്‍ഫ്രയ്ക്ക് ഭൂമി കൊടുക്കാന്‍ അധികാരമുണ്ടെന്നും ജയരാജന്‍ പറഞ്ഞു.

കിൻഫ്രയുടെ കൈവശം ഭൂമി ഉണ്ടോ എന്ന്​ ചോദിച്ചപ്പോൾ ഉണ്ട്​ എന്നു പറഞ്ഞു എന്നതല്ലാതെ ആർക്കും ഭൂമി അനുവദിച്ചിട്ടില്ല എന്നും ഇ.പി ജയരാജൻ വ്യക്​​തമാക്കി. ആർക്കെങ്കിലും വ്യവസായം തുടങ്ങാന്‍ സ്​ഥലം ആവശ്യമുണ്ടെങ്കിൽ കിൻഫ്രയോട്​ ചോദിക്കും. സ്​ഥലമുണ്ടെങ്കിൽ ഉണ്ട്​ എന്നു പറയും. അതാണ്​ സംഭവിച്ചത്​. എത്രയോ മാസങ്ങൾക്ക്​ മുമ്പാണ്​ ഇതൊക്കെ നടന്നത്​. അടിസ്​ഥാന സൗകര്യങ്ങൾ ഒരുക്കിക്കൊടുക്കാനുള്ള സ്​ഥാപനമാണ്​ കിൻഫ്ര.  കിൻഫ്രയുടെ കൈയിൽ സ്​ഥലമുണ്ടെങ്കിൽ കൊടുക്കുമെന്നും ജയരാജൻ പറഞ്ഞു.

എ.കെ ആന്റണിയുടെ കാലത്താണ്​ ആദ്യമായി ബ്രൂവറി അനുവദിച്ചത്​. താൻ ആർക്കും ഇതുവരെ ഭൂമി അനുവദിച്ചിട്ടില്ല. ഇത്തരം ഒരു പ്രശ്​നവും തന്റെ മുന്നിലെത്തിയിട്ടില്ല. ബ്രൂവറി, ഡിസ്​റ്റിലറി വിഷയത്തിൽ എന്ത്​ സുതാര്യക്കുറവാണ്​ ഉള്ളത്​. ഒരു അപേക്ഷ കിട്ടിയാൽ അത്​ പരിശോധിക്കും.  വ്യവസായത്തിന്​ സ്​ഥലം നൽകാൻ സാധിക്കുമെങ്കിൽ നൽകുമെന്നും ജയരാജൻ പറഞ്ഞു.

എറണാകുളത്തെ കിന്‍ഫ്രയുടെ സ്ഥലം ബ്രൂവറിക്ക് വിട്ടുനല്‍കിയതില്‍ വ്യവസായ വകുപ്പിനും പങ്കു​ണ്ടെന്നായിരുന്നു രമേശ്​ ചെന്നിത്തലയുടെ ആരോപണം. കിൻഫ്രയിൽ ബ്രൂവറി ​തുടങ്ങാൻ 10 ഏക്കർ സ്​ഥലം അനുവദിച്ചുവെന്നും ആരാണ്​ അതിൽ ഒപ്പിട്ടതെന്നും ചെന്നിത്തല ചോദിച്ചിരുന്നു.