കന്യാസ്ത്രീ താമസിക്കുന്ന കുറവിലങ്ങാട്ടെ മഠത്തില്‍ ഫാ. നിക്കോളാസ് മണിപ്പറമ്പില്‍ എത്തിയത് കൊലക്കേസ് പ്രതിക്കൊപ്പമെന്ന് വെളിപ്പെടുത്തല്‍

കോട്ടയം: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ പീഡിപ്പിച്ചുവെന്ന് പരാതി നല്‍കിയ കന്യാസ്ത്രീ താമസിക്കുന്ന കുറവിലങ്ങാട്ടെ മഠത്തില്‍ ഫാ. നിക്കോളാസ് മണിപ്പറമ്പില്‍ കഴിഞ്ഞ ദിവസം എത്തിയത് കൊലക്കേസ് പ്രതിക്കൊപ്പമെന്ന് വെളിപ്പെടുത്തല്‍. കോളിക്കം സൃഷ്ടിച്ച തൊമ്മി വധക്കേസിലെ പ്രതി സജി മൂക്കന്നൂരാണ് മഠത്തിലെത്തിയതെന്നാണ് വെളിപ്പെടുത്തല്‍. വൈദികനൊപ്പം സജി മഠത്തിനകത്തും പ്രവേശിച്ച ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്.

വൈദികന്‍ മഠത്തിലെത്തിയ വാഹനം ഓടിച്ചിരുന്നത് സജി ആയിരുന്നു. തന്റെ മുന്‍ ഇടവകാംഗമാണെന്ന് പറഞ്ഞാണ് വൈദികന്‍ മഠത്തില്‍ സജിയെ പരിചയപ്പെടുത്തിയത്.

2011 ല്‍ കര്‍ഷക നേതാവ് തോമസ് എന്ന തൊമ്മിയെ റബ്ബര്‍ തോട്ടത്തില്‍ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് സജി. കോഴിയിറച്ചി വ്യാപാരവുമായി ബന്ധപ്പെട്ട വ്യക്തി വൈരാഗ്യവും തര്‍ക്കവുമാണ് തോമസിന്റെ കൊലയിലേക്ക് നയിച്ചതെന്നാണ് സജിക്കെതിരായ കേസ്. തമിഴ്‌നാട്ടിലെ ക്വട്ടേഷന്‍ സംഘത്തെ ഉപയോഗിച്ചായിരുന്നു കൊലപാതകം. വധ ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് അറസ്റ്റിലായ സജി അറുപത് ദിവസം റിമാന്‍ഡിലായിരുന്നു. കേസില്‍ വിചാരണ നേരിടുന്നതിനിടെയാണ് സജി വൈദികനൊപ്പം മഠത്തിലെത്തിയത്. ഏറെ മാധ്യമശ്രദ്ധ ലഭിച്ച കൊലക്കേസായിരുന്നു തൊമ്മിവധക്കേസ്.

എന്നാല്‍, സജി കൊലക്കേസ് പ്രതിയാണെന്ന് അറിഞ്ഞിരുന്നില്ലെന്ന് ഫാ.നിക്കോളാസ് മണിപ്പറമ്പില്‍ പ്രതികരിച്ചു.

ഇടവക വികാരി ഫാ. നിക്കോളാസ് മണിപ്പറമ്പില്‍ കുറവിലങ്ങാട് മഠത്തിലെത്തിയത് കന്യാസ്ത്രീകളെ സ്വാധീനിക്കാനാണെന്ന് സിസ്റ്റര്‍ അനുപമ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. കന്യാസ്ത്രീയെ ജലന്ധര്‍ ബിഷപ്പ് ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസില്‍ ഇടപെടലുകള്‍നടത്തിയെന്ന ആരോപണം ഫാ. നിക്കോളാസ് മണിപ്പറമ്പില്‍ നേരിടുന്നുണ്ട്. പരാതിക്കാരിയായ കന്യാസ്ത്രീയുടെ വീട് ഉള്‍പ്പെട്ട പ്രദേശത്തെ ഇടവകാംഗം കൂടിയാണ് അദ്ദേഹം. ആദ്യ ഘട്ടത്തില്‍ ഫാ. നിക്കോളാസ് കന്യാസ്ത്രീകള്‍ക്ക് ഒപ്പം നില്‍ക്കുകയും പിന്നീട് ബിഷപ്പിനെ അനുകൂലിക്കുകയും ചെയ്തിരുന്നു.