പതിനഞ്ചുകാരി കുത്തേറ്റു മരിച്ച സംഭവം: കൊലപാതകം പ്രണയാഭ്യര്‍ഥന നിരസിച്ചതിനല്ലെന്നു പൊലീസ്

മലപ്പുറം: തിരൂരില്‍ പതിനഞ്ചുകാരിയെ  കുത്തി കൊലപ്പെടുത്തിയത് പ്രണയാഭ്യര്‍ഥന നിരസിച്ചതിനല്ലെന്നു പൊലീസ്. കൊലപാതകം നടന്നത് പണമിടപാടുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെയെന്നു പൊലീസ് പറഞ്ഞു. ഇതര സംസ്ഥാന തൊഴിലാളിയായ പ്രതി സാദത്ത് ഹുസൈന്‍, പെണ്‍കുട്ടിയുടെ പിതാവ് നല്‍കാനുള്ള പണം ചോദിച്ചതാണു തര്‍ക്കത്തിനിടയാക്കിയത്. കൊലപാതകം നടന്ന വീട്ടില്‍ പ്രതിയെ എത്തിച്ചു തെളിവെടുപ്പ് നടത്തി. കൊല നടത്തിയ സമയത്തു ധരിച്ച വസ്ത്രങ്ങളും കുത്താനുപയോഗിച്ച കത്തിയും വീട്ടില്‍നിന്നു കണ്ടെത്തി.

കൊല്‍ക്കത്ത സ്വദേശിയായ ഹുസൈന്‍ ആണ് കൊലപാതകം നടത്തിയത്. കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ അച്ഛനൊപ്പം ജോലി ചെയ്തിരുന്ന ആളാണ് ഇയാള്‍. നാലു വര്‍ഷത്തെ കൂലി പെണ്‍കുട്ടിയുടെ പിതാവ് നല്‍കാനുണ്ടായിരുന്നു എന്നു ഹുസൈന്‍ മൊഴി നല്‍കി. വെള്ളിയാഴ്ചയാണു ബംഗാള്‍ സ്വദേശിനി സമീന കാത്തൂരിനെ ഹുസൈന്‍ കത്തി ഉപയോഗിച്ചു കുത്തിക്കൊന്നത്. തൊഴിലാളികള്‍ വാടകയ്ക്കു താമസിക്കുന്ന വീട്ടില്‍വച്ചാണു പെണ്‍കുട്ടിക്കു കുത്തേറ്റത്. പ്രണയാഭ്യര്‍ഥന നിരസിച്ചതാണു കൊലപാതകത്തിലേക്കു നയിച്ചതെന്നായിരുന്നു നാട്ടുകാരില്‍നിന്നു പൊലീസിനു ലഭിച്ച ആദ്യവിവരം.