മനുഷ്യൻ ഒന്നാവാൻ അയ്യപ്പസ്വാമി കാരണമാവട്ടെ

ജയ്‌കുമാർ എൻ കെ
ശബരിമല സ്ത്രീ പ്രവേശന വിധിയെപ്പറ്റി വൈകാരികമായി പ്രതികരിക്കുന്ന ഭക്തജനങ്ങളെല്ലാം പൊതുവായി പറയുന്ന ഒരു കാര്യമുണ്ട്. നമ്മൾ ഹിന്ദുക്കൾ ഒന്നായി നിൽക്കാത്തതിനാലാണ് ഈ പൊല്ലാപ്പെല്ലാം സംഭവിക്കുന്നത് എന്ന കാര്യമാണത്. ഇനിയെങ്കിലും ഹുന്ദുക്കൾ ഒന്നാവു എന്നാണാഹ്വാനം.

ഹിന്ദുക്കൾ ഒന്നാവേണ്ടത് ഈ കാലഘട്ടത്തിന്റെ/ സമൂഹത്തിന്റെ ആവശ്യമാണ്. എല്ലാ ജാതി സമൂഹങ്ങളും വിത്യാസങ്ങളെല്ലാം മറന്നു ഒരൊറ്റ ജാതിയാവണം. അവിടെ പുലയാനുണ്ടാവരുത് , ആദിവാസിയുണ്ടാവരുത്, ബ്രാഹ്മണനുണ്ടാവരുത്, നായരുണ്ടാവരുത്, ഈഴവനുണ്ടാവരുത്, പറയനുണ്ടാവരുത്.ബാക്കി കാക്കത്തൊള്ളായിരം ജാതികളും ഉണ്ടാവരുത്. കറുത്തവനും, വെളുത്തവനും, ആഢ്യനും, അസ്പൃശ്യനുംമുണ്ടാവരുത്..

ഞങ്ങളും അവരുമുണ്ടാവരുത്.

ഇനിയൊരിക്കലും ‘ആ ചോവന്റെ വീട്ടിൽ പോയി ഊണ് ആരെങ്കിലും കഴിക്കുമോ’ എന്ന ചോദ്യം ഉയരരുത് . പുലയന്റെ കൂടെ ഇറങ്ങിപ്പോയ കുടുംബത്തിലെ പെണ്ണിനെ പറ്റി അപമാനത്തോടെ ‘ മേത്തന്റെ കൂടെ പോയാലും സാരമില്ലായിരുന്നു’ എന്ന് പരിതപ്പിക്കാൻ ഇടവരരുത്. പറയന്റെ വീട്ടിലെ കല്യാണത്തിന് ക്ഷണിച്ചാൽ തലേ ദിവസം പോയി തല കാണിച്ചു ചായ പോലും കുടിക്കാതെ ഇറങ്ങി വരികയും ചെയ്യരുത്.

എല്ലാ വർണ്ണങ്ങളും മറന്നു മലയാളികളിൽ അറുപതു ശതമാനത്തോളം ആളുകൾ ഒന്നായാൽത്തന്നെ സമൂഹത്തിൽ എത്ര വലിയ പുരോഗതിയാവും ഉണ്ടാവുക!!!!. ശ്രീ നാരായണഗുരുവിനെ പ്പോലെയുള്ള സാമൂഹ്യ പരിഷ്കർത്താക്കളൊക്കെ വിചാരിട്ടും നടക്കാത്ത കാര്യം നടക്കട്ടെ. എന്നെസ്സെസ്സും, എസ്എന്ഡിപിയും, കെപിഎംമെസ്സും , വെള്ളാളമഹാസഭയും, യോഗക്ഷേമസഭയും എല്ലാം പിരിച്ചു വിടപ്പെടട്ടെ. അങ്ങനെ മനുഷ്യൻ ഒന്നാവാൻ അയ്യപ്പസ്വാമി കാരണമാവട്ടെ,

കൂടെ നൈഷ്ഠിക ബ്രഹ്മചര്യയായ അയ്യപ്പസ്വാമിയെ പൂജിക്കാൻ നൈഷ്ഠിക ബ്രഹ്മചാര്യയായ, സ്ത്രീസുഖമറിയാത്ത ശാന്തിയും, മേൽശാന്തിയും, തന്ത്രിയും ഒക്കെ വരട്ടെ…