അവിലുപ്പുമാവും വാട്ടിയ പഴവുമാവട്ടെ ഇന്നത്തെ ബ്രേക്ഫാസ്റ്റ്

മിനി വിശ്വനാഥൻ
ഉപ്പുമാവിന്റെ ആദ്യ ഓർമകൾ ഒന്നാം ക്ലാസിലെ രണ്ടാമത്തേയോ മൂന്നാമത്തേയോ പിരീഡാണ്.

വലിയ ഉരുളിയിൽ എണ്ണയിൽ കടുക് പൊട്ടുന്ന മണത്തിലേക്ക് കഴുകി വാർത്ത ഗോതമ്പ് നുറുക്ക് വീഴുന്ന ശീ എന്ന ശബ്ദമായിരുന്നു അത്. മൂക്കും ചെവിയും നാവും ഒരേ സമയം ജാഗരൂകരാവുന്ന നിമിഷം. സ്കൂളിൽ നിന്ന് ഉപ്പുമാവ് കഴിക്കുന്നതിന് വിലക്കുണ്ട് വീട്ടിൽ നിന്ന്. ഉച്ചക്ക് ഉണ്ണാൻ പോവാത്ത കുട്ടികൾക്കുള്ള അന്നമാണത്. പക്ഷേ ന്യായാന്യായങ്ങളലട്ടാത്ത ആ ആറ് വയസിന്റെ നിഷ്കളങ്കത ഇല ചീന്തിലെ ഉപ്പ് മാവ് വയറ്റിലാക്കി ഉടുപ്പിൽ കൈ തുടച്ച് എണീറ്റു വരാൻ സഹായിച്ചു.
വയനാട്ടിലെ കോൺവെന്റ് സ്കൂളിൽ ഉച്ചയ്ക്ക് ഉപ്പുമാവു മണമുണ്ടായിരുന്നില്ല… ഉപ്പുമാവിന്റെ മണമായിരുന്നു എന്റെ ആദ്യത്തെ ഗൃഹാതുര സ്മരണകളും. തിരിച്ച് നാട്ടിലെ സർക്കാർ സ്കൂളിലെത്തിയപ്പോൾ ഉപ്പ് മാവ് കാലം കഴിഞ്ഞിരുന്നു.അഞ്ചാം ക്ലാസുകാർക്ക് അന്ന് ഉപ്പുമാവില്ല. പക്ഷേ സമൃദ്ധമായ ഉപ്പുമാവ് മണത്തിൽ നാലാമത്തെ പിരീഡ് കഴിഞ്ഞു പോയി എന്നും.

ഉപ്പുമാവിനോടുള്ള കൊതി അവിടെ നിന്ന് തുടങ്ങിയതാണ്… സ്കൂൾ ഉപ്പുമാവിന്റെ രുചി അമ്മമാരുടെ വാത്സല്യച്ചേരുവക്ക് പോലും തിരിച്ച് തരാനായില്ലെന്നത് ഒരു പരമാർത്ഥം. ഉപ്പുമാവ് എനിക്ക് രുചിയായിരുന്നില്ല; മണമായിരുന്നു. വികാരമായിരുന്നു.

അടുത്ത ഘട്ടത്തിലെ ഉപ്പ്മാവ് ഓർമ്മകളിൽ പെയിന്റിന്റെയും മൈസൂർ പഴത്തിന്റെയും ഗന്ധങ്ങൾ കൂടിചേർന്ന കല്യാണ വീടുകൾ കൂടിയുണ്ടായിരുന്നു. കറിവേപ്പിലയും തേങ്ങയും ഇടക്കിടക്ക് തെളിഞ്ഞു കാണുന്ന വാഴയിലയിൽ ചിരിച്ചിരിക്കുന്ന അവിൽ ഉപ്പുമാവ്.

എന്റെ ആദ്യത്തെ വ്യാക്കൂണും ഉപ്പ്മാവിന് വേണ്ടിയായിരുന്നു.പുളി മാങ്ങയുടെയും മസാല ദോശകളുടെയും ഇടയിൽ എന്റെ അവിലുപ്പ്മാവ് പൂതിയും തലയുയർത്തിയങ്ങനെ നിന്നു. പോഷകസമൃദ്ധമായ അവിലുപ്പ്മാവ് അമ്മമാർ നെയ്യിന്റെയും അണ്ടിപ്പരിപ്പിന്റെയും ആഡംബരത്തോടെ വൈകീട്ടത്തെ നാലു മണി പലഹാരത്തിൽ ഉൾപ്പെടുത്തി.

ഉപ്പുമാവിഷ്ടമില്ലാത്ത കസിൻ കുട്ടികൾക്കിടയിൽ ഞാൻ മിടുക്കിക്കുട്ടിയായി കല്യാണവീട്ടിലെ പ്രാതലിന് മുന്നിൽ പടിഞ്ഞിരുന്നു. കെട്ടിക്കൊണ്ടുപോയ വീട്ടിലും കിട്ടുമോ ഇത് എന്ന് ആരോ കളിയായി ചോദിച്ചു.

കല്യാണം കഴിഞ്ഞ് ഒരാഴ്ച കഴിഞ്ഞപ്പോളൊരു ദിവസം ഒരു സ്ത്രീ വലിയൊരു കുട്ട തലയിൽ വെച്ച് വീട്ടിലേക്ക് കയറി വന്നു. അധികാരത്തോടെ ആ കുട്ട ഉമ്മറത്തേക്ക് ഇറക്കിവെച്ച് അകത്തേക്ക് നോക്കി നീട്ടിയൊരു വിളി… അതിനിടയിൽ പുതിയ പെണ്ണിനെ അടിമുടിയൊന്ന് നോക്കി കുട്ടമൂടിയ കവറ് മാറ്റി… നല്ല പുതിയ നെല്ല് കുത്തിയ അവിലിന്റെ മണം… മൂക്ക് വിടർത്തി ഒന്നുകൂടി ശ്വസിച്ചു. അത് തന്നെ.. അപ്പോഴേക്കും അമ്മ മുറവുമായി കടന്നു വന്നു. നിന്നെ എന്താ കാണാഞ്ഞേന്ന് ആലോചിക്കുകയായിരുന്നെന്ന് പറഞ്ഞ് മുന്നാഴി അവൽ അളന്ന് വാങ്ങി.
“ഒരു നാഴി അധികമെടുത്തോ, പുതിയ പെണ്ണൊക്കെയുള്ളതല്ലേ ” എന്ന ഒരു പ്രസ്താവനയോടെ ഒരു നാഴികൂടി അളന്നു മുറത്തിലിട്ടു നാരായണിയേടത്തി എന്ന അവിലമ്മ. അതിനിടെ ഒരു പിടി പച്ച അവിൽ രുചി നോക്കാൻ എനിക്കും തന്നു.

വെറുതെയല്ല ശ്രീകൃഷ്ണൻ കുചേലന് ചോദിക്കാതെ തന്നെ എല്ലാ സൗഭാഗ്യങ്ങളും സമ്മാനിച്ചത്.

അവിലുപ്പുമാവും വാട്ടിയ പഴവുമാവട്ടെ ഇന്നത്തെ ബ്രേക്ഫാസ്റ്റ് എന്ന് അച്ഛനും സമ്മതം.
അമ്മാളുവല്യമ്മ ഉള്ളിയും ഇഞ്ചിയും പച്ചമുളകും നുറുക്കിത്തുടങ്ങി.

അവിൽ, തേങ്ങ, ഉള്ളി, ഇഞ്ചി, പച്ചമുളക്, കടുക്, വെളിച്ചെണ്ണ, വറ്റൽമുളക്, കറിവേപ്പില, ഉപ്പ് എന്നിവയാണ് പ്രധാന ചേരുവകൾ. രുചികൂട്ടാനും അലങ്കരിക്കണമെങ്കിലും വറുത്ത കശുവണ്ടിപ്പരിപ്പ് കൂടിയാവാം.

അവിൽ നന്നായി പാറ്റിപ്പെറുക്കി വെക്കണം. തേങ്ങ ചിരവിയത് അര മുറിയാവാം രണ്ട് കപ്പ് അവിലിന്.(മട്ട അരിയുടെ അവലാണ് ഉപ്പുമാവിന് നല്ലത് )

ആവശ്യത്തിന് ഉപ്പു ചേർത്ത വെള്ളത്തിൽ ഇട്ട് പെട്ടെന്ന് തന്നെ പിഴിഞ്ഞെടുത്ത് മാറ്റിവെക്കണം.ഈ ഉപ്പ് വെള്ള പ്രയോഗത്തിൽ നിന്നാണ് ഉപ്പുമാവിന്റെ ഉപ്പ് വരുന്നത്. അവിൽ സോഫ്ടാവുന്നതും.അധികം കുതിരാൻ പാടില്ല. പെട്ടെന്ന് പിഴിഞ്ഞ് എടുക്കണം.

ചെറിയ ഒരു ഉരുളി അടുപ്പത്ത് കയറ്റുക .. എണ്ണയിൽ കടുക് പൊട്ടുമ്പോൾ കറിവേപ്പില, വറ്റൽമുളക് എന്നിവയിട്ടതിന് ശേഷം ചെറുതായി അരിഞ്ഞ ഉള്ളി ,ഇഞ്ചി, പച്ചമുളക് എന്നിവ ചേർത്ത് നന്നായി വഴറ്റുക.ഇതിലേക്ക് കുതിർത്ത് വെച്ച അവിലും തേങ്ങയും ചേർത്ത് നന്നായി ഇളക്കി അടച്ച് വെച്ച് ചെറുതീയിൽ അഞ്ച് മിനുട്ട് ……. ഉപ്പ് കുറവാണെങ്കിൽ ഉപ്പ് വെള്ളം കുടഞ്ഞ് ചേർക്കാം. പത്ത് പതിനഞ്ച് മിനിട്ടിനുള്ളിൽ രുചികരവും പോഷക സമൃദ്ധവുമായ അവിൽ ഉപ്പ് മാവ് റെഡി.

കൂടെ കഴിക്കാൻ പഴം വാട്ടിയത് നിർബന്ധം അച്ഛന് .ഉണ്ടാക്കാനെളുപ്പമായത് കൊണ്ട് അമ്മയും ഹാപ്പി.

നല്ല പഴുത്ത ഏത്ത / നേന്ത്രപ്പഴം പകുതി മുറിച്ച് വീണ്ടും നേരിയ കഷണങ്ങളാക്കി മുറിക്കുക. തവ ചൂടാവുമ്പോൾ അല്പം നെയ്യൊഴിച്ച് തവയിൽ പഴക്കഷണങ്ങൾ നിരത്തി വെക്കണം. തീ വളരെ ചെറുതായേ പാടുള്ളു.പഴം ഒരു രണ്ട് മിനുട്ടിന് ശേഷം തിരിച്ചിടാം… നെയ്യ് കുറച്ച് കൂടെ ഒഴിക്കാം. പഴം നന്നായി വാടിയാൽ പഞ്ചസാര വിതറി ഉരുകുമ്പോൾ തീ ഓഫ് ചെയ്യാം.

കാരമലൈസ്ഡ് ബനാന എന്നു ഓമന പേരിൽ വിളിച്ചാൽ ശ്രീ പൂജയും പഴത്തിന്റെ കൂടെ ഉപ്പുമാവ് കഴിക്കും;അച്ചാച്ഛനെ പോലെ.