മുഖ്യമന്ത്രി കണ്ണുരുട്ടിയപ്പോള്‍ ദേവസ്വം പ്രസിഡന്റ് നിലപാട് മാറ്റിയെന്ന് ചെന്നിത്തല

തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശനത്തില്‍ മുഖ്യമന്ത്രി കണ്ണുരുട്ടിയപ്പോള്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് നിലപാട് മാറ്റിയെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല.

തുടര്‍ നിയമനടപടികള്‍ സ്വീകരിക്കണമോ എന്ന കാര്യം നാളെ ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും നാളെ തന്നെ മുന്‍ ദേവസ്വം പ്രസിഡന്റുമാരുടെ യോഗം വിളിക്കുമെന്നും വെള്ളിയാഴ്ച പത്തനംതിട്ടയില്‍ കോണ്‍ഗ്രസ് ഉപവാസ സമരം നടത്തുമെന്നും ചെന്നിത്തല വ്യക്തമാക്കി.

ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളെ പ്രവേശിപ്പിക്കാമെന്ന സുപ്രീംകോടതി ഉത്തരവിനെതിരെ റിവ്യൂ ഹര്‍ജി നല്‍കില്ലെന്നാണ് ദേവസ്വം ബോര്‍ഡ് യോഗത്തില്‍ തീരുമാനമായത്.

കോടതി ഉത്തരവ് നടപ്പാക്കാനുള്ള നടപടികളുമായി മുന്നോട്ട് പോകുവാനും യോഗത്തില്‍ തീരുമാനമായിട്ടുണ്ട്. സ്ത്രീകള്‍ക്ക് നിലയ്ക്കല്‍, പമ്പ, ശബരിമല എന്നിവിടങ്ങളില്‍ പ്രത്യേക സൗകര്യങ്ങളൊരുക്കാനും തീരുമാനമായി.

ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശനാനുമതി നല്‍കിയ സുപ്രീം കോടതി വിധിക്കെതിരെ പുനപരിശോധനാ ഹര്‍ജി നല്‍കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചിരുന്നു. സര്‍ക്കാര്‍ സുപ്രീം കോടതി നിലപാടിനു ഒപ്പമാണെന്നും കോടതി എന്തുപറഞ്ഞോ അത് ഒരു വിട്ടുവീഴ്ചയില്ലാതെ നടപ്പാക്കുമെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ