ശബരിമല സ്ത്രീപ്രവേശനം: ദേവസ്വം ബോര്‍ഡ് സര്‍ക്കാര്‍ നിലപാടിനൊപ്പം; സുപ്രീംകോടതിയില്‍ റിവ്യൂ ഹര്‍ജി നല്‍കേണ്ടെന്ന് ബോര്‍ഡ് തീരുമാനം

തിരുവനന്തപുരം: ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കാമെന്ന സുപ്രീംകോടതി ഉത്തരവിനെതിരെ റിവ്യൂ ഹര്‍ജി നല്‍കില്ല. ഇത് സംബന്ധിച്ച് ഇന്ന് ചേര്‍ന്ന ദേവസ്വം ബോര്‍ഡ് യോഗത്തിലാണ് തീരുമാനം എടുത്തത്. കോടതി ഉത്തരവ് നടപ്പാക്കാനുള്ള നടപടികളുമായി മുന്നോട്ട് പോകാനും യോഗത്തില്‍ തീരുമാനമായി. സ്ത്രീകള്‍ക്ക് നിലയ്ക്കല്‍, പമ്പ, ശബരിമല എന്നിവിടങ്ങളില്‍ പ്രത്യേക സൗകര്യങ്ങളൊരുക്കും.

വിധി നടപ്പാക്കുന്നതിന് കൂടുതല്‍ സൗകര്യങ്ങള്‍ സമയബന്ധിതമായി നടപ്പാക്കും. തിരക്കൊഴിവാക്കാന്‍ സന്നിധാനത്ത് തങ്ങുന്നത് നിരുത്സാഹപ്പെടുത്താനും തീരുമാനമായി. നിലവിലുള്ള സാഹചര്യത്തെ നിലനിർത്തി ഉൽസവകാലം നന്നായി നടത്തുന്നത് യോഗം ചർച്ച ചെയ്തു. സുപ്രീം കോടതിയുടെ തീരുമാനത്തെ മാനിക്കുന്നുവെന്നും യോഗം വ്യക്തമാക്കി. വിധിയെക്കുറിച്ച് അഭിഭാഷകരുടെ വിദഗ്ധ അഭിപ്രായം ബോര്‍ഡ് തേടിയിരുന്നു.

പുനഃപരിശോധന തുറന്ന കോടതിയിൽ എത്താൻ പോലും സാധ്യതയില്ലെന്നാണ് വിലയിരുത്തൽ. വിശ്വാസികളായ സ്ത്രീകളുടെ ബുദ്ധിമുട്ടുകൾ‌ നന്നായി അറിയാമെന്നു ദേവസ്വം ബോർഡ് പ്രസിഡന്റ് വ്യക്തമാക്കി. നിലയ്ക്കൽ, പമ്പ എന്നിവിടങ്ങളിൽ കൂടുതൽ ക്രമീകരണങ്ങൾ ചെയ്യും. പമ്പ ഹിൽ ടോപ്പിൽനിന്നു ഗണപതി അമ്പലത്തിലേക്ക് പാലം പണിയും. നിലയ്ക്കലിൽ 600 ശുചിമുറികളും പമ്പയിൽ 700 ശുചിമുറികളും നിർമിക്കുമെന്നും യോഗത്തിനുശേഷം പത്മകുമാർ പറഞ്ഞു.

പുനഃപരിശോധനാ ഹർജി നൽകില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. സ്ത്രീകള്‍ ദര്‍ശനത്തിനെത്തിയാല്‍ നല്‍കേണ്ട സുരക്ഷ, സൗകര്യങ്ങള്‍ എന്നിവയെ കുറിച്ചും ബോര്‍ഡ് യോഗം ചർച്ച ചെയ്തു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ചേര്‍ന്ന ഉന്നതതല യോഗത്തിലെ തീരുമാനങ്ങള്‍ നടപ്പാക്കാന്‍ ബോര്‍ഡ് ബാധ്യസ്ഥമാണെന്നും അദ്ദേഹം വ്യക്തമാക്കി.