ഔദ്യോഗിക ബഹുമതികളോടെ ബാലഭാസ്‌കറിന് സംഗീതലോകം വിട നല്‍കി

തൈക്കാട്: അതുല്യ പ്രതിഭ ബാലഭാസ്‌കറിന് സംഗീതലോകം വിട നല്‍കി. സംസ്‌കാരം തൈക്കാട് ശാന്തി കവാടത്തില്‍ ഔദ്യോഗികബഹുമതികളോടെ നടന്നു. സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും ഉള്‍പ്പെടെ നൂറുകണക്കിനാളുകളാണ് പ്രിയകലാകാരനെ ഒരു നോക്കു കാണാന്‍ ഇവിടെ എത്തിയത്.

വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ബാലഭാസ്‌കര്‍ അനന്തപുരി ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്. 12.57നുണ്ടായ ഹൃദയാഘാതമാണ് മരണത്തിന് ഇടയാക്കിയതെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. വെന്റിലേറ്ററില്‍ ചികിത്സയിലായിരുന്ന ബാലഭാസ്‌കറിന്റെ നില മെച്ചപ്പെട്ടുവരുന്നതിനിടെയാണ് ഹൃദയാഘാതം ഉണ്ടായത്.

കഴിഞ്ഞ ചൊവ്വാഴ്ച പുലര്‍ച്ചെയായിരുന്നു ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടത്. നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ വലതുവശത്തേക്കു തെന്നിമാറി റോഡരികിലെ മരത്തില്‍ ഇടിക്കുകയായിരുന്നു. വാഹനത്തില്‍ ഒപ്പമുണ്ടായിരുന്ന ബാലഭാസ്‌കറിന്റെ മകള്‍ രണ്ടു വയസുകാരി തേജസ്വിനി ബാല നേരത്തെ മരിച്ചിരുന്നു. തലച്ചോറിനും കഴുത്തെല്ലിനും നട്ടെല്ലിനും ശ്വാസകോശത്തിനും സാരമായി ക്ഷതമേറ്റ ബാലഭാസ്‌കറിനെ രണ്ടു ശസ്ത്രക്രിയകള്‍ക്കു വിധേയനാക്കിയിരുന്നു. ഗുരുതര പരുക്കുകളോടെ ഭാര്യ ലക്ഷ്മി (38), സുഹൃത്ത് അര്‍ജുന്‍ (29) എന്നിവര്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്.

വാദ്യോപകരണ ഫ്യൂഷന്‍ രംഗത്ത് ആസ്വാദകരെ ഒരിക്കലും മുഷിപ്പിക്കാത്ത സംഗീത പര്യടനമായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. വേദിയില്‍ ബാലഭാസ്‌ക്കര്‍ നില്‍ക്കുന്നത് തന്നെ സര്‍വ്വവും സംഗീതത്തില്‍ അര്‍പ്പിച്ചായിരുന്നു.

മൂന്നാം വയസ്സില്‍ കൈയ്യില്‍ കിട്ടിയ വയലിന്‍ കളിപ്പാട്ടം ജീവിതാവസാനം വരെ ജീവവായു പോലെ കൊണ്ടു നടന്നു. സംഗീത പാരമ്പര്യമുള്ള കുടുംബമായതിനാല്‍ എല്ലാ പിന്തുണയും ലഭിച്ചു. സി.കെ ഉണ്ണി, ശാന്തകുമാരി ദമ്പതികളുടെ മകനായാണ് ബാലു എന്ന ബാലഭാസ്‌ക്കര്‍ ജനിക്കുന്നത്. അമ്മാവന്‍ ബി.ശശികുമാര്‍ തെളിച്ച വഴിയിലൂടെ സംഗീതത്തിന്റെ ലഹരിയിലേയ്ക്ക് പന്ത്രണ്ടാം വയസ്സിലാണ് ആദ്യ കച്ചേരി. കൗമാരത്തിന്റെ ആഘോഷങ്ങള്‍ക്കിടയില്‍ മംഗല്യ പല്ലക്ക് എന്ന് സിനിമയില്‍ സംഗീത സംവിധായകന്റെ വേഷത്തിലെത്തി. വെറും 17 വയസ്സു പ്രായമുള്ളപ്പോള്‍.. മലയാളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സംഗീത സംവിധായകന്റെ ഉദയമായിരുന്നു അത്.

ഈസ്റ്റ് കോസ്റ്റ് ആല്‍ബങ്ങള്‍ ഹിറ്റായിരുന്ന 2000 കാലഘട്ടങ്ങളില്‍ ബാലഭാസ്‌ക്കര്‍ എന്ന പേര് തന്നെ മലയാളിക്ക് ഏറ്റവും പ്രിയപ്പെട്ടതായി. ആ പ്രണയഗാനങ്ങള്‍ ഇന്നും എല്ലാവരുടെ ചുണ്ടിലും മായാതെ നില്‍ക്കുന്നു. വെള്ളിത്തിരയില്‍ നല്ല അവസരങ്ങള്‍ ഉണ്ടായെങ്കിലും അതില്‍ ഒതുങ്ങാന്‍ അദ്ദേഹത്തിനായില്ല. സ്റ്റേജ് ഷോകളിലൂടെയും മറ്റും ലോകത്താകമാനം പ്രേഷകരെ ഞെട്ടിച്ചു കളഞ്ഞു.

വയലിനിലെ അനന്ത സാധ്യതകളെക്കുറിച്ച് അദ്ദേഹം എന്നും ഗവേഷണത്തിലായിരുന്നു. പാശ്ചാത്യ പൗരസ്ഥ്യ സംഗീതത്തിന്റെ വഴികള്‍ ഇഴ ചേര്‍ന്നു വഴങ്ങുന്ന പ്രതിഭാസമായിരുന്നു ബാലഭാസ്‌ക്കര്‍. കര്‍ണാടക സംഗീതത്തെ അടുത്തറിയാന്‍ യൂണിവേഴ്‌സിറ്റി കോളജില്‍ നിന്ന് സംസ്‌കൃതത്തില്‍ എംഎ എടുത്തു. കോളേജ് സുഹൃത്തുക്കളുമായി ചേര്‍ന്ന് കണ്‍ഫ്യൂഷന്‍ എന്ന പേരില്‍ ബാന്‍ഡ് രൂപീകരിച്ചു. 22ാം വയസ്സില്‍ ബിഎ പഠനം പൂര്‍ത്തിയാകുന്ന സമയത്തായിരുന്നു വിവാഹം.

ശിവമണിയും ബാലഭാസ്‌ക്കറും സ്റ്റീഫന്‍ ദേവസ്യയും ചേര്‍ന്നൊരുക്കുന്ന സംഗീത വിരുന്നിന് പകരം വയ്ക്കാന്‍ മറ്റൊന്നും തന്നെ ഉണ്ടായിരുന്നില്ല. ഗാനഗന്ധര്‍വ്വന്‍ കെജെ യേശുദാസ്, കെഎസ് ചിത്ര, മട്ടന്നൂര്‍ ശങ്കരന്‍കുട്ടി, തുടങ്ങിയ പ്രമുഖര്‍ക്കൊപ്പം എല്ലാം വേദികള്‍ പങ്കിട്ടു. ബാലലീലയെന്ന ബാന്‍ഡുമായി കൂടുതല്‍ ഉയരങ്ങള്‍ കീഴടക്കാനുള്ള യാത്രയ്ക്കിടെയായിരുന്നു അപ്രതീക്ഷിത വിയോഗം. 15 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം പിറന്ന മകള്‍ തേജസ്വിക്ക് കൂട്ടായി ബാലഭാസ്‌ക്കര്‍ സ്വര്‍ഗ്ഗീയ സംഗീതം മീട്ടിക്കൊണ്ടേയിരിക്കും.