അനില്‍ അംബാനി പൈസ തരാതെ പറ്റിച്ചു; സ്വീഡിഷ് കമ്പനി സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി: റിലയന്‍സ് ഗ്രൂപ്പ് മേധാവി അനില്‍ അംബാനിയ്‌ക്കെതിരെ സ്വീഡിഷ് ടെലികോം കമ്പനിയായ എറിക്‌സണ്‍ സുപ്രീംകോടതിയില്‍. നിയമനടപടി ക്രമങ്ങളില്‍ വീഴ്ചവരുത്തിയതിന് 550 കോടി രൂപ അടക്കാമെന്ന് ഉറപ്പുനല്‍കിയിരുന്നെന്നും എന്നാല്‍ ഇത് പാലിക്കപ്പെട്ടില്ലെന്നും ചൂണ്ടിക്കാട്ടിയാണ് എറിക്‌സണ്‍ കോടതിയെ സമീപിച്ചിരിക്കുന്നത്. അനില്‍ അംബാനി നാടുവിട്ട് പോകുന്നത് തടയണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

അനില്‍ അംബാനിക്കു പുറമേ രണ്ട് മുതിര്‍ന്ന എക്‌സിക്യുട്ടീവുകള്‍ക്കെതിരെയും കമ്പനി കോടതിയല്‍ ഹര്‍ജി സമര്‍പ്പിച്ചു. 45,000 കോടി നഷ്ടത്തില്‍ മുന്നോട്ടുപോകുന്ന അനില്‍ അംബാനി ഗ്രൂപ്പുമായി ചെയ്ത ബിസിനസിനു പകരായി തുക ലഭിക്കണമെന്നാണ് എറിക്‌സണിന്റെ ആവശ്യം.

നേരത്തെ 1600 കോടി രൂപ അനില്‍ അംബാനി ഗ്രൂപ്പ് നല്‍കണമെന്നായിരുന്നു ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ കോടതിയുടെ ഇടപെടലിനെ തുടര്‍ന്നുണ്ടാക്കിയ ഒത്തുതീര്‍പ്പിന്റെ ഫലമായി ഇത് 550 കോടി രൂപയാക്കി കുറച്ചു.

കഴിഞ്ഞ സെപ്റ്റംബര്‍ 30നു മുമ്പ് തുക നല്‍കാമെന്നായിരുന്നു അംബാനിയുടെ ഉറപ്പ്. എന്നാല്‍ ആ തുക ഇതുവരെ ലഭിച്ചിട്ടില്ലെന്നും അതിനാലാണ് വീണ്ടു നിയമ വഴി തേടുന്നതെന്നും ഹര്‍ജിയില്‍ വിശദീകരിക്കുന്നു. അംബാനിയ്ക്ക് രാജ്യത്തെ നിയമത്തെ ഒരു വിലയുമില്ല. അവര്‍ നിരന്തരം നിയമങ്ങള്‍ ലംഘിക്കുകയാണെന്നും എറിക്‌സണ്‍ കുറ്റപ്പെടുത്തി.

അനില്‍ അംബാനി നാടുവിടുന്നത് തടഞ്ഞുകൊണ്ട് കമ്പനിയ്‌ക്കെതിരെ കോടതിയലക്ഷ്യ നടപടികള്‍ സ്വീകരിക്കണമെന്നാണ് ഹര്‍ജി. കോടതിയുടെ അനുമതിയില്ലാതെ ഈ വ്യക്തികള്‍ രാജ്യം വിട്ടു പോകുന്നത് തടയണമെന്നും കമ്പനി ആവശ്യപ്പെട്ടിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ