മാധ്യമപ്രവർത്തകരുടേതടക്കം ആരുടെയും സ്മാർട്ട് ഫോണുകൾ സുരക്ഷിതമല്ല.

സർക്കാരുകൾക്ക് സ്പൈവെയർ നിർമിച്ചുകൊടുക്കുന്ന ഇസ്രയേലിലെ എൻഎസ്ഒ ഗ്രൂപ്പ് എന്ന കമ്പനിയുടെ പെഗാസസ് എന്ന സ്പൈവെയർ ഉപയോഗിച്ച് മാധ്യമപ്രവർത്തകർ, രാഷ്ട്രീയ നേതാക്കൾ, അഭിഭാഷകർ, മനുഷ്യാവകാശ പ്രവർത്തകർ എന്നിവരുടേതടക്കം ഫോൺ ഹാക്ക് ചെയ്യുന്നതായി സൈബർ പ്രവർത്തകർ കണ്ടെത്തി.

ഇന്ത്യയിലടക്കം 45 രാജ്യങ്ങളിൽ പെഗാസസ് എത്തിയിട്ടുണ്ടെന്ന് സിറ്റിസൺ ലാബ് റിപ്പോർട്ട് ചെയ്യുന്നു. ഇന്ത്യയിൽ ഗാൻജസ് (GANGES) എന്ന ഓപ്പറേറ്റർ എട്ട് ഫോൺ ശൃംഖലകളിലൂടെ ചോർത്തൽ നടത്തുന്നു. രാഷ്ട്രീയലക്ഷ്യമാകാം ഇതിനു പിന്നിലെന്ന് സംശയമുണ്ട്.

സ്മാർട്ട് ഫോണുകളിൽനിന്ന് എല്ലാ വിവരങ്ങളും ചോർത്തിയെടുക്കുന്ന സ്പൈവെയറാണ് പെഗാസസ്. ഐഒഎസ്, ആൻഡ്രോയ് ഡ് ഫോണുകളെ ഒന്നുപോലെ ഇത് ഇരകളാക്കും. ഇന്ന് ലോകത്തിലെ 36 സർക്കാർ സ്ഥാപനങ്ങൾ പെഗാസസ് ഉപയോഗിക്കുന്നുണ്ട്. ഇതിൽ പത്തെണ്ണവും സ്വന്തം രാജ്യത്തിനു പുറത്തുള്ളവരെയാണ് നിരീക്ഷിക്കുന്നത്.

അമേരിക്ക, മെക് സിക്കോ, സൌദി അറേബ്യ, കാനഡ, മധ്യപൂർവേഷ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിൽ പെഗാസസ് ബാധ കണ്ടുപിടിച്ചുകഴിഞ്ഞു. റഷ്യ, ചൈന, ഓസ്ട്രേലിയ, അർജൻറീന, സ്കാൻഡിനേവിയൻ രാജ്യങ്ങൾ എന്നിവിടങ്ങളിൽ ഇതുവരെ കണ്ടെത്തിയിട്ടില്ല. ഇന്ത്യ, പാക്കിസ്ഥാൻ, ബംഗ്ലാദേശ്, തുടങ്ങിയ രാജ്യങ്ങളെല്ലാം ഈ സ് പൈവെയറിൻറെ നിരീക്ഷണത്തിലാണ്.

വൻതുകയാണ് പെഗാസസ് ഫീസായി വാങ്ങുന്നത്. പത്തു പേരെ നിരീക്ഷിക്കാൻ 4.78 കോടി രൂപയാണ് ഫീസ്. ഇതിൽ മൂന്നര കോടിയും അഡ്വാൻസായി വാങ്ങും.

എങ്ങനെയാണ് പെഗാസസ് എത്തുന്നത്

തങ്ങൾക്കു നിരീക്ഷിക്കേണ്ട സ് മാർട്ട് ഫോൺ ഉടമസ്ഥർ സ്ഥിരമായി നോക്കുന്ന വെബ് ലിങ്കുകളെ അനുകരിച്ച് ലിങ്കുകൾ ഉണ്ടാക്കി അവരുടെ ഫോണുകളിലേയ്ക്ക് കടത്തിവിടുകയാണ് പെഗാസസ് ചെയ്യുന്നത്. ഈ ലിങ്ക് ഉപയോഗിക്കുമ്പോൾ തന്നെ ഫോണിൽ സ്പൈവെയർ കടന്നിരിക്കും. പിന്നീട് വ്യക്തിഗതമായവ അടക്കം എല്ലാ വിവരങ്ങളും പെഗാസസ് നിരീക്ഷിച്ച് ആവശ്യം പോലെ ചാരന്മാർക്ക് നൽകിക്കൊണ്ടിരിക്കും.
രണ്ടു വർഷം മുമ്പ് ആപ്പിൾ എൻഎസ്ഒ-യുടെ ചാരപ്പണി അതിജീവിക്കാൻ ഫോണുകളിൽ സോഫ്റ്റ് വെയർ ലോഡ് ചെയ്തു. പക്ഷേ ഇപ്പോൾ അതൊന്നും ഫലപ്രദമല്ലെന്ന സ്ഥിതിയാണ്. കഴിഞ്ഞ രണ്ടു വർഷം കൊണ്ട് എൻഎസ്ഒ ഉപയോഗിക്കുന്ന സെർവറുകളുടെ എണ്ണം മൂന്നിരട്ടി ആയി എന്നതുതന്നെ ചാരപ്രവർത്തനം എത്രത്തോളം വ്യാപിച്ചുവെന്നതിനു തെളിവാണ്.
എന്തൊക്കെ വിവരങ്ങളാണ് ചോർത്തുന്നു എന്നു കാണിക്കാൻ സിറ്റിസൺ ലാബ് ചിത്രങ്ങളും പുറത്തുവിട്ടിട്ടുണ്ട്.

എൻഎസ്ഒ എന്തു പറയുന്നു

തീവ്രവാദികളെ കണ്ടുപിടിക്കാനും ഭീകരവാദം നിയന്ത്രിക്കാനും സർക്കാരുകളെ തങ്ങൾ സഹായിക്കുന്നുവെന്നാണ് എൻഎസ്ഒയുടെ ന്യായം. തങ്ങൾ ചില രാജ്യങ്ങളിൽ ഈ സോഫ് റ്റ് വെയർ അയയ്ക്കുന്നില്ലെന്നും അതിലൊന്ന് അമേരിക്കയാണെന്നും സിറ്റിസൺ ലാബിനു നൽകിയ വിശദീകരണത്തിൽ എൻഎസ്ഒ അവകാശപ്പെടുന്നു. പക്ഷേ പെഗാസസ് അമേരിക്കയിലെത്തിയത് എങ്ങനെയെന്ന് വിശദീകരണമില്ല. തങ്ങൾ ലോകത്തെ സുരക്ഷിതമാക്കാൻ യത്നിക്കുകയാണ് എന്നാണ് പെഗാസസ് അവകാശപ്പെടുന്നത്.

മെക്സിക്കോയും ഗൾഫ് രാജ്യങ്ങളും സൂക്ഷ്മ നിരീക്ഷണത്തിൽ

യുഎഇ, സൌദി, ബഹ് റൈൻ എന്നീ രാജ്യങ്ങൾക്കുവേണ്ടി ഓരോ ഓപ്പറേറ്റർ പ്രവർത്തിക്കുന്നുണ്ട്. മെക്സിക്കോയിലെ നിരീക്ഷണത്തെക്കുറിച്ച് 2016-ൽ വാർത്ത വന്നപ്പോൾ അന്വേഷണം ഏർപ്പെടുത്തി. അത് ഇപ്പോഴും നടക്കുന്നതേയുള്ളു. യുഎഇ-യിലെ മനുഷ്യാവകാശ പ്രവർത്തകനായ അഹമ്മദ് മൻസൂർ, ആംനസ്റ്റി ഇൻറർനാഷണലിൻറെ സൌദിയിലെ പ്രവർത്തകൻ എന്നിവരുടെ ഫോണുകളിൽ പെഗാസസിനെ കണ്ടെത്തിയിട്ടുണ്ട്.
ഇസ്രയേലിൻറെ സഖ്യരാഷ്ട്രങ്ങളിൽ പലതിലും പെഗാസസിനെ കണ്ടെത്തിയിട്ടുണ്ടെന്നതാണ് കൌതുകകരമായിട്ടുള്ളത്. ഇതിൽ ആഫ്രിക്കൻ രാജ്യമായ ടോഗോയിൽ ഭരണാധികാരികളാണ് ഇത് ഉപയോഗിക്കുന്നത്.

മാധ്യമപ്രവർത്തകരും ഇരകൾ

മെക്സിക്കോയിൽ ഒരു സംഭ്രമജനകമായ വാർത്ത അന്വേഷിക്കുകയായിരുന്ന സെബാസ്റ്റ്യൻ ബരാഗൻ എന്ന മാധ്യമപ്രവർത്തകൻറെ ഫോൺ പെഗാസസിലൂടെ ചോർത്തിയെന്ന് ഒക്ടബോർ രണ്ടിനു പുറത്തിറങ്ങിയ കൊളംബിയ ജേണലിസം റിവ്യൂ വെളിപ്പെടുത്തി.
സെബാസ്റ്റ്യനെപ്പോലെ ആറു മാധ്യമപ്രവർത്തകരെങ്കിലും പെഗാസസിൻറെ ഇരകളാണെന്ന് സിജെആർ പറയുന്നു. ഇവരെല്ലാം ഓരോ വാർത്തയുടെ പുറകെ അന്വേഷണമായി നടക്കുന്നവരാണ്. ഇവരുടെയെല്ലാം ഫോണിൽ അവർ പ്രവർത്തിക്കുന്ന മേഖലയുമായി ബന്ധപ്പെട്ട ഒരു ലിങ്ക് ചേർത്ത് ടെക്സ്റ്റ് മെസേജ് അയച്ച് കുടുക്കുകയാണ് പെഗാസസ് ചെയ്തത്.
മാധ്യമപ്രവർത്തകരുടെ ഫോൺ ചോർത്തുന്നത് പ്രധാനമായും അവർക്ക് വാർത്തയും വിവരങ്ങളും നൽകുന്ന ഉറവിടങ്ങളെ കണ്ടുപിടിക്കാനാണെന്ന് വ്യക്തമായിട്ടുണ്ട്.

സിറ്റിസൺ ലാബ് ശക്തമായി രംഗത്ത്

പെഗാസസിനെ പിന്തുടർന്ന് പിടികൂടാൻ സിറ്റിസൺ ലാബ് 2016ൽ ശക്തമായി രംഗത്തുവന്നു. അഹമ്മദ് മൻസൂറിൻറെ ഫോണിൽനിന്ന് കണ്ടെത്തിയ ലിങ്ക് ആപ്പിളിനു നൽകിയപ്പോഴായിരുന്നു ആപ്പിൾ പുതിയ സോഫ്റ്റ് വെയർ ഉപയോഗിച്ച് അതിനെ അതിജീവിച്ചത്. സിറ്റിസൺ ലാബ് എത്തുന്നതിനു രണ്ടു ദിവസം മുമ്പുതന്നെ അതു മനസിലാക്കി എൻഎസ്ഒ അതിൻറെ സെർവറുകൾ അടച്ചുപൂട്ടുകയും പിന്നീട് പുനരുജ്ജീവിപ്പിക്കുകയുമാണ് ചെയ്യുന്നത്. തങ്ങളുടെ ഗവേഷണഫലങ്ങൾ ക്രോഡീകരിച്ച് സിറ്റിസൺ ലാബ് അഥീന എന്ന സോഫ്റ്റ് വെയറിനു രൂപം നൽകി.

സിറ്റിസൺ ലാബിനു പിന്നിൽ

കാനഡ ആസ്ഥാനമായ സിറ്റിസൺ ലാബിൻറെ ഈ പദ്ധതിക്കുപിന്നിലും ശക്തമായ കരങ്ങളാണുള്ളത്. യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയ (ബെർക്ക് ലി), മാക്ആർതർ ഫൌണ്ടേഷൻ, ഓക് ഫൌണ്ടേഷൻ, ഓപ്പൺ സൊസൈറ്റി ഫൌണ്ടേഷൻ, ഫോർഡ് ഫൌണ്ടേഷൻ തുടങ്ങി നിരവധി സ്ഥാപനങ്ങൾ ഇതിൽ പെടുന്നു.

എന്താണ് എൻഎസ്ഒ

ദുരൂഹമാണ് എൻഎസ്ഒയുടെ പ്രവർത്തനങ്ങൾ. 2014-ൽ ഫ്രാൻസിസ്കോ പാർട് ണേഴ്സ് എന്ന അമേരിക്കൻ സ്ഥാപനം വൻ തുക നൽകി ഇതിനെ ഏറ്റെടുത്തു. ബഹുരാഷ്ട്ര കമ്പനികളായ ഗോൾഡ് മാൻ സാക് സ്, ബ്ലാക് സ്റ്റോൺ ഗ്രൂപ്പ് എന്നിവ ഫ്രാൻസിസ് കോയിൽ നിക്ഷേപിച്ചിട്ടുണ്ട്. പോരേ കൌതുകം.

കടപ്പാട്

രാധാകൃഷ്ണൻ
Special correspondent at Aeromag Asia