മുട്ടിലിഴയുന്ന പഴം വിഴുങ്ങി പത്രക്കാരെ നിങ്ങൾക്ക് ഹാ കഷ്ടം!

സർക്കാർ സഹായത്തോടെ ഭരണ കക്ഷിയായ സി പി എം സംസ്ഥാനത്തെ 10 മാധ്യമ പ്രവർത്തകരുടെ ടെലിഫോൺ ചോർത്തി വിവരങ്ങൾ ശേഖരിച്ചു എന്ന വാർത്ത ഞെട്ടിക്കുന്നതാണ്. ഫാസിസ്റ്റ് സർക്കാരുകൾ ചെയ്യുന്ന പണി സംസ്ഥാനം ഭരിക്കുന്ന പാർടി ചെയ്തിട്ട് ഉണ്ണാക്കന്മാരായ പ്രതിപക്ഷവും , എഴുത്തുകാരും മാധ്യമ പ്രവർത്തകരും മിണ്ടാതിരിക്കയാണ്. അടിയന്തരാവസ്ഥയുടെ തനിയാവർത്തനം –
പൗരന്റ സ്വകാര്യതയിലേക്ക് നുഴഞ്ഞു കേറാൻ ഭരിക്കുന്ന പാർടിക്കും, സർക്കാരിനും എന്തവകാശം?
വരിയുടച്ച ഷണ്ഡന്മാരുടെ സംഘടനയായ കേരള പത്രപ്രവർത്തക യൂണിയൻ ഈ സംഭവത്തെ കുറിച്ച് കമാ എന്നൊരക്ഷരം മിണ്ടിയിട്ടില്ല.
എങ്ങനെ മിണ്ടും? ഈ ഊണിയൻ സർക്കാർ വിലാസം സെറ്റപ്പാണെന്ന് മാലോകർക്കറിയാം. അവർ മിണ്ടുല – കസവ് കെട്ടിയ പേടിത്തൊണ്ടന്മാർ.

സി പി എം വാർത്തകൾ നോക്കുന്ന 10 മാധ്യമ പ്രവർത്തകരുടെ ഫോൺ രേഖകളാണ് അവരറിയാതെ സി പി എം ശേഖരിച്ച തെന്ന് മാതൃഭൂമി ചാനൽ റിപ്പോർട്ടു ചെയ്തിട്ടുണ്ട്. ആർ. ശ്രീജിത്താണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
സി പി എം വാർത്തകൾ റിപ്പോർട്ടു ചെയ്യുന്നതിലെ ശ്രീജിത്തിന്റെ കൃത്യതയും വിശ്വാസ്യതയും ആർക്കും ചോദ്യം ചെയ്യാനാവില്ല.
വാർത്തയുടെ പൂർണ രൂപം …. **

മാധ്യമ പ്രവര്‍ത്തകരോട് സംസാരിച്ചതിന്റെ പേരിലുള്ള നടപടി അവസാനിപ്പിക്കാന്‍ സിപിഎം *

തിരുവനന്തപുരം: “സംസ്ഥാന സമ്മേളനത്തിനിടെ മാധ്യമ പ്രവര്‍ത്തകരോട് സംസാരിച്ചതിന്റെ പേരില്‍ നേതാക്കളോട് വിശദീകരണം തേടിയ നടപടി അവസാനിപ്പിക്കാന്‍ സിപിഎം തീരുമാനം. മാധ്യമ പ്രവര്‍ത്തകരോട് മിണ്ടരുതെന്ന താക്കീതോടെയാണ് നടപടി വേണ്ടെന്നു വച്ചത്.

മാധ്യമ പ്രവര്‍ത്തകരുടെ ഫോണുകളില്‍ നിന്നുള്ള കോള്‍ ലിസ്റ്റ് എടുത്തശേഷം തുടക്കമിട്ട നടപടികളാണ് അവസാനിപ്പിക്കുന്നത്. തൃശ്ശൂരില്‍ നടന്ന സംസ്ഥാനസമ്മേളനത്തിലെ പ്രവര്‍ത്ത നറിപ്പോര്‍ട്ടും വാര്‍ത്തകളും ചോര്‍ന്നതിനെപ്പറ്റിയുള്ള അന്വേഷണത്തിന്റെ ഭാഗമായാണ് സിപിഎം മാധ്യമപ്രവര്‍ത്തകരുടെ ഫോണ്‍ വിവരങ്ങള്‍ ശേഖരിച്ചത്.

സിപിഎം വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന പത്ത് മാധ്യമ പ്രവര്‍ത്തകരുടെ വിവരങ്ങളാണ് ശേഖരിച്ചത്. തുടര്‍ന്ന് മാധ്യമപ്രവര്‍ത്തകരുമായി സംസാരിച്ച അഞ്ച് നേതാക്കളോട് വിശദീകരണം തേടി. സിപിഎം സംസ്ഥാനസമിതിയംഗം എംഎംലോറന്‍സ്, രാജു എബ്രഹാം എംഎല്‍എ, കൊല്ലം ജില്ലാക്കമ്മിറ്റിയംഗം ഡോ. പി.കെ. ഗോപന്‍, പത്തനംതിട്ട ജില്ലയിലെ ഒരു ഏരിയാ സെക്രട്ടറി തുടങ്ങിയവരോടാണ് വിശദീകരണം ആരാഞ്ഞത്.

നേതാക്കളുടെ മറുപടി സംസ്ഥാന സെക്രട്ടേറിയേറ്റ് പരിശോധിച്ചു. തെറ്റ് ആവര്‍ത്തിക്കരുതെന്ന താക്കീത് നല്‍കി നടപടി അവസാനിപ്പിക്കാനായിരുന്നു സെക്രട്ടേറിയേറ്റ് നിര്‍ദേശം. സംസ്ഥാനസമിതിയും ഇതംഗീകരിച്ചു. പറയുന്ന ചെറിയ വിവരങ്ങള്‍ വച്ചാണ് മാധ്യമങ്ങള്‍ വാര്‍ത്ത തയ്യാറാക്കുന്നതെന്നും ഇക്കാര്യത്തില്‍ ജാഗ്രത വേണമെന്നുമാണ് സംസ്ഥാന സമിതിയുടെ നിര്‍ദേശം. “***

പോലീസിന്റെ സഹായത്തോടെ സി പി എം പത്രക്കാരുടെ ഫോൺ ചോർത്തി എന്ന കാര്യം പകൽ പോലെ വ്യക്തം. മാധ്യമ പ്രവർത്തകരുടെ കോൾ ലിസ്റ്റ് അവരുടെ അനുമതി ഇല്ലാതെ ശേഖരിക്കാൻ ആര് അനുവാദം കൊടുത്തു? സി പി എം നാട്ടുകാരുടെ മുഴുവൻ ഫോൺ ചോർത്തുന്നു എന്നല്ലേ ഇതിനർത്ഥം –
വ്യക്തി സ്വാതന്ത്ര്യത്തെക്കുറിച്ച് വായ്ത്താരി മുഴക്കുന്ന മാന്യന്മാർ മാളത്തിൽ ഒളിച്ചിട്ടില്ലെങ്കിൽ പുറത്തു വരാം.

റോയ് മാത്യു