ദിലീപ് വിഷയത്തില്‍ നടിമാര്‍ വീണ്ടും അമ്മയ്ക്ക് കത്തയച്ചു

കൊച്ചി: താരസംഘടനയായ അമ്മയിലേക്ക് ദിലീപിനെ തിരിച്ചെടുത്ത സംഭവത്തില്‍ നടിമാര്‍ സംഘടനയ്ക്ക് വീണ്ടും കത്തയച്ചു. നേരത്തെ അയച്ച കത്തിന് മറുപടി കിട്ടിയില്ലെന്ന് രേവതി പറഞ്ഞു. വിഷയം ചര്‍ച്ച ചെയ്യുമെന്ന മോഹന്‍ലാലിന്റെ നിലപാട് സ്വാഗതാര്‍ഹം. എത്രയും വേഗം മറുപടി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും രേവതി പറഞ്ഞു.

നടിയെ ആക്രമിച്ച കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചിട്ട് ഒരു വര്‍ഷം പിന്നിട്ടിട്ടും ഇതുവരെ ജാാമ്യത്തിലിറങ്ങിയ ദിലീപിനെതിരെ മറ്റ് നടപടികള്‍ ഒന്നും ഉണ്ടായിട്ടില്ല. പ്രൊഫസര്‍ ഡിങ്കന്‍ അടക്കമുള്ള പുതിയ ചിത്രങ്ങളുടെ തിരക്കിലാണ് നടന്‍. നടിമാര്‍ക്ക് അമ്മ കൊടുത്ത ഉറപ്പുകളെല്ലാം മറന്ന മട്ടാണ്. ഈ അവസരത്തില്‍ ഇന്ന് ചേരുന്ന യോഗത്തില്‍ ദിലീപ് വിഷയവുമായി ബന്ധപ്പെട്ട് പല പൊട്ടിത്തെറികള്‍ക്കും സാധ്യത കാണുന്നുണ്ട്.

വിഷയത്തിലെ നിര്‍മാതാക്കളില്‍ ചിലരുടെ നിലപാടും ഇന്ന് ചര്‍ച്ചയ്‌ക്കെത്തുമെന്നാണ് വിവരം. പ്രളയദുരിതത്തില്‍പ്പെട്ട സംസ്ഥാനത്തിന്റെ പുനര്‍ നിര്‍മാണത്തിന് ഫണ്ട് കണ്ടെത്തുന്നതിനായി സ്റ്റേജ് ഷോ സംഘടിപ്പിക്കുന്നത് സംബന്ധിച്ചും ഇന്നത്തെ യോഗം തീരുമാനമെടുക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ