സോഷ്യല്‍ മീഡിയ ഏറ്റെടുത്ത നോവല്‍ പാമ്പ് വേലായ്തന്‍ പുസ്തകമാകുന്നു ;പ്രകാശനം ഞായറാഴ്ച

തോമസ് കെയാല്‍ എന്ന തൃശൂരുകാരന്‍ തന്റെ പ്രവാസ ജീവിതത്തിന്റെ ഇടവേളകളില്‍ എഴുതിത്തുടങ്ങി മുഖപുസ്തകത്തില്‍ പ്രസിദ്ധീകരിച്ച നോവല്‍ “പാമ്പ് വേലായ്തന്‍” പുസ്തകമാകുന്നു.ഒക്ടോബര്‍ ഏഴിന് വൈകിട്ട് നാലുമണിക്ക് തൃശൂര്‍ സാഹിത്യ അക്കാദമി വൈലോപ്പിള്ളി ഹാളില്‍ നടക്കുന്ന പ്രകാശനച്ചടങ്ങില്‍ കഥാകൃത്ത് അശോകന്‍ ചരുവില്‍ സോക്രട്ടീസ് വാലത്തിന് നല്‍കി പ്രകാശനം നിര്‍വഹിക്കും .സി വി ജോസ് അധ്യക്ഷത വഹിക്കും .നോവല്‍ ഭാഷയും ആഖ്യാനവും എന്ന വിഷയത്തില്‍ രാഘുനാഥന്‍ പറളി മുഖ്യ പ്രഭാഷണം നടത്തും . ജസീല നാലകത്ത് (പെന്‍ഡുലം ബുക്‌സ്)സ്വാഗതം ആശംസിക്കും ,അനില്‍ പെണ്ണുക്കര , ഷെരീഫ് ചുങ്കത്തറ, വി എസ് ജോഷി, സുമേഷ് സുകുമാരന്‍ തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിക്കും .മറുമൊഴി തോമസ് കെയാല്‍ .

തൃശൂരും ചാലക്കുടിയും അവകാശപ്പെടാത്ത ‘വരന്തരപ്പിള്ളി’യുടെ ഗ്രാമീണ ഭാഷയില്‍ മാത്രം സംസാരിക്കുകയും ജീവിക്കുകയും ചെയ്യുന്ന വേലായ്തനൊപ്പം സഞ്ചരിക്കുമ്പോള്‍ ഒരു സംസ്ക്കാരം കൂടിയാണ് വായനക്കാരന് പരിചിതമാകുന്നത്. പൂര്‍ണ്ണമായും സ്മാര്‍ട്ട് ഫോണില്‍ എഴുതിയ രചനയാണ് പാമ്പ് വേലായ്തന്‍ . അവസാന 2 അദ്ധ്യായമൊഴികെ എല്ലാം മുഖപുസ്തകത്തില്‍ ആഴ്ചതോറും പ്രസിദ്ധീകരിച്ചിരുന്നു. പ്രശസ്ത ചിത്രകാരനായ ജഗ്ദീഷ് നാരായണന്‍ നോവലിന് വേണ്ടി വരച്ച ചിത്രങ്ങള്‍ ഇതിനോടകം തന്നെ ശ്രദ്ധ നേടിയിരുന്നു. നോവല്‍ പുസ്തകമാകുമ്പോള്‍ ജഗദീഷിന്റെ വരയും താളുകളില്‍ ഉണ്ട്. പുസ്തകത്തിന് കവര്‍ ചെയ്തതും ജഗ്ദീഷ് നാരായണന്‍ തന്നെ.

ഒരു ചാരായഷാപ്പിലെ അന്തേവാസിയില്‍ നിന്നും 22 അദ്ധ്യായങ്ങളിലൂടെ പാമ്പ് എന്ന ഒരു നാട്ടിന്‍പുറ ഹീറോയായി വേലായ്‌തേട്ടന്‍ വളര്‍ന്നു. എഫ്.ബിയില്‍ നാലാം അധ്യായം പോസ്റ്റ് ചെയ്തതോടെ വേലായ്തനെ അച്ചടി അക്ഷരങ്ങളില്‍ എടുക്കാന്‍ പ്രസാധകരും എത്തി. അവരുടെ ആവശ്യപ്രകാരം അവസാന അദ്ധ്യായം എഫ്ബിയില്‍ പോസ്റ്റ് ചെയ്തിരുന്നില്ല. പെന്‍ഡുലം ബുക്‌സാണ് പ്രസാധകര്‍.തൃശൂര്‍ വരന്തരപ്പിള്ളിയില്‍ കാളാംപറമ്പില്‍ ലോനപ്പന്‍ റോസി ദമ്പതികളുടെ മകനായി 1961 മെയ് 14ന് ജനിച്ച കെ.എല്‍.തോമസ് എന്ന തോമസ് കെയല്‍ പത്തുവര്‍ഷമായി ഖത്തറില്‍ BHGE Oil& Gas കമ്പനിയില്‍ സൂപ്പര്‍വൈസറാണ്. ഇതിനുമുന്‍പ് സൗദി അറേബ്യയില്‍ Westing House ലും Siemens ലുമായി പതിമൂന്നര വര്‍ഷക്കാലം ജോലി ചെയ്തു. ഭാര്യ സജി സ്കൂള്‍ ടീച്ചര്‍. മക്കള്‍: മനു (BHGE യില്‍ പ്ലാനിങ് എഞ്ചിനീയര്‍), സസ്‌ന സജി തോമസ് (Pharm D വിദ്യാര്‍ത്ഥിനി)

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ