മീ ടൂ വിവാദം: കേന്ദ്രമന്ത്രി എം ജെ അക്ബര്‍ രാജിവെച്ചു

ന്യൂഡല്‍ഹി: ലൈംഗികാരോപണത്തില്‍ കുടുങ്ങിയ കേന്ദ്രവിദേശകാര്യ സഹമന്ത്രി എം.ജെ അക്ബര്‍ രാജിവെച്ചു. മീ ടൂ ക്യാമ്പയിന്റെ ഭാഗമായി പതിനൊന്ന് വനിതാ മാധ്യമപ്രവര്‍ത്തകരാണ് അക്ബറിനെതിരെ ലൈംഗിക പീഡന ആരോപണവുമായി രംഗത്തെത്തിയിരുന്നത്.

അക്ബറിനെ മന്ത്രിസ്ഥാനത്ത് നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസും സിപിഐഎമ്മും ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തിയിരുന്നു. കേന്ദ്ര മന്ത്രി സഭയിലെ അംഗങ്ങളില്‍ പലരും വെളിപ്പെടുത്തല്‍ നടത്തിയ സ്ത്രീകള്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.

ടെലഗ്രാഫ്, ഏഷ്യൻ എയ്‌ജ് തുടങ്ങിയ പത്രങ്ങളുടെ മുൻ എഡിറ്റർ ആയ എം.ജെ. അക്‌ബറിനെതിരെ പ്രമുഖ മാധ്യമ പ്രവർത്തക പ്രിയാരമണിയാണ് ആദ്യം ആരോപണമുന്നയിച്ചത്. പിന്നാലെ നിരവധി വനിതകൾ ലൈംഗിക അതിക്രമ കഥകൾ ട്വിറ്ററിൽ പോസ്‌റ്റു ചെയ്‌തു. പത്രത്തിൽ ജോലിക്കായി വർഷങ്ങൾക്കു മുമ്പ് മുംബയിലെ ഹോട്ടലിൽ അഭിമുഖത്തിനായി വിളിപ്പിച്ച എഡിറ്റർ മോശമായി പെരുമാറിയെന്ന് 2017 ഒക്‌ടോബറിൽ പ്രസിദ്ധീകരിച്ച ‘എന്റെ പുരുഷ മേധാവികൾ’ എന്ന ലേഖനത്തിൽ പ്രിയാരമണി വിവരിച്ചിരുന്നു. അത് അക്‌ബർ ആയിരുന്നുവെന്ന് കഴിഞ്ഞ ദിവസമാണ് അവർ വെളിപ്പെടുത്തിയത്.

പിന്നാലെ നിരവധി വനിതാ ജർണലിസ്‌‌റ്റുകൾ സമാനമായ ആരോപണങ്ങളുമായി രംഗത്തെത്തി. 1995ൽ കൊൽക്കത്തയിലെ ഒരു ഹോട്ടലിൽ അടുത്തിടപഴകാൻ ശ്രമിച്ചെന്നും ജോലി വേണ്ടെന്നു വച്ചെന്നും മറ്റൊരു മാധ്യമ പ്രവർത്തക തുറന്നടിച്ചു. മദ്യക്കുപ്പിയുമായി വീട്ടിലേക്ക് വരട്ടെ എന്ന് ചോദിച്ചെന്ന് മറ്റൊരാൾ പറഞ്ഞു. ഫോണിലും നേരിട്ടും ലൈംഗിക ചുവയോടെ സംസാരിച്ച കഥകളും ചിലർ വിവരിച്ചു. മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായി തിളങ്ങി നിന്ന അക്‌ബർ കോൺഗ്രസിലൂടെയാണ് രാഷ്‌ട്രീയ പ്രവേശം നടത്തിയത്. 1989-1991കാലത്ത് ബീഹാറിലെ കിഷൻഗഞ്ച് ലോക്‌സഭാംഗം. 2014 മാർച്ചിൽ ബി.ജെ.പിയിൽ ചേർന്ന് പാർട്ടി വക്താവായി. 2015ൽ രാജ്യസഭാംഗം. 2016 ജൂലായ് മുതൽ വിദേശകാര്യസഹമന്ത്രിയാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ