നിലയ്ക്കലില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ അക്രമം; വനിതാ മാധ്യമ പ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനം; വാഹനങ്ങള്‍ തല്ലിതകര്‍ത്തു

പമ്പ: ശബരിമലയിലെ സ്ത്രീപ്രവേശനത്തിനെതിരെ നടക്കുന്ന സമരത്തിനിടെ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ വ്യാപക അക്രമം. വനിതാ മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവരെ കയ്യേറ്റം ചെയ്തു. മാതൃഭൂമി, മനോരമ, ഏഷ്യാനെറ്റ്, കൈരളി, റിപബ്ലിക്, ന്യൂസ് 18 തുടങ്ങിയ ചാനലുകളുടെ വാഹനങ്ങള്‍ അടിച്ചുതകര്‍ത്തു. റിപബ്ലിക് ടിവിയുടെ റിപ്പോര്‍ട്ടര്‍ പൂജ പ്രസന്നയും ന്യൂസ് 18 റിപ്പോര്‍ട്ടര്‍ രാധികയും സഞ്ചരിച്ച വാഹനങ്ങള്‍ അക്രമികള്‍ അടിച്ചുതകര്‍ത്തു. റിപ്പോര്‍ട്ടര്‍ ചാനലിന്റെ വാര്‍ത്താസംഘം സഞ്ചരിച്ച വാഹനത്തിന് നേരെയും ആക്രമണമുണ്ടായി. ദ ന്യൂസ് മിനുട്ടിന്റെ റിപ്പോര്‍ട്ടര്‍ സരിത ബാലനെ അക്രമികള്‍ കയ്യേറ്റം ചെയ്തു.

നൂറിലധികം വരുന്ന ആള്‍ക്കൂട്ടമാണ് ആക്രമണം നടത്തിയത്. വാഹനങ്ങളില്‍ സ്ത്രീകള്‍ ഉണ്ടെന്ന് കണ്ടാല്‍ അക്രമാസക്തരാകുന്ന സമരക്കാര്‍ അപ്പോള്‍ തന്നെ വാഹനം തല്ലിതകര്‍ക്കുകയാണ് ചെയ്യുന്നത്. ബസ്സുകള്‍ക്ക് നേരെയും ആക്രമണം തുടരുകയാണ്.

അതേസമയം, നിലയ്ക്കലില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ശക്തമായി പ്രതിഷേധിച്ചു. വനിതാ മാധ്യമപ്രവര്‍ത്തകരെ വാഹനത്തില്‍നിന്ന് ഇറക്കിവിടുകയും അസഭ്യം പറയുകയും വാഹനം തകര്‍ക്കുകയും ചെയ്ത നടപടി കിരാതമാണ്. സംഭവത്തില്‍ പൊലീസ് ശക്തമായി ഇടപെടണം.മാധ്യമപ്രവര്‍ത്തകര്‍ക്ക് ആവശ്യമായ സംരക്ഷണം ഉറപ്പ് വരുത്തണമെന്നും യുണിയന്‍ സംസ്ഥാന പ്രസിഡന്റ് കമാല്‍ വരദൂര്‍, ജനറല്‍ സെക്രട്ടറി സി നാരായണന്‍ എന്നിവര്‍ ആവശ്യപ്പെട്ടു.

അതേസമയം, നാലു മണിക്കൂറോളം നിലക്കലില്‍ തമ്പടിച്ച് അക്രമ പ്രവര്‍ത്തനം നടത്തിയ പ്രതിഷേധക്കാരെ കാര്യങ്ങള്‍ കൈവിട്ടുപോകുമെന്ന നിലയിലെത്തിയപ്പോള്‍ പൊലീസ് ഒടുവില്‍ കൈകാര്യം ചെയ്യുകയായിരുന്നു. സമീപത്തെ പ്ലാന്റേഷനിലേക്ക് ചിതറി ഓടിയ പ്രവര്‍ത്തകരെ പൊലീസ് പിന്തുടര്‍ന്ന് വിരട്ടി ഓടിച്ചു. പിരിഞ്ഞു പോയ പ്രതിഷേധക്കാര്‍ പലയിടത്തും കൂട്ടം കൂടി പൊലീസിനു നേരെ കല്ലെറിഞ്ഞു. നിലക്കലിലെ സമര പന്തല്‍ പൊലീസിന്റെ നിയന്ത്രണത്തിലായിട്ടുണ്ട്.

രാവിലെ മുതല്‍ നിലക്കലിലെ സമര പന്തലില്‍ തടിച്ചുകൂടിയ പ്രതിഷേധക്കാര്‍ ശബരിമല ദര്‍ശനത്തിനെത്തിയ വനിതകളെ തടയുകയും കൈയേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. എട്ട് മാധ്യമപ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. സമരത്തിന്റെ മറവില്‍ പ്രതിഷേധകര്‍ അഴിഞ്ഞാടുകയായിരുന്നു. നിലക്കല്‍ മണിക്കൂറുകളോളം പ്രതിഷേധക്കാരുടെ പൂര്‍ണ നിയന്ത്രണത്തിലായിരുന്നു. ആദ്യ ഘട്ടത്തില്‍ പൊലീസ് കാര്യമായി ഇടപെട്ടിരുന്നില്ല. എന്നാല്‍ ഉച്ച കഴിഞ്ഞതോടെയാണ് പൊലീസ് നടപടി തുടങ്ങിയത്. സ്ഥലത്ത് ഇപ്പോഴും സംഘര്‍ഷാവസ്ഥ തുടരുകയാണ്.

പമ്പയില്‍ രാവിലെ 10 മണിയോടെ തന്ത്രി, പന്തളം രാജകുടുംബാംഗങ്ങളുടെ നേത്യത്യത്തില്‍ ആരംഭിച്ച പ്രാത്ഥനാ യജ്ഞത്തില്‍ പങ്കെടുത്തവരെ 12.30 ഓടെ പൊലീസ് അറസ്റ്റു ചെയ്തു നീക്കിയിരുന്നു. തന്ത്രി കുടുംബത്തില്‍ നിന്ന് എത്തിയ വൃദ്ധകളായ രണ്ട് അന്തര്‍ജനങ്ങളെ സഹിതമാണ് അറസ്റ്റു ചെയ്തത്. പമ്പയില്‍ പന്തളം രാജാവിനായി അനുവദിച്ചിട്ടുള്ള കെട്ടിടത്തിനു മുന്നിലാണ് ഇവര്‍ പ്രാര്‍ത്ഥനാ യജ്ഞം നടത്തിയത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ പ്രയാര്‍ ഗോപാലകൃഷ്ണന്‍, തന്ത്രി കുടുംബാംഗം രാഹുല്‍ ഈശ്വര്‍ എന്നിവരെയും അറസ്റ്റു ചെയ്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ