കാക്കിയിലൂടെ ഓസിൽ കാലപുരിയിലേക്ക്.

റോയ് മാത്യു

നെയ്യാറ്റിൻ കരയിൽ പോലീസ് കൊലപ്പെടുത്തിയ സനലിന്റെ ഭാര്യ വിജിക്ക് സർക്കാർ ജോലി നൽകാൻ ഡി ജി പി ലോകനാഥ് ബെഹ്റയുടെ ശുപാർശ. എത്ര മനോഹരമായ പോലീസ് ആചാരങ്ങൾ. നിരപരാധികളെ അടിച്ചു കൊല്ലുക, എന്നിട്ട് സർക്കാർ വക നഷ്ടപരിഹാരവും വിധവയ്ക്ക് സർക്കാർ ജോലിയും- തൊഴിലില്ലായ്മ പരിഹരിക്കുന്നതോടൊപ്പം ലിംഗ നീതിയും ഈ സർക്കാർ തികഞ്ഞ കൃത്യതയോടെ നടപ്പാക്കുന്നു. ഇതാണല്ലോ നവകേരള നിർമ്മാണം.
ഭർത്താക്കന്മാരെ പോലീസിനെ കൊണ്ട് അടിച്ചു കൊന്നിട്ട് ഭാര്യന്മാർക്ക് ജോലി കൊടുക്കാമെന്ന നവോത്ഥാന സിദ്ധാന്തം നടപ്പാക്കുന്ന ലോകത്തെ ഏക സർക്കാരെന്ന പദവിയും കേരള സർക്കാരിന് ലഭിക്കും. ഐക്യ രാഷ്ട്ര സഭ ഈ പദവിയിലേക്ക് ഉടനെ നമ്മുടെ സർക്കാരിനെ പരിഗണിക്കുമെന്നാണ് അറിയുന്നത്. ജനാധിപത്യ ലോകത്തിന് തന്നെ മാതൃകയായ “വീട്ടിലൊരു വിധവ – വിധവയ്ക്കൊരു ജോലി ” പദ്ധതിയിൽ ലേശം പോലും വെള്ളം ചേർക്കാതെ മാതൃകാ പരമായി നടപ്പാക്കാൻ കേരള പോലീസിന് കഴിഞ്ഞിട്ടുണ്ട്. പരിഷ്കൃതരാജ്യങ്ങളിലെ പോലീസിന് , വിശിഷ്യാ ന്യൂയോർക്ക് പോലീസ്, സ്കോട്ലണ്ട് യാർഡ് പോലീസ് എന്നിവർക്കൊന്നും നാളിതുവരെ നടപ്പാക്കാൻ കഴിയാത്ത പദ്ധതിയാണ് ഈ കൊച്ചു കേരളത്തിലെ പോലീസ് സേന നിശബ്ദമായി നടപ്പാക്കുന്നത്. നെയ്യാറ്റിൻകരയിൽഭക്ഷണം കഴിച്ചു കൊണ്ടിരുന്ന 30 കാരനായ സനൽ എന്ന യുവാവിനെ ഓടുന്ന കാറിന് മുന്നിലേക്ക് പുഷ്പം പോലെ എടുത്തെറിഞ്ഞ Dyspഏമാനെ അഭിനന്ദിക്കാതെ വയ്യ. നവകേരള നിർമ്മിതിയിൽ വിനായകൻ, ശ്രീജിത്ത്, കെവിൻ, ജോൺസൺ ഇങ്ങനെ കുറെ യുവാക്കളെ ഫ്രീ വിസ കൊടുത്ത് കാലപുരിക്ക് അയക്കാൻ സാധിച്ചത് നവകേരള നിർമ്മിതിയിലെ പൊൻ തൂവലുകളാണ്. ഒപ്പം ലിംഗ നീതി നടപ്പാക്കുന്ന കാര്യത്തിൽ നമ്മൾ ഒരു വീട്ടുവീഴ്ചയും കാണിച്ചിട്ടില്ല. ഫ്രീ വിസ വാങ്ങി പരലോകത്തേക്ക് പോയവരുടെ വിധവമാരെ സർക്കാർ ഫുള്ളായി ഏറ്റെടുത്ത് ജോലി കൊടുത്തു. സ്റ്റാലിനോ, പോൾ പോർട്ടിനോ, കിം യോങ് ഉന്നിനോ പോലും കഴിയാത്ത ബ്രഹ്ത്ത് പദ്ധതിയാണ് കഴിഞ്ഞ രണ്ട് രണ്ടര വർഷം കൊണ്ട് നമ്മുടെ ഇടതു പക്ഷ സർക്കാർ നടപ്പാക്കിയത്.
1976 ൽ ഒരേ ഒരു രാജന്റെ അച്ഛനെ നിത്യ വേദനയിലാക്കാൻ കഴിഞ്ഞ നമ്മുടെ പോലീസിന് ഇന്നിപ്പോൾ ഓരോ ദിവസവും ഓരോ കുടുംബത്തെ നിത്യതയിലേക്ക് പായിക്കാൻ കഴിയുന്നത് വലിയ നേട്ടമായി കണക്കാക്കണം. ഒരു പാട് പരിമിതികൾക്കിടയിലും പരിഭവങ്ങളില്ലാതെ കാക്കിക്കള്ളിലെ മാലാഖമാർ നമ്മുടെ വിധവമാരെ സംരക്ഷിക്കുകയും അവർക്ക് ജോലി സുരക്ഷ ഉറപ്പാക്കുകയും ചെയ്യുന്നു. ആണധികാരത്തെ തുടച്ചു നീക്കി സ്ത്രീ സുരക്ഷ ഉറപ്പാക്കുന്ന സുന്ദര സ്വപ്ന പദ്ധതി. ഇതാണ് ഗാന്ധിജി സ്വപ്നം കണ്ട സ്വരാജ്.
ഭരണ ഘടന ഉറപ്പു നൽക്കുന്ന തുല്യനീതി പൗരന് ലോക്കപ്പിലൂടെ കലർപ്പില്ലാതെ നൽക്കാൻ കഴിയുന്നത് നമ്മൾ പിന്തുടരുന്ന നവോത്ഥാന മൂല്യങ്ങളുടെ വിജയം കൂടിയാണ്. ലോക്കപ്പ് മർദ്ദനവും കൊലയും പാടില്ല എന്ന ആചാരമാണ് നമ്മുടെ പോലീസ് തകർത്തെറിഞ്ഞത്. അതേ, ആചാരങ്ങൾ ലംഘിക്കാനുള്ളതാണെന്ന നമ്മുടെ മുഖ്യമന്ത്രിയുടെ വാക്കുകളെ അക്ഷരം പ്രതി അനുസരിച്ച് യുവാക്കളെ പോത്തിന്റെ പുറത്ത് കേറ്റി യമപുരിയിലേക്ക് വിടുന്ന ആചാരങ്ങളെ അവശേഷിക്കുന്ന രണ്ട് വർഷം കൂടി നിലനിർത്താൻ നമ്മുടെ പോലീസിന് കഴിയണം. ജനമൈത്രി പോലീസ് എന്ന ദുഷിച്ചആചാരത്തെ തുടച്ചു നീക്കി “കാക്കിയിലൂടെ കാലപുരി വാസം ” എന്ന മഹത്തായ ആചാരം നടപ്പാക്കാനുള്ള ഔന്നത്യം നമ്മുടെ പോലീസിനുണ്ടാവട്ടെ – അത്തരം ആചാരങ്ങൾ ലംഘിക്കപ്പെടാതെ നടപ്പാക്കുമ്പോഴാണ് നമ്മുടെ ഭരണഘടനയും സോഷ്യലിസ്റ്റ് മൂല്യങ്ങളും പാവനമായിത്തീരുന്നത്.

പോലീസ് ആചാരങ്ങളെക്കുറിച്ച് പൊൻകുന്നം വർക്കി എഴുതിയ ‘ രഘുപതി രാഘവ രാജാറാം … ” എന്ന കഥ നമുക്ക് മുട്ടിപ്പായി വായിക്കാം – വർക്കി സാറ് എഴുതിയത് ഇങ്ങനെ –
”അന്യരുടെ ഭയത്തിലായിരുന്നു അദ്ദേഹത്തിന്റെ വിജയം.എന്നാൽ ശരീരം പേടിച്ചോടുമ്പോൾ പോലും ചില മനസുകൾ തിരിഞ്ഞു നിന്നെതിർക്കാറുണ്ട്. ഇത്തരം ഒരു എതിർപ്പുകാരനാണ് സൈദ് . ഇൻസ്പെക്ടർക്ക് ആ ചെറുപ്പക്കാരനെ ഒട്ടും തന്നെ ഇഷ്ടപ്പെടുന്നില്ല.
“എന്നെ കണ്ടാൽ അവനൊന്ന് എഴുന്നേറ്റാലെന്ത്? എന്ന് അദ്ദേഹം ചോദിക്കാറുണ്ട്. ഒരു തൊഴിലാളിക്ക് അതിന്റെ ആവശ്യമില്ലെന്നാണ് സൈദിന്റെ വാദം. ഒരു മാടത്തിന്റെ അരികിൽ ചെറിയ ഒരു ബെഞ്ചുമായി ഇരുന്ന് അയാൾ ബീഡി തെറുക്കുന്നു. സൈദിന്റെ ധിക്കാരം കണ്ട് കണ്ട് ഇൻസ്പെക്ടർ മടുത്തു. ഒരിക്കൽ ഇൻസ്പെക്ടർ സൈദിനെ അടുക്കലുള്ള സ്റ്റേഷനിലേക്ക് വിളിപ്പിച്ചു.
‘എടാ, നിന്റെ പേരെന്ത് ? അദ്ദേഹം ചോദിച്ചു.
സൈദ്
“സൈദ്, കാച്ചില് ! നീ ഇവിടുത്തെ കോയാപ്പുള്ളിയാ അല്ലേ?”
എനിക്കറിഞ്ഞുകൂടാ
“ഫാ – മിണ്ടാതെ ടാ, ആ ബെഞ്ചെടുത്ത് മാടത്തിന്റെ പുറകിലിട്ടിരുന്ന് ബീഡി തെറുത്തു കൊള്ളണം , കേട്ടോ? ”
ഇപ്പോൾ ഇരിക്കുന്നിടത്താ എനിക്ക് കുടുതൽ സൗകര്യം
ഫാ, പു …. മോനെ, ആരായിരുന്നെടാ ഇന്നലെ അവിടിരുന്ന് തെറി പറഞ്ഞത്?”
ഞാൻ ബീഡി തെറുക്കുകയായിരുന്നു.
ആ മറുപടിയിൽ അനാദരവു ണ്ടായിരുന്നു. ഇൻസ്പെക്ടർക്കു കൈ തരിച്ചു. “ഠിൻ , ഠിൻ ” – രണ്ടെണ്ണം അദ്ദേഹം ഇട്ടു കൊടുത്തു. ഒരു ബീഡി തെറുപ്പു കാരന്റെ ധിക്കാരം എത്ര നാളാണ് ഒരു ഇൻസ്പെക്ടർ സഹിക്കുക “

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ