സനല്‍ വധം ക്രൈംബ്രാഞ്ച് ഐജി നേരിട്ട് അന്വേഷിക്കും; അന്വേഷണ ചുമതല ഐജി എസ്.ശ്രീജിത്തിന്

തിരുവനന്തപുരം: സനല്‍ വധം ക്രൈംബ്രാഞ്ച് ഐജി നേരിട്ട് അന്വേഷിക്കും.ഐജി എസ്.ശ്രീജിത്തിനാണ് അന്വേഷണ ചുമതല. ഐജി തലത്തിലുള്ള അന്വേഷണം സനലിന്റെ കുടുംബം ആവശ്യപ്പെട്ടിരുന്നു.

അതിനിടെ പ്രതി ഡിവൈഎസ്പി ഹരികുമാറിനെ രക്ഷപ്പെടാന്‍ സഹായിച്ചയാള്‍ പിടിയിലായി. തൃപ്പരപ്പിലെ ലോഡ്ജ് മാനേജര്‍ സതീഷാണ് ക്രൈംബ്രാഞ്ചിന്റെ പിടിയിലായത്. സംഭവശേഷം ഡിവൈഎസ്പി ഈ ലോഡ്ജില്‍ എത്തിയിരുന്നു. ഡിവൈഎസ്പിക്ക് സതീഷ് രണ്ട് സിം കാര്‍ഡുകള്‍ കൈമാറിയിരുന്നു.എന്നാല്‍7ാം തീയതിക്ക് ശേഷം ഈ സിം കാര്‍ഡുകള്‍ പ്രവര്‍ത്തിക്കുന്നില്ല. ക്രൈംബ്രാഞ്ച് ഓഫീസില്‍ നടത്തിയചോദ്യം ചെയ്യലിന് ശേഷമാണ്സതീഷിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.

സംഭവം നടന്ന് ഏഴ് ദിവസമായിട്ടും പ്രതിയായ ബി.ഹരികുമാറിനെ പിടികൂടാന്‍ കഴിയാത്തതില്‍ പ്രതിഷേധമുയരുന്ന സാഹചര്യത്തിലാണ് പുതിയൊരു അറസ്റ്റ്. ഇതിനിടെസനല്‍ കുമാറിന്റെ മരണം അപകടമരണമാക്കാന്‍ പൊലീസ് ശ്രമിക്കുന്നുവെന്ന് ഭാര്യ വിജി ആരോപിച്ചു.അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് സനലിന്റെ കുടുംബം നിവേദനം നല്‍കിയിരുന്നു.സനല്‍ ആക്രമിക്കപ്പെട്ട സ്ഥലത്ത് മക്കളോടൊപ്പം മരണം വരെ സമരം ചെയ്യുമെന്നും സനലിന്റെ ഭാര്യ വിജി നേരത്തേ പറഞ്ഞിരുന്നു.

സനല്‍ കുമാര്‍ വധകേസില്‍ പ്രതിയായ ഡിവൈഎസ്പിയെ ഉടന്‍ പിടികൂടുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞിരുന്നു. എത്ര ഉന്നതനായാലും കൊലയാളി കൊലയാളി തന്നെ. ഒരു ദിവസം വൈകിയാണെങ്കിലും ഡിവൈഎസ്പിയെ പിടികൂടുമെന്നും മന്ത്രി പറഞ്ഞു. അതിനിടെ ഡിവൈഎസ്പിയെ സംരക്ഷിക്കുന്നത് സിപിഐഎം ജില്ലാ നേതൃത്വമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ