നെയ്യാറ്റിന്‍കര കൊലക്കേസ് പ്രതി ഡിവൈഎസ്പി ഹരികുമാര്‍ തമിഴ്‌നാട്ടില്‍ തന്നെ; പിടികൊടുക്കാതിരിക്കാന്‍ ഇടയ്ക്കിടെ ഒളിത്താവളം മാറിക്കൊണ്ടിരിക്കുന്നു

തിരുവനന്തപുരം: നെയ്യാറ്റിന്‍കര സ്വദേശിയായ സുനിലിനെ കാറിന് മുന്നില്‍ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ഡിവൈഎസ്പി ഹരികുമാറിനെ ഇതുവരെ പിടികൂടാന്‍ അന്വേഷണ സംഘത്തിന് സാധിച്ചിട്ടില്ല. കൊലപാതകം നടന്ന് ഒരാഴ്ചയാകുമ്പോഴും പൊലീസിനെ വെട്ടിച്ച് പലയിടത്തായി ഒളിച്ച് കഴിയുകയാണ് ഡിവൈഎസ്പി ഹരികുമാര്‍.

പൊലീസിലെ ഉന്നതര്‍ തന്നെ ഹരികുമാറിനെ സംരക്ഷിക്കുകയാണ് എന്ന് ആക്ഷേപം നിലനില്‍ക്കുന്നുണ്ട്. അതിനിടെ സനലിന്റെ മരണം ഐജി ശ്രീജിത്ത് അന്വേഷിക്കാന്‍ തീരുമാനമായിട്ടുണ്ട്. ഹരികുമാറിനെ സഹായിച്ച സുഹൃത്തിനെ പൊലീസ് പിടികൂടിയിട്ടുണ്ട്.

പോലീസിന്റെ കണ്ണ് വെട്ടിക്കാന്‍ ഡിവൈഎസ്പി ഹരികുമാര്‍ ഇടയ്ക്കിടെ താവളം മാറിക്കൊണ്ടിരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇയാള്‍ മൂന്നാറില്‍ ഒളിച്ച് കഴിയുകയാണ് എന്നും അതല്ല തിരുവനന്തപുരത്ത് ഉണ്ടെന്നും വാര്‍ത്തകള്‍ പരന്നിരുന്നു. എന്നാല്‍ ഹരികുമാര്‍ തമിഴ്‌നാട്ടിലാണുളളത് എന്നാണ് പൊലീസ് ഇപ്പോള്‍ സ്ഥിരീകരിച്ചിരിക്കുന്നത്.

തമിഴ്‌നാട്ടില്‍ ഒരു സ്ഥലത്ത് തന്നെ നില്‍ക്കാതെ, പിടിയിലാകാതിരിക്കാന്‍ നിരന്തരമായി ഒളിത്താവളങ്ങള്‍ മാറിക്കൊണ്ടിരിക്കുകയാണ്. ഹരികുമാര്‍ സ്വയം കീഴടങ്ങുകയാണ് എങ്കില്‍ അത് നാണക്കേടാവും എന്ന് പൊലീസ് കരുതുന്നു. അതുകൊണ്ട് തന്നെ ഇയാളെ പിടികൂടാനുളള ശ്രമങ്ങള്‍ തകൃതിയായി നടക്കുന്നുണ്ട്.

ഹരികുമാര്‍ മിക്ക സമയങ്ങളിലും കാറിലാണ് യാത്ര. ഇയാളുടെ പക്കല്‍ ഒന്നില്‍ കൂടുതല്‍ മൊബൈല്‍ ഫോണുകളുണ്ട്. ഇവ ഇടയ്ക്കിടെ ഓണാക്കാറുണ്ടെന്നും പൊലീസ് കണ്ടെത്തി. ഹരികുമാറിനെ തമിഴ്‌നാട്ടിലേക്ക് കടക്കാന്‍ സഹായിച്ച ആളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. തൃപ്പരപ്പിലെ ടൂറിസ്റ്റ് ഹോം ഉടമ സതീഷ് കുമാറാണ് അറസ്റ്റിലായിരിക്കുന്നത്.

സുനിലിന്റെ കൊലപാതകത്തിന് ശേഷം ഹരികുമാര്‍ സുഹൃത്തായ ബിനുവിനൊപ്പം സതീഷിന്റെ പക്കലാണ് എത്തിയത്. സതീഷ് ഇവര്‍ക്ക് രണ്ട് സിംകാര്‍ഡുകള്‍ കൈമാറി. മാത്രമല്ല തമിഴ്‌നാട്ടിലേക്ക് രക്ഷപ്പെടാന്‍ ഡ്രൈവറേയും നല്‍കി. രക്ഷപ്പെടും മുന്‍പ് ഹരികുമാര്‍ പൊലീസ് അസോസിയേഷന്‍ ജില്ലാ നേതാവുമായി ബന്ധപ്പെട്ടിരുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്.

മാറി നില്‍ക്കുകയാണ് റൂറല്‍ എസ്പി അശോക് കുമാറിനേയും ഹരികുമാര്‍ അറിയിച്ചിരുന്നു. ശേഷമാണ് ഫോണ്‍ ഓഫ് ചെയ്ത് തമിഴ്‌നാട്ടിലേക്ക് കടന്നത്. സനല്‍ കൊലക്കേസ് നേരിട്ടന്വേഷിക്കാന്‍ ഐജി ശ്രീജിത്തിനെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. ഐജി തലത്തിലുളള അന്വേഷണം സനലിന്റെ കുടുംബം നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇത് പ്രകാരമാണ് ശ്രീജിത്തിന് അന്വേഷണ ചുമതല നല്‍കിയത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ