ജനാര്‍ദന റെഡ്ഡിയെ ചോദ്യം ചെയ്തത് പുലര്‍ച്ചെ വരെ; ചോദ്യംചെയ്യലിന് ശേഷം റെഡ്ഡി ഉറങ്ങിയത് കാത്തിരിപ്പ് മുറിയില്‍ത്തന്നെ; അറസ്റ്റ് രേഖപ്പെടുത്തി

ബംഗളൂരു: മണിചെയിന്‍ കമ്പനി കോടികളുടെ തട്ടിപ്പ് നടത്തിയെന്ന കേസില്‍ മുന്‍ ബിജെപി മന്ത്രിയും ഖനി വ്യവസായിയുമായ ജനാര്‍ദന റെഡ്ഡി അറസ്റ്റില്‍ . 12 മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് ജനാര്‍ദ്ദന റെഡ്ഡിയുടെ അറസ്റ്റ് ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയത്. ആംബിഡന്റ് ഗ്രൂപ്പുമായി ബന്ധപ്പെട്ട കൈക്കൂലി കേസിലാണ് അറസ്റ്റ്.

റെഡ്ഡിയെ കേന്ദ്ര ക്രൈംബ്രാഞ്ച് ഓഫീസില്‍ ഇന്ന് പുലര്‍ച്ചെ രണ്ടര വരെ ചോദ്യം ചെയ്തതായാണ് സൂചന. ചോദ്യംചെയ്യലിനു ശേഷം കാത്തിരിപ്പു മുറിയില്‍ത്തന്നെയാണ് റെഡ്ഡി ഉറങ്ങിയതെന്നും റിപ്പോര്‍ട്ടുകളുണ്ട്. ചോദ്യം ചെയ്യലിനായി ശനിയാഴ്ചയാണ് ജനാര്‍ദന റെഡ്ഡി ക്രൈം ബ്രാഞ്ചിനു മുന്‍പില്‍ ഹാജരായത്.

നേരത്തെ, കേസ് രാഷ്ട്രീയ ഗൂഢാലോചനയാണെന്നുള്ള ആരോപണം തള്ളി ജനാര്‍ദന റെഡ്ഡി വീഡിയോ സന്ദേശം ഇറക്കിയിരുന്നു. താന്‍ ഒളിവിലല്ല. ഈ നഗരത്തില്‍ത്തന്നെയുണ്ട്. താന്‍ ഒരു കുറ്റവും ചെയ്തിട്ടില്ല. തന്റെ പേരിലുള്ള ആരോപണം തെളിയിക്കാനുള്ള ഒരു തെളിവുകളും പൊലീസിന്റെ പക്കലില്ല. എഫ്‌ഐആറില്‍ പോലും തന്റെ പേരില്ല. അവര്‍ മാധ്യമങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. ആളുകള്‍ക്കു സത്യം മനസ്സിലാക്കുന്നതിനു വേണ്ടിയാണ് ഈ വീഡിയോ. പൊലീസില്‍ തനിക്കു പൂര്‍ണ വിശ്വാസമുണ്ട്. ഒരു രാഷ്ട്രീയ സമ്മര്‍ദത്തിനും അവര്‍ വഴങ്ങില്ലെന്നു കരുതുന്നുവെന്നും ജനാര്‍ജന്‍ റെഡ്ഡി പറഞ്ഞു.

നിക്ഷേപത്തട്ടിപ്പ് കേസിൽനിന്ന് ആംബിഡന്റ് കമ്പനിയെ ഒഴിവാക്കാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ സ്വാധീനിക്കാൻ ജനാർദന റെഡ്ഡി 21 കോടി രൂപ കമ്പനിയുടമ സയിദ് അഹമ്മദ് ഫരീദിനോട് ആവശ്യപ്പെട്ടെന്നും ഇതിൽ രണ്ടുകോടി പണമായും 18 കോടി രൂപയുടെ 57 കിലോ സ്വർണം നൽകിയെന്നുമാണ് മൊഴി. എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥന് കൈക്കൂലിയായി ഒരു കോടി നൽകിയതിനും അന്വേഷണസംഘത്തിന് തെളിവ് ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ജനാർദനറെഡ്ഡിക്കെതിരെ അന്വേഷണം തുടങ്ങിയത്. നിക്ഷേപത്തട്ടിപ്പ് കേസിൽ കമ്പനിയുടമ സയിദ് അഹമ്മദ് ഫരീദിനെ ചോദ്യംചെയ്തപ്പോഴാണ് ജനാർദനറെഡ്ഡിയുടെ പങ്കിനെക്കുറിച്ച് വ്യക്തമാകുന്നത്.