അയോധ്യയില്‍ കനത്ത സുരക്ഷ

അയോധ്യ: അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണം ഉടന്‍ തുടങ്ങണമെന്ന ആവശ്യവുമായി വന്‍ സമ്മേളനത്തിനൊരുങ്ങി വിശ്വഹിന്ദു പരിഷത്ത്. രണ്ട് ലക്ഷത്തിലധികം പേര്‍ പങ്കെടുക്കുമെന്നാണ് വിഎച്ച്പി അവകാശവാദം ഉന്നയിച്ചിരിക്കുന്നത്. കനത്ത സുരക്ഷാവലയത്തിനകത്ത് മുള്‍മുനയില്‍ നില്‍ക്കുകയാണ് അയോധ്യ. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ഭരണകൂടം നിരോധനാജ്ഞ പ്രഖ്യാപിച്ചു. ആയിരത്തോളം പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്.

ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് രാമക്ഷേത്ര നിര്‍മ്മാണത്തിന് നിയമനിര്‍മ്മാണമോ ഓര്‍ഡിനന്‍സോ വേണമെന്നാണ് ആവശ്യം. സന്യാസിമാരും വിശ്വാസികളും പ്രവര്‍ത്തകരും ഉള്‍പ്പെടെ രണ്ടുലക്ഷത്തിലധികം പേരെ പങ്കെടുപ്പിക്കാനാണ് നീക്കം. 1992നു ശേഷം ഏറ്റവും അധികം ആളുകളെ രാമജന്മഭൂമിയില്‍ അണിനിരത്തുകയാണ് ലക്ഷ്യം.

രാമക്ഷേത്ര രാഷ്ട്രീയം ആളിക്കത്തിച്ചു ശിവസേന മേധാവി ഉദ്ധവ് താക്കറെയും അയോധ്യയിലുണ്ട്. ബിജെപി അധികാരത്തിലുണ്ടെങ്കിലും ഇല്ലെങ്കിലും രാമക്ഷേത്രം പണിയുമെന്ന് ഉദ്ധവ് താക്കറെ പറഞ്ഞു. ജനങ്ങളുടെ വികാരത്തെ വെച്ച് കളിക്കുന്നത് ബിജെപി നിര്‍ത്തണം. ബിജെപി ശക്തരാണ്, അവര്‍ക്ക് രാമക്ഷേത്രം നിര്‍മ്മാണം നടത്താന്‍ സാധിക്കുമെന്നും ഉദ്ധവ് താക്കറെ പറഞ്ഞു. എന്റെ അയോധ്യ സന്ദര്‍ശനത്തില്‍ രഹസ്യ അജണ്ടകളൊന്നും ഇല്ല. ജനങ്ങളുടെ വിശ്വാസം സംരക്ഷിക്കുന്നതിനായാണ് ഇവിടെ എത്തിയത്. തെരഞ്ഞെടുപ്പിന് മുമ്പ് രാഷ്ട്രീയ പാര്‍ട്ടികള്‍ രാമ മന്ത്രം ജപിക്കും. പിന്നീട് ഇതിനെക്കുറിച്ചൊന്നും പറയാതെ നിശബ്ദത പാലിക്കും ഉദ്ധവ് താക്കറെ കുറ്റപ്പെടുത്തി. രാമനിലും രാമക്ഷേത്ര നിര്‍മാണത്തിലും വിശ്വസിക്കുന്നുണ്ടെന്നാണ് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറയുന്നത്. എന്നാല്‍, അദ്ദേഹത്തിന്റെ ആഗ്രഹം യാഥാര്‍ഥ്യമാവുന്നില്ലെന്നതാണ് പ്രശ്‌നമെന്നും ഉദ്ധവ് താക്കറെ വ്യക്തമാക്കി.

രണ്ട് പ്രത്യേക ട്രെയിനുകളിലാണ് ശിവസേനാ പ്രവര്‍ത്തകര്‍ അയോധ്യയിലെത്തുന്നത്. വിഎച്ച്പിയും ശിവസേനയും വെവ്വേറെയാണ് റാലി നടത്തുന്നത്. നാലായിരത്തിലധികം ശിവസേന പ്രവര്‍ത്തകരാണ് ഇന്നലെയും ഇന്നുമായി നടക്കുന്ന ആശീര്‍വാദ് സമ്മേളനില്‍ പങ്കെടുക്കുന്നത്. രണ്ട് ദിവസത്തെ ‘ശക്തിപ്രകടന’ത്തില്‍ പങ്കെടുക്കാന്‍ 22 എംപിമാരെയും 62 എംഎല്‍എമാരെയും ശിവസേന പ്രതീക്ഷിക്കുന്നുണ്ട്. അതിനിടെ 80,000 പ്രവര്‍ത്തരെ ബസിലും 15000 പേരെ ട്രെയിന്‍ മാര്‍ഗവും 14000 പേരെ മോട്ടോര്‍സൈക്കിളിലും ആര്‍എസ്എസ് എത്തിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഉദ്ധവ് താക്കറെ സന്യാസിമാരുമായി ചര്‍ച്ചയും സരയൂ തീരത്ത് ആരതിയും നടത്തി. വിട്ടുകൊടുക്കാനില്ലെന്ന ശിവസേനയുടെ നിലപാടു വെട്ടിലാക്കുന്നതു ബിജെപിയാണ്. ഓര്‍ഡിനന്‍സ് ഇറക്കില്ലെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ വ്യക്തമാക്കിക്കഴിഞ്ഞു. അയോധ്യയെ എട്ടുമേഖലകളായി തിരിച്ചു ശക്തമായ സുരക്ഷാവിന്യാസമാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.

യുദ്ധ പ്രഖ്യാപനത്തിന് മുന്‍പുള്ള അന്തിമകാഹളമെന്നാണ് സരയൂ തീരത്തു നടക്കുന്ന സമ്മേളനത്തെ വിഎച്ച്പി വിശേഷിപ്പിക്കുന്നത്.

കലാപം ഭയന്ന് മുസ്‌ലിംകള്‍ അയോധ്യയില്‍ നിന്ന് മറ്റിടങ്ങളിലേക്ക് വീടുകള്‍ ഒഴിഞ്ഞുപോവുകയാണെന്ന് റിപ്പോര്‍ട്ടുണ്ട്. മിര്‍സാപൂരിലെയും കാണ്‍പൂരിലെയും ആളുകളാണ് കൂടുതലായും ഒഴിഞ്ഞുപോകുന്നത്. 1992ല്‍ ഇവിടങ്ങളിലെ മുഴുവന്‍ വീടുകളും അഗ്നിക്കിരയാക്കിയിരുന്നു.

ലോക്‌സഭാ തെരഞ്ഞെടുപ്പുവരെ അയോധ്യവിഷയം സജീവമാക്കി നിര്‍ത്താനാണു ശിവസേനയുടെയും സംഘപരിവാര്‍ സംഘടനകളുടെയും തീരുമാനം.