തീപ്പൊരി പ്രസംഗങ്ങൾ പ്രശ്നങ്ങൾക്ക് ഒരു പരിഹാരമല്ല സഖാവേ

ജോളി ജോളി

തള്ളിന്റെ കാര്യത്തിൽ പ്രധാനമന്തി നരേന്ദ്ര മോദിയോട് ജയിക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്
ഒരിക്കിലും കഴിയില്ല എന്ന് മനസിലാക്കി അദ്ദേഹം ആ ഉദ്യമത്തിൽ നിന്നും ഉപാധികളില്ലാതെ പിൻവാങ്ങുകയാണ് ഭക്തരുടെ കയ്യടികൾക്ക് ശമനം കിട്ടാനുള്ള ഏക വഴി.ഭക്തർക്ക് ആവേശം പകരാനായി ഇരുപത്തിനാല് മണിക്കൂറ് കൂടുമ്പോൾ പാർട്ടി സൂക്തങ്ങൾ ഉരുവിടുന്നതുപോലെ നവോദ്ധാനത്തിന്റെയും നവ കേരളത്തിന്റെയും കനപ്പെട്ട ഒന്ന് രണ്ട് കഷ്ണങ്ങളും ആക്രോശങ്ങളും കൈചൂണ്ടി അന്തരീക്ഷത്തിലേക്ക് വലിച്ചെറിഞ്ഞാൽ ഭക്തർ അത് ആവേശം ചോരാതെ പിടിച്ചെടുത്ത് കാവടിയാടുന്നത് കേരളം കണ്ടുമടുത്തു.

മോഡിയുടെ പതിനഞ്ചു ലക്ഷവും പിണറായി വിജയന്റെ ശബരിമല യുവതി പ്രവേശനവും നോക്കിയിരുന്ന് കണ്ണ് കഴച്ചു..മോഡിയുടെ അച്ഛാ ദിന്നും പിണറായിയുടെ നവകേരളവും തള്ള് മാത്രമാണെന്ന് തിരിച്ചറിയാൻ നമ്മൾ ഇനിയും നവോദ്ധാനപ്പെടെണ്ടതുണ്ട്..ഇല്ലാത്തവനെ കൂടുതൽ ഇല്ലായ്മയിലേക്ക് തള്ളിവിട്ട കേരളം കണ്ട ഏറ്റവും വലിയ പ്രളയം നമ്മെ കടന്ന് പോയിട്ട് ഇന്ന് നൂറ് ദിവസം തികയുന്നു.നാനൂറ്റി എൺപത്തി മൂന്ന് പേരുടെ ജീവൻ കവർന്ന മഹാ പ്രളയത്തെ തുടർന്ന് മുപ്പത്തി മൂവായിരം കോടി രൂപയുടെ നാശനഷ്ടങ്ങളും ഉണ്ടായതായി കണക്കാക്കപ്പെടുന്നു.

മരിച്ചവരിൽ അടച്ചിട്ട മുറിയിൽ പടിപടിയായി വെള്ളം കയറി മരണത്തെ മുന്നിൽ കണ്ട് മുങ്ങിമരിച്ചവർ ഉണ്ടായിരുന്നു എന്ന സത്യം വളരെ വേദനാജനകമായി തോന്നി.തനിക്ക് താനും പെരക്ക് തൂണും മാത്രമേ ഉണ്ടാകൂ എന്ന് സ്വയം തോന്നിയത് കൊണ്ടാകാം പ്രളയ ബാധിതർ തന്നാലാവും വിധം കരകയറാൻ ശ്രമിക്കുന്നത്.

വീര പരിവേഷം ലഷ്യമിട്ട് സർക്കാർ വിളിച്ചുകൂവിയ വാക്താനങ്ങളൊന്നും നടപ്പാക്കിയില്ല എന്നത് പകൽ പോലെ വ്യക്തമാണ്.ഇപ്പോഴും അടിസ്ഥാന ദുരിതാശ്വാസം പോലും കിട്ടാത്തവർ ഏറെ.പ്രളയത്തിന് ശേക്ഷം വന്ന ഫ്രാൻകോയും ശബരിമലയും നന്നായി വലിച്ചു നീട്ടാൻ സർക്കാരിന് കഴിഞ്ഞു.

ഇപ്പോൾ ശബരിമകൊണ്ട് മറച്ചു പിടിച്ചിരിക്കുന്നു പ്രളയത്തെ.
എത്ര കിട്ടി..
എത്ര കൊടുത്തു..
ആർക്കൊക്കെ കൊടുത്തു..
നവകേരളം എവിടംവരെയായി എന്നുള്ള ചോദ്യങ്ങൾ ഉയരും മുൻപ് തന്നെ കൃത്യമായി ഒരു കേന്ദ്ര മന്ത്രിയുടെ ശബരിമല സന്നർശനമോ അല്ലങ്കിൽ ഒരു നേതാവിന്റെ അറസ്റ്റോ അല്ലങ്കിൽ ഒരു സർക്കാർ ഭക്തന്റെ വീട് കത്തിക്കലോ യഥാവിധി സംഭവിക്കും….

മഹാ പ്രളയം അതിൽ മുങ്ങിപോകും…

എത്രനാൾ ഇങ്ങനെ മുക്കിക്കിടത്തും..

സ്വാമി സന്ദീപാനന്ദ ഗിരിയുടെ ആശ്രമമെന്ന ഹോം സ്റ്റേയും വണ്ടികളും കത്തിച്ചിട്ട് ഇന്നേക്ക് ഒരു മാസം തികയുന്നു.തീ അണയുന്നതിന് മുൻപ് തന്നെ മുഖ്യമന്ത്രി അവിടെ ഓടിയെത്തി.മുഖ്യമന്ത്രിയുടെ ഡ്രൈവർ അൽപ്പം കൂടി സ്പീഡിൽ ഓടിച്ചിരുന്നെങ്കിൽ തീ പിടിക്കുന്നതിന് മുൻപ് തന്നെ മുഖ്യമന്ത്രിക്ക് അവിടെ എത്താമായിരുന്നു എന്ന് ഞാൻ അന്ന് ചൂണ്ടിക്കാട്ടിയിരുന്നു.

നടുക്കവും ദുഃഖവും രോക്ഷവും രേഖപ്പെടുത്തിയ മുഖ്യൻ ഇരുപത്തിനാലു മണിക്കൂറിനുള്ളിൽ കുറ്റവാളികളെ പിടികൂടി ദണ്ഡനത്തിന് വിധിക്കും എന്നും പ്രഖ്യാപിച്ചായിരുന്നു.ഞാനും നടുക്കം രേഖപ്പെടുത്തുകയും മുഖ്യന്റെ വാക്കുകൾക്ക് വർധിത വീര്യത്തോടെ കയ്യടിക്കുകയും ചെയ്തു എന്നത് ഈ അവസരത്തിൽ സ്മരിക്കുന്നു.ഇതുവരെ ഇരുപത്തി നാല് മണിക്കൂറായില്ല..

സ്വാമിക്കും പരാതിയില്ല…

പ്രശ്നങ്ങളും വിവാദങ്ങളും ഇനിയും ഉണ്ടാകും….

ചിലതെല്ലാം മറച്ചുപിടിക്കാൻ വിവാദങ്ങൾ ഉണ്ടായേ മതിയാകൂ…

ശബരിമല പ്രശ്നം ഒരു പ്രശ്നമല്ലാത്ത ഈ മുടിഞ്ഞ പ്രശ്നം എങ്ങനെങ്കിലും കഴിഞ്ഞു കിട്ടിയാൽ മതിയെന്ന് കരുതുന്ന ലക്ഷോപലക്ഷം പ്രളയ ബാധിതരും അല്ലാത്തവരുമായ സാധാരണക്കാർ തകർന്ന അവസ്ഥയിൽ സർക്കാരിനെ നോക്കി നിൽപ്പുണ്ട് എന്ന് സർക്കാർ മനസിലാക്കണം..

തീപ്പൊരി പ്രസംഗങ്ങൾ അവരുടെ പ്രശ്നങ്ങൾക്ക് ഒരു പരിഹാരമല്ല സഖാവേ

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ