ശബരിമല വിഷയം: ബിജെപി സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം; പൊലീസ് ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ചു

തിരുവനന്തപുരം: ശബരിമല വിഷയത്തിന്റെ പേരില്‍ സമരം നടത്തുന്ന ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍.രാധാകൃഷ്ണന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ബിജെപി സംസ്ഥാനത്തുടനീളം നടത്തിയ പ്രതിഷേധ മാര്‍ച്ചുകളില്‍ സംഘര്‍ഷം. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിലേക്ക് നടന്ന മാര്‍ച്ചിനിടെ സംഘര്‍ഷമുണ്ടായതോടെ പൊലീസ് ലാത്തിവീശി. പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ചു. പ്രവര്‍ത്തകരില്‍ ചിലര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

സ്ത്രീകളെ മുന്നില്‍ നിര്‍ത്തി പൊലീസിനെ പിന്തിരിപ്പിക്കാനാണ് സെക്രട്ടറിയേറ്റ് പടിക്കല്‍ ശ്രമമുണ്ടായത്. ഇതിനിടെ പൊലീസിനെ പരമാവധി പ്രകോപിപ്പിക്കാനും ശ്രമമുണ്ടായി. കസേരകളും കുപ്പികളും പ്രതിഷേധക്കാര്‍ പോലീസിന് നേരെ വലിച്ചെറിഞ്ഞു. സംഘര്‍ഷത്തില്‍ ചില പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. എ.എന്‍.രാധാകൃഷ്ണന്റെ സമരപന്തല്‍ കേന്ദ്രീകരിച്ചായിരുന്നു ബിജെപിയുടെ പ്രതിഷേധം.

കൊച്ചിയിലും കോട്ടയത്തും നടന്ന പ്രതിഷേധ പ്രകടനങ്ങളിലും സംഘര്‍ഷമുണ്ടായി. കൊച്ചിയില്‍ കണയന്നൂര്‍ താലൂക്ക് ഓഫീസിലേക്ക് നടന്ന മാര്‍ച്ചിനിടെയാണ് സംഘര്‍ഷമുണ്ടായത്. പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. കോട്ടയം കളക്‌ട്രേറ്റിന് മുന്നില്‍ കുത്തിയിരുന്ന പ്രവര്‍ത്തകരെയും പോലീസ് അറസ്റ്റ് ചെയ്തു നീക്കി.

തിരുവനന്തപുരത്ത് എ.എന്‍.രാധാകൃഷ്ണന്റെ നിരാഹാര സമരം എട്ടാം ദിവസത്തിലേക്ക് കടന്നതോടെയാണ് ബിജെപി ശബരിമല വിഷയത്തില്‍ പ്രതിഷേധം ശക്തമാക്കുന്നത്. ഇന്ന് സംസ്ഥാനത്തെ മുഴുവന്‍ ജില്ലാ ആസ്ഥാനങ്ങളിലേക്കും ബിജെപി പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചിരുന്നു.