അഡ്‌ലെയ്ഡ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ഉജ്വല വിജയം; ഓസീസ് മണ്ണില്‍ ടെസ്റ്റ് മത്സരം ജയിക്കുന്നത് പത്ത് വര്‍ഷത്തിന് ശേഷം

അഡ്‌ലെയ്ഡ്: ബൗളര്‍മാര്‍ അവസരത്തിനൊത്ത് ഉയര്‍ന്നപ്പോള്‍ ഓസ്‌ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റില്‍ ഇന്ത്യക്ക് വിജയം. അഡ്‌ലെയ്ഡില്‍ നടന്ന ടെസ്റ്റില്‍ 31 റണ്‍സിനായിരുന്നു ഇന്ത്യയുടെ വിജയം. സ്‌കോര്‍: ഇന്ത്യ 250 & 307, ഓസ്‌ട്രേലിയ 235 & 291. ഓസീസ് വാലറ്റത്തിന്റെ ചെറുത്ത് നില്‍പ് തടഞ്ഞ ഇന്ത്യന്‍ ബൗളര്‍മാരുടെ പ്രകടനമാണ് വിജയത്തിന് അടിത്തറ പാകിയത്. മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, അശ്വിന്‍ എന്നിവര്‍ മൂന്നും അശ്വിന്‍ ഇശാന്ത് ശര്‍മ ഒരു വിക്കറ്റും വീഴ്ത്തി.  60 റണ്‍സ് നേടിയ ഷോണ്‍ മാര്‍ഷാണ് ഓസീസിന്റെ ടോപ് സ്‌കോറര്‍. ക്യാപ്റ്റന്‍ ടിം പെയ്ന്‍ 41 റണ്‍സെടുത്തു. ഇതോടെ നാല് ടെസ്റ്റുകളുള്ള പരമ്പരയില്‍ ഇന്ത്യ 1-0ന് മുന്നിലെത്തി. രണ്ടാം ടെസ്റ്റ് 14ന് പെര്‍ത്തില്‍ ആരംഭിക്കും. ഒരുപക്ഷെ, ഓസീസ് വാലറ്റം കാണിച്ച പക്വത മുന്‍നിര കാണിച്ചിരുന്നെങ്കില്‍ ഫലം മറ്റൊന്നായേനെ.

ഓസീസ് മുന്‍നിര ബാറ്റ്‌സ്മാന്മാരുടെ പരാജയമാണ് വിജയസാധ്യതയുണ്ടായിരുന്ന ടെസ്റ്റില്‍ അവരെ തോല്‍പ്പിച്ചത്. വാലറ്റത്ത് ടിം പെയ്ന്‍ (41), പാറ്റ് കമ്മിന്‍സും (28) മിച്ചല്‍ സ്റ്റാര്‍ക്കും (28) പുറത്തെടുത്ത പ്രകടനം ഇന്ത്യയെ അല്‍പമെങ്കിലും ഭീതിയിലാഴ്ത്തിയിരുന്നു. എന്നാല്‍ ബുംറയും ഷമിയും മൂവരേയും മടക്കിയയച്ചത് വിജയത്തിലേക്കുള്ള വഴി എളുപ്പമാക്കി. ഇന്ന് ആദ്യ സെഷനില്‍ തന്നെ ഓസീസിന് രണ്ട് വിക്കറ്റുകള്‍ നഷ്ടമായി. നാലിന് 104 എന്ന നിലയില്‍ നിന്നാണ് ഓസീസ് അഞ്ചാം ദിനം ആരംഭിച്ചത്. എന്നാല്‍ 11 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ ട്രാവിസ് ഹെഡിനെ നഷ്ടമായി. ഇശാന്ത് ശര്‍മയുടെ പന്തില്‍ അജിന്‍ക്യ രഹാനെയ്ക്ക് ക്യാച്ച് നല്‍കി മടങ്ങുകയായിരുന്നു ഹെഡ്. പിന്നാലെ ഒത്തുച്ചേര്‍ന്ന് ഷോണ്‍ മാര്‍ഷും ക്യാപ്റ്റന്‍ ടിം പെയ്‌നും ഓസീസിന് നേരിയ പ്രതീക്ഷ നല്‍കി. ഇരുവരും 41 റണ്‍സാണ് കൂട്ടിച്ചേര്‍ത്ത്. മാര്‍ഷിനെ പുറത്താക്കി ബുംറ ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്‍കി. ബുംറ പന്തില്‍ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്ത് ക്യാച്ചെടുത്താണ് മാര്‍ഷ് പുറത്തായത്. പെയ്ന്‍ ഇതുവരെ നാല് ഫോറുകള്‍ സ്വന്തമാക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ